പ്രണയിനിക്കൊപ്പം സ്റ്റൈലിഷ് ബുള്ളറ്റിൽ ഒരു റൈഡ്. അതിൻ്റെ വൈബ് വേറെയാണെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. ഹൈവേയിലൂടെ റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളിൽ ചീറിപായുന്ന ദമ്പതികളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഇതൊരു സാധാരണ വീഡിയോ അല്ലേ എന്ന് കരുതാൻ വരട്ടെ. വൃദ്ധദമ്പതികളാണ് ഫുൾ വൈബിൽ ബുള്ളറ്റിൽ പോകുന്നത്.
ഓടുന്ന കാറിൽ നിന്നും ഒരു യാത്രക്കാരൻ എടുത്ത വീഡിയോയാണ് വൈറലായിരിക്കുന്നത്. ഇയാൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ, ദമ്പതികൾ റോഡിലൂടെ ബുള്ളറ്റിൽ കുതിക്കുന്നതായി കാണം. എഞ്ചിന്റെ ആഴത്തിലുള്ള ത്രോട്ടിൽ ശബ്ദത്തോടെയാണ് വൃദ്ധൻ മോട്ടോർ സൈക്കിൾ ഓടിക്കുന്നത്. പിന്നിൽ വശങ്ങളിലായി ഇരിക്കുന്ന ഭാര്യ, സ്റ്റൈലിഷായി തോളിൽ പിടിച്ചു നിൽക്കുന്നതും കാണാം. മഞ്ഞയും കറുപ്പും നിറങ്ങളിലുള്ള ബുള്ളറ്റിൽ ടൈറ്റാനിക് എന്നും കുറിച്ചിട്ടുണ്ട്.
വീഡിയോ പകർത്തിയ സ്ത്രീ കാറിൽ നിന്ന് "അത്ഭുതം!" എന്ന് വിളിച്ചുപറയുന്നതായി വീഡിയോയിൽ കാണാം. ഇതിന് ഒരു മറുപടി പുഞ്ചിരിയും വൃദ്ധൻ നൽകുന്നുണ്ട്. "ഈ വൃദ്ധ ദമ്പതികൾ അവരുടെ മനോഹരമായ വിന്റേജ് റോയൽ എൻഫീൽഡിൽ യാത്ര ചെയ്യുന്നത് കണ്ടു! അമ്മാവന്റെ പുഞ്ചിരിയും തികച്ചും വിലമതിക്കാനാവാത്തതാണ്"- ഇൻസ്റ്റഗ്രാമിലെ അടിക്കുറിപ്പിൽ പറയുന്നു. വീഡിയോ ഓൺലൈനിൽ വൈറലാകാൻ അധിക സമയമെടുത്തില്ല.
ഇത് ടൈറ്റാനിക്കിലെ ജാക്കും റോസുമാണെന്നാണ് ഒരു എന്ന് ഒരു ഉപയോക്താവ് കമന്റ് ചെയ്തിരിക്കുന്നത്. പാരലൽ വേൾഡിലെ ഡേസി ജാക്കും റോസുമാണെന്ന് മറ്റൊരു കമൻ്റ്. ഒരിക്കലും മുങ്ങാത്ത ടൈറ്റാനിക്, അവർ ഏറ്റവും മികച്ച ജീവിതം നയിക്കുന്നു... ഇങ്ങനെ നീളുന്നു കമൻ്റുകൾ.