

കള്ളു കുടിയന്മാര്‍ക്കിവിടെ ചോദിക്കാനും പറയാനും ആരുമില്ലല്ലോ...?
സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന സിനിമയില്‍ ബാബുരാജിന്റ കഥാപാത്രം ഇച്ചിരി ഉറക്കെ തന്നെ പറയുന്ന പരിദേവനമാണ്. ഡ്രൈ ഡേയില്‍ മിലിട്ടറി ക്വാട്ട സംഘടിപ്പിക്കാന്‍ പെട്ട പെടാപ്പാടാണ് ബാബുവിനെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്. പക്ഷേ, ഇന്ന് സ്ഥിതി അങ്ങനെയല്ല. ഇവിടെയിപ്പോള്‍ കള്ളു കുടിയന്മാര്‍ക്കുവേണ്ടി മാത്രമേ ആളുകള്‍ ചോദിക്കുകയും പറയുകയും ചെയ്യുന്നുള്ളൂ. സംസ്ഥാനത്തെ നിയമസഭ തന്നെ ഇക്കാര്യം ഗൗരവമായി ചര്‍ച്ച ചെയ്യുന്നുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെ അവരവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ പറഞ്ഞ് ഗ്ലാസില്‍ ഐസ് ക്യൂബിട്ട് ചര്‍ച്ച കൊഴുപ്പിക്കുകയാണ്.
വീര്യം കുറഞ്ഞ മദ്യം വിറ്റ് സര്‍ക്കാരിന് ഇച്ചിരി ദമ്പിടി ഉണ്ടാക്കാമെന്ന് പൂക്കി മുഖ്യനൊരു തോന്നലുണ്ടായി. ഖജനാവില്‍ പൂച്ച പെറ്റു കിടക്കുകയാണല്ലോ.... ആ പൂച്ചക്കുഞ്ഞുങ്ങള്‍ക്കുള്ള പാലും വാങ്ങിക്കണ്ടേ... ചെലവ് കൂടും. ആരായാലും കടുംകൈ ചെയ്തുപോകും. മുഖ്യനും ചെയ്തൊരു കടുംകൈ. ഡെലുലു സൊലുലു പോലൊരു ബജറ്റില്‍ കണ്ണുമടച്ച് അക്കാര്യം അങ്ങ് പ്രഖ്യാപിച്ചു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാന്‍ പോകുന്നു.
0.5 ശതമാനം മുതല്‍ 20 ശമാനം വരെ ആല്‍ക്കഹോള്‍ വീര്യമുള്ള, ബിയറും വൈനും ഒഴികെ മദ്യ ഉല്‍പ്പന്നങ്ങളെ Low Alcoholic Beverage എന്ന പ്രത്യേക വിഭാഗമായി പരിഗണിച്ചിട്ടുണ്ട്. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മദ്യ ഉല്‍പ്പന്നങ്ങളുടെ നികുതി ഘടനയില്‍ വ്യക്തത വരുത്തുന്നതിനായി അവയ്ക്ക് അനുയോജ്യമായ വില്‍പ്പന നിരക്ക്, കേരള പൊതു വില്‍പ്പന നികുതി നിയമ പ്രകാരം നിശ്ചയിക്കേണ്ടതുമുണ്ട്. ഈ സാഹചര്യത്തില്‍ 0.5 ശതമാനം മുതല്‍ 10 ശതമാനം വരെ വീര്യമുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 120 ശതമാനം വില്‍പ്പന നിരക്കും, 10 ശതമാനത്തിനു മുകളില്‍ 20 ശതമാനം വരെ വീര്യമുള്ളവയ്ക്ക് 175 ശതമാനം വില്‍പ്പന നികുതി നിരക്കും നിശ്ചയിക്കുന്നു. - ധനമന്ത്രി കൂടിയായ മുഖ്യമന്ത്രിയുടെ ബജറ്റ് പ്രസംഗം.
ഈ പ്രഖ്യാപനം കേട്ട് എക്സൈസ് മന്ത്രി ചെറുതായൊന്ന് ഞെട്ടിയോ എന്നൊരു സംശയം ഇല്ലാതില്ല. നികുതിഘടന പോലെയുള്ള ബജറ്റ് നിര്‍ദേശങ്ങള്‍ എക്സൈസ് മന്ത്രിയെ നേരിട്ട് അറിയിക്കണം എന്നൊന്നുമില്ല. പക്ഷേ, മദ്യനയം മുന്നണിക്കാര്യമാണ്. അതുമായി ബന്ധപ്പെട്ടൊരു വിഷയത്തില്‍ ഏകപക്ഷീയമായി തീരുമാനം എടുക്കാനാകുമോ? മദ്യമുക്ത കിനാശേരിയെക്കുറിച്ച് വാതോരാതെ സംസാരിച്ച യൂത്തന്മാരും, മൂത്തവരും ഇനിയിപ്പോ എന്തു ചെയ്യും? എക്സൈസ് മന്ത്രി എന്ത് പറയുന്നു?
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നയപരമായ തീരുമാനമൊന്നും എടുത്തിട്ടില്ല. സാമ്പത്തിക തീരുമാനം മാത്രമാണ് ഉണ്ടായിരിക്കുന്നത്. ജിഎസ്‍ടി വകുപ്പ് വില്‍പ്പന നികുതി സംബന്ധിച്ചു മാത്രമാണ് തീരുമാനമെടുത്തിട്ടുള്ളത്. വീര്യം കുറഞ്ഞ മദ്യം സംസ്ഥാനത്ത് വില്‍ക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ എക്സൈസ് വകുപ്പ് തീരുമാനമെടുത്തിട്ടില്ല. അതിന് പെര്‍മിറ്റ് നല്‍കേണ്ടത് എക്സൈസ് കമ്മീഷണറാണ്. പെര്‍മിറ്റുമായി ബന്ധപ്പെട്ട ഒരു കാര്യവും എക്സൈസിനു മുന്നിലില്ല. ഏതെങ്കിലും ബ്രാന്‍ഡ് അതിനായി വന്നാല്‍ അനുമതി നിഷേധിക്കും. - എക്സൈസ് മന്ത്രി എം. ലിജു.
സത്യം പറയാലോ... ഉട്ടോപ്യക്ക് ഇതൊരു നല്ല പ്രഖ്യാപനം ആയിട്ടാണ് തോന്നുന്നത്. വെറുതെ വീര്യം കൂടിയ സാധനമൊക്കെ അടിച്ചുകേറ്റി, ചങ്കും കരളുമൊക്കെ നാശകോശമായി, വേഗം കാലപുരിക്ക് പോകുന്നതിനേക്കാള്‍ എത്രയോ നല്ലതാണ് അങ്ങോട്ടേക്കുള്ള യാത്ര പതുക്കെയാക്കുന്നത്. ആളുകള്‍ അങ്ങനെ ഇഞ്ചിഞ്ചായി... അല്ലേല്‍ വേണ്ട. നല്ലൊരു കാര്യം പറയുമ്പോള്‍ നെഗറ്റിവിറ്റി വാരി വിതറാന്‍ പാടില്ലല്ലോ. കാലപുരി യാത്ര വൈകുംതോറും രാഷ്ട്ര പുനഃനിര്‍മാണത്തിന് നമ്മളാല്‍ കഴിയുന്ന സേവനം ചെയ്യാം. ഇനി ഏതെങ്കിലും മദ്യ കമ്പനി താല്‍പ്പര്യം അറിയിച്ചാല്‍, അതുമൊരു നേട്ടം തന്നെ. ഖജനാവിലെ പൂച്ചക്കുഞ്ഞുങ്ങള്‍ മൂന്നുനേരം പാലു കുടിച്ച് സുഖമായി ഉറങ്ങും. ആഹാ... എന്തൊരു മനസമാധാനം. മനുഷ്യന്റെ ഒരു ഗ്ലാസ് വെപ്പ്, മാനവരാശിയുടെ പാമ്പാട്ടം... അതാവണം ഇനി നമ്മുടെ മുദ്രാവാക്യം. വീര്യം ഇത്തിരി കുറഞ്ഞാലും, ഇക്കാര്യത്തില്‍ ഉഷാറൊട്ടും കുറയരുത്. സര്‍ക്കാരിന്റെ നടപടി സദുദ്ദേശ്യത്തോടെയുള്ളതാണ്. അതിനൊപ്പം നില്‍ക്കുക എന്നതാണ് പൗരബോധമുള്ള ഏതൊരു കുടിയന്റെയും കടമ. ഇക്കാര്യത്തില്‍ ആരോഗ്യമന്ത്രിയാണ് നമ്മുടെ ഉപദേഷ്ടാവ്.
വീര്യം കുറഞ്ഞതിനല്ലേ നികുതി കുറച്ചത്. വീര്യം കൂടിയതിന് കുറച്ചിട്ടില്ലല്ലോ? തീരുമാനം സദുദ്ദേശ്യപരമാണ്. വീര്യം കുറഞ്ഞ മദ്യം കൊടുക്കുന്നത് എന്തിനാ? സ്ഥിരം കുടിക്കുന്ന ആള്‍ക്കാരുണ്ട്. എന്തായാലും കുടിക്കും. അല്ലേല്‍ എന്തേലും കലക്കിക്കുടിച്ച് ദുരന്തം ഉണ്ടാക്കും. - ആരോഗ്യ മന്ത്രി കെ. മുരളീധരന്‍.
ആരൊക്കെ എതിര്‍ നിന്നാലും പ്രപഞ്ച ശക്തികള്‍ കൂടെയുണ്ടെങ്കില്‍ എന്തും സാധിക്കാം എന്നാണ് ചൊല്ല്. പക്ഷേ, നമ്മള്‍ അവരാരുടെയും വാക്കു കേള്‍ക്കാന്‍ പോകേണ്ട. ചില മദ്യവിരുദ്ധ മൂരാച്ചി സംഘടനകളും, മതസംഘടനകളും, വിശ്വാസസമൂഹവുമൊക്കെ ഉറഞ്ഞുതുള്ളാനുള്ള സാധ്യതയേറെയാണ്. അബ്‌കാരികളെക്കൊണ്ട് സംഭാവന ചെയ്യിച്ചും, കാണിക്കവഞ്ചി പണിയിച്ചും അവരെ നൈസായി ഒതുക്കാം. മറക്കരുത്... മനുഷ്യന്റെ ഒരു ഗ്ലാസ് വെപ്പ്, മാനവരാശിയുടെ പാമ്പാട്ടം... അതാണ് നമ്മുടെ മുദ്രാവാക്യം.
മുന്‍കൂര്‍ ജാമ്യം: ഉട്ടോപ്യ ആണ്... കണ്ണിൽ കണ്ടതും കാണാത്തതും, നടക്കുന്നതും നടക്കാത്തതുമൊക്കെ പറഞ്ഞെന്നു വരും. എന്തേലും എവിടേലും സാദൃശ്യം തോന്നിയിട്ട്, കല്ലെടുത്ത് എറിയാൻ വരരുത്. ഇതൊക്കെ തികച്ചും സാങ്കൽപ്പികമാണ്. കാര്യങ്ങളെ ഇച്ചിരി സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ കണ്ടാല്‍ മതി.