അഞ്ച് കോടി രൂപയുടെ ആഭരണങ്ങൾ; മാഘ്‌മേളയിൽ കൗതുകമായി ഗൂഗിള്‍ ഗോള്‍ഡന്‍ ബാബ
പ്രയാഗ്‌രാജ്: ഉത്തർപ്രദേശിലെ മാഘ്‌മേളയിൽ കൗതുകകാഴ്ചയായി ഗൂഗിള്‍ ഗോള്‍ഡന്‍ ബാബ. അഞ്ച് കോടി രൂപ വില വരുന്ന സ്വർണം - വെള്ളി ആഭരണങ്ങൾ അണിഞ്ഞാണ് പ്രയാഗ്‌രാജിലെ ഉത്സവാഘോഷങ്ങളില്‍ ഗോള്‍ഡന്‍ ബാബ പങ്കെടുത്തത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ഫോട്ടോ പതിച്ച വെള്ളികിരീടവും ഇതില്‍ ഉള്‍പ്പെടുന്നു. കൗകമുണർത്തുന്ന വേഷഭൂഷാദികൾ മാഘമേളയിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സന്യാസിമാരിൽ ഒരാളായി ഗോള്‍ഡന്‍ ബാബയെ മാറ്റി.
സ്വാമി ശ്രീ മനോജാനന്ദ് മഹാരാജ് എന്നാണ് ഗൂഗിൾ ഗോൾഡൻ ബാബയുടെ യഥാർഥ പേര്. തല മുതൽ കാൽ വരെ സ്വർണ്ണ, വെള്ളി ആഭരണങ്ങൾ ധരിച്ച നിലയിലാണ് ഗോള്‍ഡന്‍ ബാബ മേളയിലെത്തിയത്. നേരത്തെ അഞ്ച് ലക്ഷത്തിന്‍റെ വെള്ളി ചെരുപ്പുകൾ അണിഞ്ഞിരുന്ന ബാബ, യോഗി ആദിത്യനാഥിന്‍റെ പാത പിന്‍തുടർന്ന് ചെരുപ്പ് ഉപേക്ഷിക്കുകയായിരുന്നു. യോഗി പ്രധാനമന്ത്രിയാകുന്ന ദിവസമേ, ഇനി ചെരിപ്പിടൂ എന്ന് പ്രതിജ്ഞ എടുത്തിരിക്കുകയാണ് ഗൂഗിള്‍ ഗോള്‍ഡന്‍ ബാബ.
തന്റെ ആഡംബര പ്രേമം കൊണ്ട് വളരെ നേരത്തേ തന്നെ വാർത്തകളിൽ ഇടം പിടിച്ചയാളാണ് ഗോൾഡൻബാബ. വെള്ളി പാത്രങ്ങളിലാണ് ഭക്ഷണം കഴിക്കുന്നതും കുടിക്കുന്നതും. ഇയാളുടെ കൈകളിൽ സ്വർണ്ണ വളകളും ചങ്ങലകളും ഉണ്ട്, പത്ത് വിരലുകളിലും ദേവന്മാരുടെയും ദേവതകളുടെയും ചിത്രങ്ങൾ കൊത്തിയെടുത്ത സ്വർണ്ണ മോതിരങ്ങൾ. കഴുത്തിൽ സ്വർണ്ണവും വെള്ളിയും കൊണ്ടുള്ള ശങ്കർ പെൻഡന്റുകളും സ്വർണ്ണം പതിച്ച രുദ്രാക്ഷ മാലകളും ധരിക്കുക പതിവാണ്.
ഇതിനെല്ലാം പുറമേ തന്റെ ആത്മീയ ജീവിതത്തിന്റെ ഉറവിടമായി കരുതുന്ന 'ലഡ്ഡു ഗോപാലിന്റെ' ശുദ്ധമായ സ്വർണ്ണ വിഗ്രഹവും ഗോൾഡൻ ബാബ എന്ന മനോജാനന്ദ് കൊണ്ടുനടക്കും. കാൺപൂരിൽ താമസിക്കുന്ന മനോജാനന്ദ് മഹാരാജ് ഏകദേശം 20 വർഷമായി ഈ ജീവിതശൈലി നയിക്കുന്നു, എട്ട് വർഷമായി തുടർച്ചയായി മാഘമേളയിലും പങ്കെടുക്കുന്നുണ്ട്.
