പ്രണയത്തിന് പ്രായമില്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ. തൻ്റെ പ്രിയതമയ്ക്ക് കമ്മലുകൾ സമ്മാനമായി നൽകാനായി കഠിനമായ ഒരു ചലഞ്ച് ഏറ്റെടുത്ത് വിജയിപ്പിച്ചിരിക്കുകയാണ് കോഴിക്കോട് സ്വദേശി. മുപ്പത് പുഷ്-അപ്പുകൾ എടുത്താൽ തന്റെ ഭാര്യയ്ക്ക് ഇഷ്ടമുള്ള കമ്മലുകൾ സമ്മാനമായി ലഭിക്കുമെന്ന കടയുടമയുടെ ചലഞ്ചാണ് ഇദ്ദേഹം ഏറ്റെടുത്തത്.
'തിയറി തേർട്ടീൻ' എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ വീഡിയോ പുറംലോകമറിഞ്ഞത്. ഒരു സ്റ്റാളിന് മുന്നിൽ "30 പുഷ്-അപ്പുകൾ എടുക്കൂ, നിങ്ങളുടെ പ്രിയപ്പെട്ടവൾക്ക് ഒരു ജോഡി കമ്മൽ നേടൂ" എന്ന് എഴുതിയ ബോർഡ് കണ്ടാണ് ഇദ്ദേഹം മുന്നോട്ട് വന്നത്. പ്രായത്തിന്റെ അവശതകളൊന്നും കാര്യമാക്കാതെ നിലത്തു കിടന്ന് പുഷ്-അപ്പുകൾ എടുക്കാൻ ആരംഭിച്ചു.
ഭർത്താവിൻ്റെ പ്രയത്നം അഭിമാനത്തോടെ നോക്കി നിൽക്കുന്ന ഭാര്യയെയും വീഡിയോയിൽ കാണാം. ഓരോ പുഷ്-അപ്പും പൂർത്തിയാക്കുമ്പോൾ ചുറ്റും കൂടിനിന്നവർ ആവേശത്തോടെ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിൽ കാണാം. ഒടുവിൽ ലക്ഷ്യം പൂർത്തിയാക്കി എഴുന്നേറ്റപ്പോൾ വലിയ കരഘോഷത്തോടെ ജനക്കൂട്ടം വരവേറ്റു. പിന്നാലെ തൻ്റെ ഭാര്യയുടെ കൈപിടിച്ച് സ്റ്റാളിലേക്ക് നടക്കുന്നതും സന്തോഷത്തോടെ ഇഷ്ടപ്പെട്ട കമ്മലുകൾ തെരഞ്ഞെടുക്കുന്നതും വീഡിയോയിൽ കാണാം.
വീഡിയോ വൈറലായതോടെ നിരവധി പേരാണ് ഈ പ്രണയജോഡകളെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്. "യഥാർഥ സ്നേഹം ഇതാണ്", "ഇന്ന് ഇന്റർനെറ്റിൽ കണ്ട ഏറ്റവും മനോഹരമായ കാഴ്ച", "പ്രണയത്തിലുള്ള എന്റെ പ്രതീക്ഷകൾ ഈ വീഡിയോ വർദ്ധിപ്പിക്കുന്നു" എന്നിങ്ങനെ പോകുന്നു കമന്റുകൾ.