പണത്തിന് വേണ്ടി മാത്രം പ്രണയിക്കുന്നവരെയാണ് ഇംഗ്ലീഷിൽ ഗോൾഡ് ഡിഗ്ഗേഴ്സ് എന്ന് പറയുന്നത്. അത് സ്ത്രീയാകാം പുരുഷനാകാം. റിവഞ്ച് ഓൺ ഗോൾഡ് ഡിഗ്ഗേഴ്സ് എന്ന പേരിൽ ചൈനയിൽ വന്ന ലൈവ് ആക്ഷൻ വീഡിയോ ഗെയിമാണ് ഇപ്പോൾ ചർച്ച സ്ത്രീകൾ ഗോൾഡ് ഡിഗ്ഗേഴ്സ് ആണെന്നും അവരോട് എങ്ങനെ പകവീട്ടാം എന്നതുമാണ് ഗെയിം. ഈ ഗെയിമിൻ്റെ പേരിൽ വലിയ വിവാദം പുകയുകയാണ് ചൈനയിൽ.
ചൈനയിലെ ഗെയിമിങ് പ്ലാറ്റ്ഫോമായ സ്റ്റീമിലാണ് ജൂൺ 19 ന് റിവഞ്ച് ഓൺ ഗോൾഡ് ഡിഗ്ഗേഴ്സ് എന്ന പേരിൽ ഒരു ലൈവ് ആക്ഷൻ വീഡിയോ ഗെയിം റിലീസ് ചെയ്തത്. പ്രണയം നടിച്ച് പണത്തിന് പിന്നാലെ പായുന്ന സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ച് അവരോട് പക വീട്ടുന്ന നായകന്മാരാണ് ഗെയിമിലുള്ളത്.
ഹോങ്കോങ് സംവിധായകൻ മാർക്ക് വൂ ആണ് ക്രിയേറ്റർ. ഇറങ്ങിയ അന്ന് തന്നെ സ്റ്റീമിൻ്റെ ഗ്ലോബൽ ബെസ്റ്റ്സെല്ലേഴ്സ് ചാർട്ടിൽ നാലാം സ്ഥാനവും നേടി ഹിറ്റ് ലിസ്റ്റിലേയ്ക്ക് കുതിച്ചു. പക്ഷേ വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ. ഗോൾഡ് ഡിഗ്ഗേഴ്സ് എന്നു വിളിച്ച് സ്ത്രീ സമൂഹത്തെ അടച്ചാക്ഷേപിക്കുന്നു, ഇത് ലിംഗ വിവേചനമാണെന്നുമാണ് ഉയരുന്ന വിമർശനം.
എന്നാൽ പ്രണയ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കാനുള്ള മുന്നറിയിപ്പാണെന്നാണ് ഗെയിമിൻ്റെ ക്രിയേറ്റേഴ്സ് അവകാശപ്പെടുന്നത്. എന്നാൽ സ്ത്രീകൾ മാത്രമാണോ തട്ടിപ്പ് നടത്തുന്നതെന്നാണ് ഗെയിം ക്രിയേറ്റേഴ്സിനോട് ലോകം ചോദിക്കുന്നത്. ഏതായാലും ഈ വിവാദത്തോടെ ഗെയിമിൻ്റെ പേര് ഇമോഷനൽ ആൻ്റി ഫ്രോഡ് സിമുലേറ്റർ എന്നാക്കി. അതുകൊണ്ട് തീർന്നില്ല. ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഗെയിം ക്രിയേറ്റർ മാർക്ക് വൂവിനെ ബാൻ ചെയ്തു.
പക്ഷേ, ലിംഗ വിവേചനത്തിന്മേലുള്ള രാഷ്ട്രീയ ചർച്ചകൾ ചൂടുപിടിച്ച കൂട്ടത്തിൽ ഗെയിമിൻ്റെ വിൽപ്പനയും കൂടി. ചൈനയിലെ എക്കാലത്തെയും മികച്ച ഗെയിമായ ബ്ലാക്ക് മിത്ത് വുക്കോംഗിനെ പോലും കടത്തി വെട്ടിയാണിപ്പോൾ ഗോൾഡ് ഡിഗ്ഗേഴ്സ് വീഡിയോ ഗെയിം.