റൊണാള്‍ഡോയ്ക്കായി മദീരയില്‍ ഡ്രോണ്‍ ഷോ? വൈറലായ വീഡിയോയുടെ സത്യം ഇതാണ്

റൊണാള്‍ഡോയുടെ ജന്മനാടായ മദീരയില്‍ അദ്ദേഹത്തിനായി ഡ്രോണ്‍ ലൈറ്റുകളുടെ ഷോ ഒരുക്കി എന്ന തരത്തിലായിരുന്നു വീഡിയോ പ്രചരിച്ചത്
റൊണാള്‍ഡോയ്ക്കായി മദീരയില്‍ ഡ്രോണ്‍ ഷോ? വൈറലായ വീഡിയോയുടെ സത്യം ഇതാണ്
screengrab
Published on
Updated on

സ്‌പെയിനിനെതിരെ ചൊവ്വാഴ്ചയായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ അവസാന ലോകകപ്പ് കളിച്ചത്. ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തിന്റെ ലോകകപ്പ് മോഹങ്ങള്‍ ബാക്കിയാക്കി പോര്‍ച്ചുഗല്‍ 1-0 ന് സ്‌പെയിനിനോട് പരാജയപ്പെട്ടു.

ഇനിയൊരു ലോകകപ്പില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്കകമായിരുന്നു ഹൃദയം തകര്‍ക്കുന്ന തോല്‍വി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കണ്ണീരോടെ ലോകകപ്പ് കരിയര്‍ അവസാനിപ്പിച്ചു.

ഇതിനു പിന്നാലെ ഒരു വീഡിയോ വൈറലായിരുന്നു. പോര്‍ച്ചുഗലില്‍ റൊണാള്‍ഡോയുടെ ജന്മനാടായ മദീരയില്‍ അദ്ദേഹത്തിനായി ഡ്രോണ്‍ ലൈറ്റുകളുടെ ഷോ ഒരുക്കി എന്ന തരത്തിലായിരുന്നു വീഡിയോ പ്രചരിച്ചത്.

ആകാശത്ത് ഡ്രോണുകള്‍ ചേര്‍ന്ന് റൊണാള്‍ഡോയുടെ വിഖ്യാതമായ 'Siuu' ആഘോഷവും 'Obrigado, 7' (നന്ദി, നമ്പര്‍ 7) എന്ന വാചകവും പോര്‍ച്ചുഗല്‍ പതാകയും തീര്‍ക്കുന്നതാണ് വീഡിയോ. എന്നാല്‍ ഇങ്ങനെയൊരു ഡ്രോണ്‍ വീഡിയോ മദീരയില്‍ നടന്നിട്ടില്ലെന്നാണ് ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ടുകള്‍.

'Seihan AIfilms' എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടാണ് 'PixVerse' എന്ന എഐ വീഡിയോ ജനറേഷന്‍ പ്ലാറ്റ്ഫോം ഉപയോഗിച്ച് ഈ ദൃശ്യങ്ങള്‍ നിര്‍മ്മിച്ചത്. തങ്ങള്‍ തന്നെയാണ് ഇത് നിര്‍മ്മിച്ചതെന്ന് ക്രിയേറ്റര്‍ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. സ്‌പെയിനിനോട് 1-0 ന് പോര്‍ച്ചുഗല്‍ തോറ്റതിനു പിന്നാലെയായിരുന്നു വീഡിയോ അപ് ലോഡ് ചെയ്തത്.

ഈ പ്രോംപ്റ്റിനായി സിആര്‍ 7 എന്ന് കമന്റ് ചെയ്യാനും ക്രിയേറ്റര്‍ ആവശ്യപ്പെട്ടിരുന്നു. പിക്‌സ് വേര്‍സിന്റെ ഇന്‍സ്റ്റഗ്രാം പേജിലും വീഡിയോ ടാഗ് ചെയ്തിരുന്നു. 'എഐ വീഡിയോ ക്രിയേറ്റര്‍ & ഡിജിറ്റല്‍ ഫിലിം മേക്കര്‍ എന്നാണ് 'Seihan AIfilms' എന്നാണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പരിചയപ്പെടുത്തുന്നതും.

ആറ് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ചരിത്രത്തിലെ ഏക താരം എന്ന റെക്കോര്‍ഡോടെയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ ലോകകപ്പ് കരിയര്‍ അവസാനിപ്പിച്ചത്. തന്റെ അവസാന ലോകകപ്പായിരിക്കും ഇതെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വരാനിരിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങളില്‍ തുടരുമോ എന്ന കാര്യത്തില്‍ താരം അന്തിമ തീരുമാനം എടുത്തിട്ടില്ല.

News Malayalam 24x7
newsmalayalam.com