
കോഴിക്കോട്: പയ്യോളിയിലെ കുഞ്ഞാലി മരയ്ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥിയുടെ ഗാനത്തിന് ആശംസകളറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി പി.വി അജ്മല്‍ ഷാന്‍ ആലപിച്ച ഗാനത്തിന്റെ വീഡിയോ പങ്കുവെച്ചാണ് മന്ത്രിയുടെ ആശംസാ കുറിപ്പ്. അതിമനോഹരമായ ആലാപനത്തില്‍ 'ശരിക്കും വിസ്മയിച്ചു പോയി' എന്നാണ് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്.
കോട്ടക്കല്‍ ഇലാഹിയ പള്ളിക്ക് സമീപം ഫസീല മന്‍സിലില്‍ ഷംസീറിന്റെ മകനാണ് ഈ കൊച്ചു മിടുക്കന്‍. ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാത്ത അജ്മല്‍ ഷാനിന്റെ പ്രകടനം ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്.
അജ്മല്‍ ഷാന്‍ പി.വി.യുടെ അതിമനോഹരമായ ആലാപനം കേട്ട് ശരിക്കും വിസ്മയിച്ചുപോയെന്നായിരുന്നു വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. കോട്ടക്കല്‍, ഇരിങ്ങല്‍ കുഞ്ഞാലി മരക്കാര്‍ ഹയര്‍ സെക്കന്റ്റെറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ്സുകാരനായ ഈ മിടുക്കന്റെ പാട്ട് നമ്മുടെയെല്ലാം മനസ്സ് നിറയ്ക്കുന്നതാണെന്നും വിദ്യാഭ്യാസം എന്നത് കേവലം അക്ഷരങ്ങള്‍ പഠിക്കല്‍ മാത്രമല്ല, ഓരോ കുട്ടിയുടെയും ഉള്ളിലുള്ള കഴിവുകളെ തിരിച്ചറിഞ്ഞ് അവയെ പരിപോഷിപ്പിക്കുക കൂടിയാണെന്നും മന്ത്രി പറഞ്ഞു. അജ്മലിനെപ്പോലെയുള്ള പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാന്‍ വിദ്യാലങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും മന്ത്രി കുറിച്ചു.
പാട്ടുപാടുന്ന വീഡിയോ മന്ത്രി പങ്കുവെച്ചതോടെ സമൂഹമാധ്യമങ്ങളിലും വൈറലാണ്. ഇതോടെ നാട്ടിലും സ്‌കൂളിലും താരമാണ് അജ്മല്‍. ഇതിനോടകം തന്നെ നിരവധി പേരാണ് അജ്മലിനെ പ്രശംസിച്ചു രംഗത്തെത്തി.