ജമ്മു കശ്മീരിൽ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ കൈകൾ കൂട്ടിക്കെട്ടി ചെരുപ്പ് മാലയിട്ട് അർദ്ധനഗ്നനാക്കി നടത്തിച്ചു. കഴിഞ്ഞ ദിവസമാണ് യുവാവിനെ കൈകൾ കൂട്ടിക്കെട്ടി ചെരുപ്പ് മാലയിട്ട് അർദ്ധനഗ്നനാക്കി പൊതുസ്ഥലത്ത് കൂടെ നടത്തിച്ചത്. പിടികൂടി പൊലീസ് വാഹനത്തിൽ കൊണ്ടുപോകുന്നതിന് പകരം അസാധാരണമായ നടപടിയാണ് ഉദ്യോഗസ്ഥർ സ്വീകരിച്ചത്.
പൊതുജനങ്ങളുടെ മുന്നിൽ വെച്ച് നടത്തുന്ന ഇത്തരം ക്രൂരമായ പൊതു അവഹേളനം നിയമലംഘനം മാത്രമല്ല, മനുഷ്യന്റെ അന്തസ്സിനും നമ്മുടെ നീതിന്യായ വ്യവസ്ഥയ്ക്ക് അടിസ്ഥാനമായ തത്വങ്ങൾക്കും നേരെയുള്ള ആക്രമണവുമാണെന്ന് നാസിർ ഖുഹാമി എന്ന വ്യക്തി എക്സിൽ കുറിച്ചു.
ഭരണഘടനയുടെ ആർട്ടിക്കിൾ 21 ജീവിക്കാനുള്ള അവകാശവും അന്തസോടെ ജീവിക്കാനുള്ള അവകാശവും ഉൾപ്പെടുന്ന വ്യക്തിസ്വാതന്ത്ര്യവും ഉറപ്പുനൽകുന്നു. കുറ്റകൃത്യം ആരോപിക്കപ്പെട്ടാലും ഒരു വ്യക്തിയെയും അപമാനകരമായ പെരുമാറ്റത്തിന് വിധേയമാക്കാൻ പാടില്ലെന്നും അദ്ദേഹം എക്സിൽ കുറിച്ചു. യുവാവിൻ്റെ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ വൻ പ്രതിഷേധമാണ് ഉയർന്നത്. പൊലീസിൻ്റെ നടപടിക്കെതിരെ നിരവധി ആളുകളാണ് അവരുടെ അഭിപ്രായം രേഖപ്പെടുത്തിയത്.
യുവാവിനെ പിടികൂടുകയും, കൈകൾ പിന്നോട്ട് വലിച്ചുകെട്ടി, ചെരിപ്പുമാല ധരിപ്പിച്ച്, പാൻ്റ് മാത്രം ധരിപ്പിച്ച് , പൊലീസ് ഉദ്യോഗസ്ഥൻ പാൻ്റിൽ പിടിച്ച് മുന്നോട്ട് തള്ളുന്നത് വീഡിയോയിൽ കാണാം. ജനങ്ങൾ ഇവർക്ക് ചുറ്റും തടിച്ച് കൂടുകയും, ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തുകയും ചെയ്യുന്നത് കാണാം. അതിന് പിന്നാലെ പൊലീസ് ജീപ്പിന് മുകളിൽ കയറ്റി ഇരുത്തി ഒരു പ്രദർശനവസ്തുവായി ഇരുത്തുന്നതും കാണാം.