
അനന്ദ് അംബാനി-രാധിക വിവാഹത്തിനു ശേഷം ഇന്ത്യയില്‍ നടന്ന മറ്റൊരു വിവാഹമാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പോപ് സ്റ്റാര്‍ ജെന്നിഫര്‍ ലോപ്പസ് മുതല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയറും ബോളിവുഡ് സൂപ്പര്‍ താരങ്ങളുമെല്ലാം ആടിയും പാടിയും വിവാഹത്തില്‍ പങ്കാളികളായി.
ഇന്ത്യന്‍ വംശജനായ കോടീശ്വരനും ബിസിനസുകാരനായ രാമ രാജു മന്തേനയുടെ മകള്‍ നേത്ര മന്തേനയും ഉദയ്പൂരില്‍ നിന്നുള്ള വംശി ഗഡിരാജുവും തമ്മിലുള്ള വിവാഹത്തിനാണ് കഴിഞ്ഞ ദിവസം പരിസമാപ്തിയായത്. നവംബര്‍ 21 മുതല്‍ 24 വരെ ഉദയ്പൂരിലെ ലീല പാലസ്, താജ് ലേക്ക് പാലസ്, സിറ്റി പാലസ്, ജഗ്മന്ദിര്‍ ഐലന്‍ഡ് പാലസ്, സെനാന മഹല്‍ എന്നിവിടങ്ങളിലായിരുന്നു ആഡംബരപൂര്‍ണമായ വിവാഹം.
സൂപ്പര്‍ഓര്‍ഡറിന്റെ സഹസ്ഥാപകനും സിടിഒയുമാണ് വംശി ഗഡിരാജു. വിവാഹത്തിനെത്തിയ ഹൈ പ്രൊഫൈല്‍ അതിഥികള്‍ക്കായി കോടികളാണ് ചെലവഴിച്ചത്. ഇതില്‍ ഓരോ താരങ്ങളും വാങ്ങിയ പ്രതിഫലമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ബോളിവുഡ് താരങ്ങളായ മാധുരി ദീക്ഷിത്, ഷാഹിദ് കപൂര്‍, റണ്‍വീര്‍ സിങ്, വരുണ്‍ ധവാന്‍, ജാന്‍വി കപൂര്‍, കരണ്‍ ജോഹര്‍, നോറ ഫത്തേഹി, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, കൃതി സനോന്‍, എന്നിവരുടെ പെര്‍ഫോമന്‍സും ഉണ്ടായിരുന്നു. ഓരോ താരങ്ങളും 3 മുതല്‍ 4 കോടി രൂപ വരെയാണ് വിവാഹത്തിനായുള്ള പ്രകടനത്തിന് പ്രതിഫലമായി വാങ്ങിയത്.
ഇതില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് പോപ് താരം ജെന്നിഫര്‍ ലോപ്പസിന്റെ പ്രകടനമായിരുന്നു. 17 കോടി രൂപയാണത്രേ ജെന്നിഫര്‍ ലോപ്പസിനെ എത്തിക്കാനായി കോടീശ്വര കുടുംബം ചെലവഴിച്ചത്. വധൂവരന്മാര്‍ക്കൊപ്പമുള്ള ജെന്നിഫര്‍ ലോപ്പസിന്റെ പെര്‍ഫോമന്‍സിനടക്കമാണ് തുക.
പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് മറ്റൊരു വിവാഹത്തിനും ജെന്നിഫര്‍ ലോപ്പസ് ഇന്ത്യയില്‍ എത്തിയിരുന്നു. ഗള്‍ഫ് ഓയില്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് ചെയര്‍മാന്‍ സഞ്ജയ് ഹിന്ദുജയുടെ വിവാഹത്തിനായിരുന്നു അന്ന് ജെന്നിഫര്‍ ലോപ്പസ് എത്തിയത്. 2015 ലായിരുന്നു വിവാഹം. ഉദയ്പൂരിലെ ജഗ്മന്ദിര്‍ ഐലന്‍ഡിലായിരുന്നു ആഡംബര വിവാഹം നടന്നത്. ഏകദേശം 150 കോടി രൂപയാണ് വിവാഹത്തിനായി ചെലവഴിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
മൂന്ന് ദിവസം നീണ്ട വിവാഹത്തിനായി 16,000 അതിഥികളായിരുന്നു എത്തിയത്. ഉദയ്പൂരിലെ വിവാഹത്തിനു മുമ്പ് മുംബൈയില്‍ ഗംഭീര പാര്‍ട്ടിയും നടന്നിരുന്നു. അന്ന് ജെന്നിഫര്‍ ലോപ്പസ് 6.5 കോടി രൂപയാണ് ജെന്നിഫര്‍ ലോപ്പസിനെ എത്തിക്കാനായി സഞ്ജയ് ഹിന്ദുജ ചെലവഴിച്ചത്.