ടോക്കിയോ: വൃത്തിക്ക് എക്കാലവും പേരുകേട്ട രാജ്യങ്ങളിലൊന്നാണ് ജപ്പാൻ. രാജ്യത്തെ വൃത്തി പരിശോധിക്കാൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ജോജോ സിം നടത്തിയ പരീക്ഷണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ടോക്കിയോയിലെ തെരുവുകൾ ആളുകൾ പറയുന്നത് പോലെ അത്ര വൃത്തിയുള്ളതാണോ എന്ന് പരിശോധിക്കുന്നതിനായി വെളുത്ത സോക്സണിഞ്ഞ് ഷൂസിടാതെ ജോജോ സിം നടന്നതിൻ്റെ വീഡിയോ ആണ് വൈറലാകുന്നത്.
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ജോജോ താൻ നടത്തിയ പരീക്ഷണത്തിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ടോക്കിയോ ശരിക്കും അത്ര വൃത്തിയുള്ള നഗരമാണോ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചത്. തൂവെള്ള നിറത്തിലുള്ള സോക്സണിഞ്ഞ് ഷൂസും കയ്യിൽ പിടിച്ച് അയാൾ ജപ്പാനിലെ റോഡിലും നടപ്പാതയിലുമെല്ലാം നടക്കുന്നത് വീഡിയോയിൽ കാണാം. പത്ത് മിനിറ്റോളമാണ് തിരക്കുള്ള റോഡിലൂടെയും സീബ്രാ ക്രോസിലൂടെയും നടപ്പാതകളിലൂടെയുമെല്ലാം ജോജോ തൂവെള്ള സോക്സണിഞ്ഞ് നടന്നത്. ഒടുവിൽ സോക്സിന്റെ താഴ്ഭാഗം പരിശോധിച്ചപ്പോൾ ജോജോയും ഞെട്ടി, ഒപ്പം വീഡിയോ കണ്ടവരും. ഒരംശം അഴുക്ക് പോലും അയാളുടെ സോക്സിൽ ഉണ്ടായിരുന്നില്ല.
ഈ വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ചർച്ചയായിട്ടുണ്ട്. ലോകമെമ്പാടുമുള്ള ആളുകൾ ജപ്പാനിലെ പൗരന്മാരുടെ ഉത്തരവാദിത്തവും വൃത്തിയേയും പ്രശംസിച്ചുകൊണ്ട് കമൻ്റുകൾ പങ്കുവച്ചു. ഇതുകൊണ്ടാണ് ഈ രാജ്യം എൻ്റെ പ്രിയപ്പെട്ടതായതെന്നാണ് ഇൻസ്റ്റഗ്രാമിലെ ഒരു കമൻ്റ്. ജപ്പാൻ രാജ്യത്ത് വൃത്തി നിലനിർത്തുന്നതിനായി അത്രയേറെ കഠിനാധ്വാനം ചെയ്യുന്നുണ്ടെന്ന് മറ്റൊരു കമൻ്റ്. എനിക്ക് റൂമിൽ പോലും വെള്ള സോക്സ് ധരിക്കാനാകില്ലെന്നാണ് മറ്റൊരു രസകരമായ കമൻ്റ്. ഇത് ഒരിക്കലും ഇന്ത്യയിൽ ശ്രമിക്കരുതെന്നും ഒരാൾ കമൻ്റ് ചെയ്തിട്ടുണ്ട്.