
ലോകത്തെ ഏറ്റവും വലിയ സെര്‍ച്ച് എഞ്ചിന്‍, ഗൂഗിളിന് ഇന്ന് 27-ാം പിറന്നാള്‍. വാടകയ്ക്കെടുത്ത ഒരു ഗാരേജില്‍ നിന്നായിരുന്നു ഗൂഗിളിന്റെ തുടക്കം. ലോകത്ത് ലഭ്യമായ വിവരങ്ങള്‍ സംഘടിപ്പിച്ച് എല്ലാവര്‍ക്കും നല്‍കാന്‍ വേണ്ടിയുള്ള പരിശ്രമം. സ്റ്റാന്‍ഫോഡ് സര്‍വകലാശാലയില്‍ പിഎച്ച്‌ഡി ഗവേഷകരായിരുന്ന ലാരി പേജും സെര്‍ഗെ ബ്രിനും ചേര്‍ന്ന് അതിന് ബാക്ക്റബ്ബ് (BackRub) എന്ന് പേരിട്ടു. അസംഖ്യം വിവരങ്ങള്‍ ലഭ്യമാകുന്ന ഇടത്തിന് ആ പേര് പോരെന്ന് തോന്നിയപ്പോള്‍, വലിയ സംഖ്യ എന്നര്‍ത്ഥം വരുന്ന googol എന്ന വാക്ക് പേരായി നിശ്ചയിച്ചു. പക്ഷേ, എഴുതിയപ്പോള്‍ സ്പെല്ലിങ് ചെറുതായൊന്ന് തെറ്റി. അങ്ങനെയാണ് നാം ഇന്ന് കാണുന്ന google പിറന്നത്.
ഗൂഗിളിന്റെ ജന്മദിനം സംബന്ധിച്ചും ചില ആശയക്കുഴപ്പങ്ങളുണ്ട്. 1998 സെപ്റ്റംബര്‍ നാലിനാണ് ഗൂഗിള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. വെബ്സൈറ്റ് പ്രവര്‍ത്തനം തുടങ്ങിയതാകട്ടെ സെപ്റ്റംബര്‍ 15നും. അപ്പോള്‍ പിന്നെ സെപ്റ്റംബര്‍ 27? അന്നാണ് ഗൂഗിള്‍ വെബില്‍ ഇന്‍ഡെക്സ് ചെയ്യപ്പെടുന്നത്.
2003ല്‍ സെപ്റ്റംബര്‍ എട്ടിനും 2004ല്‍ സെപ്റ്റംബര്‍ ഏഴിനുമാണ് ഗൂഗിള്‍ ജന്മദിനം ആഘോഷിച്ചത്. എന്നാല്‍ 2006 മുതല്‍ സെപ്റ്റംബര്‍ 27നാണ് ആഘോഷം. ഇതിനൊന്നും ഗൂഗിള്‍ പ്രത്യേകിച്ച് കാരണമൊന്നും പറയുന്നില്ല. ഇക്കുറി, 1998ല്‍ രൂപകല്‍പ്പന ചെയ്ത ഈ വിന്റേജ് ലോഗോ ഡൂഡിലായി ചേര്‍ത്തുകൊണ്ടാണ് ഗൂഗിള്‍ ജന്മദിനം ആഘോഷിക്കുന്നത്.
ഈ ഡൂഡിലിനു പിന്നിലുമുണ്ടൊരു കഥ. ബേണിംഗ് മാന്‍ ഫെസ്റ്റിവലിന് പോകുന്നതിനാല്‍ ഓഫീസില്‍ ഉണ്ടാവില്ലെന്ന് ആളുകളെ അറിയിക്കാന്‍ വേണ്ടിയാണ് 1998ല്‍ പേജും സെര്‍ഗെ ബ്രിനും ഡൂഡില്‍ ചെയ്തിട്ടത്. ഇന്നിപ്പോള്‍ പലവിധ ആഘോഷങ്ങളും, ചരിത്രപ്രധാന ദിവസങ്ങളും, പ്രഗത്ഭരുടെ ജന്മദിനവും ഓര്‍മദിനവും, പ്രധാന സംഭവങ്ങളുമൊക്കെ ഡൂഡിലില്‍ ഇടംപിടിക്കുന്നുണ്ട്.