ഇണയുമായി വഴക്കിട്ടാല്‍ ഗൊറില്ലയായാലും ഇങ്ങനെയാണ്; വൈറലായി കിയോമാസ

ഇണയുമായി വഴക്കിട്ട് ഒറ്റയ്ക്കിരിക്കുന്ന കിയോമാസ ഗാഢമായ ചിന്തയിലേക്ക് വീഴുകയാണ്
ഇണയുമായി വഴക്കിട്ടാല്‍ ഗൊറില്ലയായാലും ഇങ്ങനെയാണ്; വൈറലായി കിയോമാസ
Published on: 
Updated on: 

പങ്കാളിയുമായി ഒരു വഴക്കുണ്ടായാല്‍ നിങ്ങള്‍ എന്താണ് ചെയ്യുക? ഒന്ന് മാറി നിന്ന് ഗാഢമായ ചിന്തയില്‍ മുഴുകുമായിരിക്കും, നടന്ന സംഭവങ്ങളും പറഞ്ഞ കാര്യങ്ങളും വേണ്ടിയിരുന്നില്ല എന്ന് പശ്ചാതപിക്കുമായിരിക്കും. എങ്ങനെ വഴക്ക് തീര്‍ക്കുമെന്ന് തല പുകഞ്ഞ് ആലോചിക്കാനും സാധ്യതയുണ്ട്...

ഇതൊക്കെ മനുഷ്യന്റെ മാത്രം പ്രത്യേകതകള്‍ അല്ലെന്നതാണ് വസ്തുത. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ കണ്ടു നോക്കൂ, അതില്‍ ഒരു ഗൊറില്ല, ഗാഢമായ ചിന്തയില്‍ മുഴുകിയിരിക്കുകയാണ്. കാരണം, പങ്കാളിയുമായുള്ള തര്‍ക്കം തന്നെ.

ജപ്പാനിലെ നഗോയയിലുള്ള ഹിഗാഷിയാമ മൃഗശാലയിലെ 13 വയസ് പ്രായമുള്ള കിയോമാസ എന്ന് പേരുള്ള ഗൊറില്ലയാണ് കഥാ നായകന്‍. ലോകപ്രശസ്ത സില്‍വര്‍ബാക്ക് ഗൊറില്ല ഷബാനിയുടെ മകനാണ് കിയോമാസ. 2012 നവംബര്‍ 1 നാണ് കിയോമാസ ജനിച്ചത്.

കിയോമാസയുടെ ഒരു മിനുട്ടുള്ള വീഡിയോ കണ്ട്, ഇത് എല്ലാവര്‍ക്കും ഇങ്ങനെ തന്നെയാണല്ലേ എന്നാണ് കമന്റില്‍ മനുഷ്യര്‍ ചോദിക്കുന്നത്. ഇണയുമായി വഴക്കിട്ട് ഒറ്റയ്ക്കിരിക്കുന്ന കിയോമാസ ഗാഢമായ ചിന്തയിലേക്ക് വീഴുകയാണ്. ചുറ്റുമുള്ളതൊന്നും അവന്‍ അറിയുന്നില്ല, സ്വന്തം ചിന്തയുടെ തടവുകാരനായി അങ്ങനെ ഒരു മിനുട്ടോളം ഇരുന്നു പോയി. ഇതൊക്കെ തന്നെയല്ലേ ഇതേ സാഹചര്യത്തില്‍ നമ്മള്‍ മനുഷ്യരും ചെയ്യുന്നത് എന്ന് വീഡിയോ കണ്ടാല്‍ ആരും പറഞ്ഞു പോകും.

വീഡിയോയ്ക്ക് താഴെ വന്ന കമന്റുകളിലും ആളുകള്‍ പറയുന്നത് അത് തന്നെയാണ്. 'ഭാര്യയുമായി വഴക്കിട്ടാല്‍ ഞാനും ഇങ്ങനെയാണ്' എന്നാണ് ഒരാളുടെ കമന്റ്. ഒരു സ്ത്രീയുടെ കമന്റ് ഇങ്ങനെ, 'ഞാനുമായി വഴക്കിട്ട് തോറ്റാല്‍, അടുത്ത മുറിയില്‍ പോയി ഭര്‍ത്താവ് ഇങ്ങനെ ഇരിക്കുന്നത് കാണാം'.

എന്തായാലും കിയോമാസയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരം. ഇണയുമായി വഴക്കിട്ട് വന്നിരിക്കുന്നതാണോ, അതോ മറ്റെന്തെങ്കിലും കാരണമാണോ ഇരിപ്പിന് പിന്നിലെന്ന് കൃത്യമായി അറിയില്ലെങ്കിലും, മനുഷ്യന്‍ ഈ ഗൊറില്ലയുടെ ഭാവങ്ങള്‍ സ്വന്തം അവസ്ഥയുമായാണ് ചേര്‍ത്തുവെക്കുന്നത്.

News Malayalam 24x7
newsmalayalam.com