
വിമാനങ്ങളും വിമാനത്താവളങ്ങളും എല്ലാക്കാലത്തും നമുക്ക് കൗതുകമാണ്. ആകാശത്തെ സ്ഥിര യാത്രക്കാര്‍ക്ക് പോലും വിമാനത്തിനോടുള്ള ഈ കൗതുകം ഒരിക്കലും കുറഞ്ഞിട്ടില്ല. യാത്രാവിമാനങ്ങളോട് ഇത്രയും കൗതുകമുള്ള ഒരു നാട്ടില്‍ ഒരിക്കലും അടുത്ത് കാണാനാകാത്ത യുദ്ധ വിമാനങ്ങളോടുള്ള കൗതുവും ആകാംഷയും എത്രത്തോളമുണ്ടാകും എന്ന് പറയേണ്ടതില്ലല്ലോ.
അപ്പോഴാണ് നമ്മുടെ നാട്ടില്‍ ഒരു യുദ്ധ വിമാനം, അതും ലോകത്തിലെ തന്നെ ഏറ്റവും മികച്ചത്, വന്ന് കുടുങ്ങിയത്. എന്തിനെയും ഹാസ്യരൂപത്തില്‍ സമീപിക്കുക എന്നത് മലയാളിക്ക് കുഞ്ചന്‍ നമ്പ്യാര്‍ക്ക് മുന്‍പെ ലഭിച്ച ശീലമാണ്. തിരുവനന്തപുരത്ത് കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനത്തെ OLX ല്‍ വരെ വില്‍ക്കാനിട്ടിരിക്കുന്ന മലയാളികള്‍ ആ വൈകല്‍ ആഘോഷമാക്കുകയാണ്. ഇപ്പോള്‍ കേരളാ ടൂറിസത്തിന്റെ ഔദ്യോഗിക പേജിലും F-35 നെ പറ്റി രസകരമായ ഒരു പോസ്റ്റ് വന്നിരിക്കുന്നു.
കേരള ടൂറിസത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ UK F-35യുടെ മടങ്ങിപ്പോക്കിലെ അനിശ്ചിതത്വത്തെ പ്രമോഷന്‍ തന്ത്രമാക്കിയിരിക്കുകയാണ്. യുദ്ധവിമാനം കേരളത്തെപ്പറ്റിയുള്ള റിവ്യു പങ്കുവെക്കുന്നത് പോലെയാണ് പോസ്റ്റ്. "കേരളം, നിങ്ങൾ ഒരിക്കലും വിട്ടുപോകാൻ ആഗ്രഹിക്കാത്ത സ്ഥലം" എന്നാണ് പോസ്റ്റില്‍ പറയുന്നത്. ആക്ഷേപഹാസ്യ വാര്‍ത്താ വെബ്‌സൈറ്റായ ദ് ഫൗക്‌സിയാണ് ആദ്യം കേരള ടൂറിസത്തെയും ബ്രിട്ടീഷ് യുദ്ധവിമാനത്തെയും ചേര്‍ത്ത് പോസ്റ്റിട്ടത്. "കേരളം, ഒരിക്കല്‍ലാന്‍ഡ് ചെയ്താല്‍, നിങ്ങള്‍ക്ക് മടങ്ങിപോകാനാകില്ല, സംശയമുണ്ടെങ്കില്‍ ബ്രിട്ടീഷ് എ35 യോട് ചോദിച്ചുനോക്കൂ" എന്നാണ് ഫൗക്‌സിയുടെ പോസ്റ്റില്‍ പറയുന്നത്. ഇത് രാജ്യത്തിനപ്പുറത്തും ശ്രദ്ധയെത്തിച്ചു. മുഴുവന്‍ സമയവും ഉപഗ്രവ നിരീക്ഷണത്തിലുള്ള അമേരിക്കന്‍ നിര്‍മിത ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ പരിസരത്തേക്ക് ആര്‍ക്കും അടുക്കാനാകില്ലെങ്കിലും, ട്രോളന്‍മാരെ ഒഴിവാക്കാനുള്ള സാങ്കേതിക വിദ്യ ആരുടെയും കയ്യില്‍ ഇല്ലെന്നാണ് മറ്റൊരു തമാശ.