ദക്ഷിണ കൊറിയയിൽ പ്രസവിച്ചതിന് 'പ്രോത്സാഹന സമ്മാന' വുമായി ഇന്ത്യൻ വനിതയ്ക്ക് ലഭിച്ചത് 1.26 ലക്ഷം രൂപ. ദക്ഷിണ കൊറിയക്കാരനെ വിവാഹം കഴിച്ച നേഹ അറോറയ്ക്കാണ് സഹായം ലഭിച്ചത്. ദക്ഷിണ കൊറിയയിൽ ഗർഭകാലത്തും അതിനുശേഷവും സാധാരണഗതിയിൽ യുവതിക്ക് ലഭിക്കുന്ന ധനസഹായമാണ് ഈ തുക. ദക്ഷിണ കൊറിയയിൽ ഗർഭിണികളായ യുവതികൾക്ക് ഗർഭകാലത്തിൻ്റെ വ്യത്യസ്ത ഘട്ടങ്ങളിൽ ധനസഹായം നൽകാറുണ്ട്.
ഗർഭിണി ആണെന്ന കാര്യം കൺഫോം ചെയ്ത ഉടനെ മെഡിക്കൽ പരിശോധനകൾക്കും മരുന്നുകൾക്കുമായി സർക്കാർ 63,100 രൂപ നൽകിയതായി അറോറ പറഞ്ഞു. "അതിനുപുറമേ, പൊതുഗതാഗത ചെലവുകൾക്കായി അവർക്ക് 44,030 രൂപയും നൽകി.പ്രവസത്തോട് അനുബന്ധിച്ച് ആനുകൂല്യങ്ങളിൽ വർധന ഉണ്ടായി. പ്രസവസമയത്ത് തനിക്ക് 1.26 ലക്ഷം രൂപയും നൽകി", അറോറ കൂട്ടിച്ചേർത്തു.
കുഞ്ഞ് ജനിച്ചിട്ടും സർക്കാർ സഹായം നിലച്ചില്ല. കുട്ടിയെ വളർത്തുന്നതിന് കൊറിയൻ സർക്കാർ പ്രതിമാസ സാമ്പത്തിക സഹായം നൽകുന്നത് തുടർന്നു. ആദ്യ വർഷത്തിൽ 63,100 രൂപയും, രണ്ടാം വർഷത്തിൽ 31,000 രൂപയും ലഭിച്ചു. രണ്ട് വയസ് മുതൽ എട്ട് വയസ് വരെയുള്ള കാലഘട്ടത്തിൽ പ്രതിമാസം 12,600 ഉം ലഭിച്ചുവെന്നും അവർ പറഞ്ഞു.
2025 സെപ്റ്റംബർ 1-ന് ഈ വീഡിയോ പങ്കുവച്ചതിന് പിന്നാലെ 6.5 മില്യൺ കാഴ്ചകളും 1 ലക്ഷത്തിലധികം ലൈക്കുകളും നേടി. നിരവധി പേരാണ് ദക്ഷിണ കൊറിയൻ സർക്കാരിനെ പിന്തുണച്ച് രംഗത്തെത്തിയത്. ചിലർ ഇന്ത്യയിലെ സാഹചര്യങ്ങളെ താരമത്യപ്പെടുത്തി കൊണ്ട് കമൻ്റുകളിട്ടു. ലോകത്തെല്ലായിടത്തും ഇങ്ങനെ തന്നെ നടപ്പിലാക്കണമെന്ന് മറ്റൊരു വ്യക്തി അഭിപ്രായപ്പെട്ടു.