10,01,35,60,00,00,00,00,00,01,00,23,56,00,00,00,00,299 രൂപ അക്കൗണ്ടില്‍ എത്തിയോ!വിശദീകരണവുമായി കോട്ടക് മഹീന്ദ്ര ബാങ്ക്

രണ്ട് മാസം മുമ്പ് മരണപ്പെട്ട സ്ത്രീയുടെ അക്കൗണ്ടിലേക്ക് തുക എത്തിയെന്നായിരുന്നു വാർത്ത
Image: X
Image: X NEWS MALAYALAM 24x7
Published on

നോയിഡ: ഒറ്റ രാത്രി കൊണ്ട് മുകേഷ് അംബാനിയേയും ഇലോണ്‍ മസ്‌കിനേയും ജെഫ് ബെസോസിനെക്കാളുമൊക്കെ സമ്പന്നനായ ഇരുപതുകാരന്റെ വാര്‍ത്തയായിരുന്നു വൈറലായത്. ഗ്രേറ്റര്‍ നോയിഡയിലെ ഡങ്കൗര്‍ സ്വദേശിയായിരുന്ന ഗായത്രി ദേവി എന്ന സ്ത്രീയുടെ കോട്ടക് മഹീന്ദ്ര ബാങ്ക് അക്കൗണ്ടിലേക്ക് 10,01,35,60,00,00,00,00,00,01,00,23,56,00,00,00,00,299 രൂപ വന്നുവെന്നായിരുന്നു വാര്‍ത്ത.

രണ്ട് മാസം മുമ്പ് ഗായത്രി ദേവി മരണപ്പെട്ടിരുന്നു. ഇരുപതുകാരനായ മകന്‍ ദീപക്കാണ് അമ്മയുടെ അക്കൗണ്ടിലേക്ക് അസാധാരണമാം വിധം ഉയര്‍ന്ന തുക എത്തിയതായി കണ്ടത്. അക്കൗണ്ടിലേക്ക് വന്ന തുക എത്രയാണെന്ന് എണ്ണിത്തിട്ടപ്പെടുത്താന്‍ പോലും സാധിക്കില്ലായിരുന്നു. ഓഗസ്റ്റ് മൂന്ന് ഞായറാഴ്ച രാത്രിയോടെയാണ് അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റായത്.

തിങ്കളാഴ്ച രാവിലെ തന്നെ ദീപക് ബാങ്കിലെത്തി വിവരം അറിയിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു. പണമിടപാട് നടന്നതായി ബാങ്ക് സ്ഥിരീകരിക്കുകയും അക്കൗണ്ട് മരവിപ്പിക്കുകയും ആദായനികുതി വകുപ്പിനെ വിവരം അറിയിച്ചുവെന്നും വാര്‍ത്തകളില്‍ പറഞ്ഞിരുന്നു.

പണം ക്രെഡിറ്റായതിന്റെ സ്‌ക്രീന്‍ഷോട്ടും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍, ഇങ്ങനെയൊരു വാര്‍ത്ത കോട്ടക് മഹീന്ദ്ര ബാങ്ക് തള്ളിയതായാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ വിശദീകരണത്തില്‍, അസാധാരണമാം വിധം വലിയ തുക ഒരു അക്കൗണ്ടിലേക്ക് വന്നതായുള്ള വാര്‍ത്ത തെറ്റാണെന്ന് ബാങ്ക് വിശദീകരിക്കുന്നു.

ഉപയോക്താക്കള്‍ തങ്ങളുടെ ആപ്പ് വഴിയോ നെറ്റ് ബാങ്ക് വഴിയോ അക്കൗണ്ടുകള്‍ പരിശോധിക്കാവുന്നതാണെന്നും ബാങ്കിന്റെ പ്രവര്‍ത്തനം സാധാരണനിലയില്‍ തന്നെയാണെന്നും വിശദീകരിക്കുന്നു.

എന്നാല്‍, ഇത്തരമൊരു വാര്‍ത്ത എങ്ങനെ പ്രചരിച്ചുവെന്നോ ബാങ്കിന്റെ പേരില്‍ എന്തെങ്കിലും തട്ടിപ്പ് നടന്നതായോ കോട്ടക് മഹീന്ദ്ര വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല, ഗായത്രി ദേവി എന്ന പേരിലോ ദീപക് എന്ന പേരിലോ ഉപയോക്താവ് ഉണ്ടോ എന്നതിലും വ്യക്തത നല്‍കിയിട്ടില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com