നെടിയതളി ശിവക്ഷേത്രത്തിന് പ്രൗഢിയേകാന്‍ ഇനി തളീശ്വരനും ഉണ്ടാകും; യന്ത്രക്കൊമ്പനെ സമര്‍പ്പിച്ച് ജാക്കി ഷറോഫും പെറ്റ ഇന്ത്യയും

മൂന്ന് മീറ്റര്‍ ഉയരവും എണ്ണൂറ് കിലോഗ്രാം ഭാരവുമുള്ള യന്ത്ര ആനയെയാണ് സമര്‍പ്പിച്ചിരിക്കുന്നത്
Image:  PETA India
Image: PETA India NEWS MALAYALAM 24x7
Published on

തൃശൂര്‍: കൊടുങ്ങല്ലൂര്‍ നെടിയതളി ശിവക്ഷേത്രത്തിന് പ്രൗഢിയേകാന്‍ ഇനി യന്ത്രക്കൊമ്പന്റെ ചന്തവുമുണ്ടാകും. ബോളിവുഡ് നടന്‍ ജാക്കി ഷറോഫും പെറ്റ ഇന്ത്യയും ചേര്‍ന്നാണ് 'തളീശ്വരന്‍' എന്ന് പേരിട്ട യന്ത്ര ആനയെ ക്ഷേത്രത്തിന് സമര്‍പ്പിച്ചത്.

മൂന്ന് മീറ്റര്‍ ഉയരവും എണ്ണൂറ് കിലോഗ്രാം ഭാരവുമുള്ള യന്ത്ര ആനയെയാണ് സമര്‍പ്പിച്ചിരിക്കുന്നത്. ജീവനുള്ള ആനകളെ ഒരിക്കലും സ്വന്തമാക്കുകയോ വാടകയ്ക്കെടുക്കുകയോ ചെയ്യില്ല എന്ന ക്ഷേത്രത്തിന്റെ തീരുമാനത്തെ മാനിച്ചാണ് മൃഗസംരക്ഷണ സംഘടനയായ പെറ്റ യന്ത്ര ആനയെ സമര്‍പ്പിച്ചത്.

ഇനി ക്ഷേത്ര ആഘോഷങ്ങള്‍ക്ക് പ്രൗഢി കൂട്ടാന്‍ തളീശ്വരന്‍ എന്ന യന്ത്ര ആനയുടെ ചന്തം കൂടി നെടിയതളി ശിവക്ഷേത്രത്തിനുണ്ടാകും. തളീശ്വരനെ പാഞ്ചാരിമേളം അടക്കം നല്‍കിയാണ് ക്ഷേത്രം സ്വീകരിച്ച് ആനയിച്ചത്.

പെറ്റ ഇന്ത്യ ഇതുവരെ 11 യന്ത്ര ആനകളെ സമര്‍പ്പിച്ചിട്ടുണ്ട്. കേരളത്തില്‍ സമര്‍പ്പിക്കുന്ന ഏഴാമത്തെ യന്ത്ര ആനയാണ് നെടിയതളി ക്ഷേത്രത്തിലെ തളീശ്വരന്‍. ചാലക്കുടി സ്വദേശി പ്രശാന്ത് ആണ് ആനയെ നിര്‍മിച്ചത്.

സംരഭത്തെ പിന്തുണച്ച് ജാക്കി ഷറോഫിന്റെ സന്ദേശവുമുണ്ടായിരുന്നു. ദൈവത്തിന്റെ സൃഷ്ടി സന്തോഷത്തോടെ ജീവിക്കുന്നത് കാണുമ്പോള്‍ തന്റെ ഹൃദയം പ്രകാശിക്കുന്നുവെന്ന് ബോളിവുഡ് താരത്തിന്റെ സന്ദേശത്തില്‍ പറയുന്നു.

കട്ടിയുള്ള തറയില്‍ നില്‍ക്കാനോ, ആളുകളെ പുറകില്‍ കയറ്റാനോ, കാലില്‍ ചങ്ങലയിട്ട് വട്ടത്തില്‍ നടക്കാനോ ഉള്ളവയല്ല ആനകള്‍. നദികളില്‍ ചാടാനും വനങ്ങളില്‍ അലഞ്ഞുതിരിയാനുമുള്ള വെറും ആനകളായിരിക്കാനാണ് ദൈവം നിയോഗിച്ചതെന്നും ജാക്കി ഷറോഫിന്റെ സന്ദേശത്തില്‍ പറയുന്നു.

നഗരസഭാധ്യക്ഷ ടി.കെ.ഗീതയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ക്ഷേത്രം പ്രസിഡന്റും തന്ത്രിയുമായ ബാബു ശാന്തി അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ കെ.ആര്‍.ജൈത്രന്‍, നഗരസഭ പ്രതിപക്ഷ നേതാവ് ടി.എസ്.സജീവന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.ആര്‍.വിനോദ് കുമാര്‍, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് നടുമുറി ബാബു ശാന്തി, സി.ആര്‍.രാമചന്ദ്രന്‍, രാജന്‍ കോവില്‍ പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

സമര്‍പ്പണ ചടങ്ങിനു ശേഷം ബെന്നി ബഹനാന്‍ എംപി യന്ത്രക്കൊമ്പനെ കാണാന്‍ എത്തിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com