യൂട്യൂബ് വീഡിയോകളും, ഗെയിമുകളുമായി മൊബൈൽ ഫോൺ കുഞ്ഞുങ്ങളെ സാരമായി ബാധിക്കുന്നുണ്ടെങ്കിലും ചിലപ്പോൾ അത് ജീവൻ വരെ രക്ഷിച്ചേക്കാം. അങ്ങനെയൊരു അസാധാരണ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഒരു കൊച്ചുകുട്ടിയുടെ മനോധൈര്യം കാണിക്കുന്നതാണ് തെലങ്കാനയിൽ നിന്നുള്ള ഈ വീഡിയോ.
ഒരു കൊച്ചുകുഞ്ഞ് കാറിൽ കുടുങ്ങിയാൽ എന്തുചെയ്യും? പെട്ടെന്ന് ഫയർഫോഴ്സിൽ വിളിച്ച് കാർ കുത്തിപ്പൊളിക്കാമെന്നാണ് ചിന്തയെങ്കിൽ പൈദ്ദപ്പള്ളി ജില്ലയിലെ സുൽത്താനാബാദ് നിവാസികൾ ചിന്തിച്ചത് അങ്ങനെയല്ല. അവർ ഒരു യൂട്യൂബ് ട്യൂട്ടോറിയൽ കാണിച്ചാണ് കുഞ്ഞിനെ പുറത്തെടുത്തത്. കഥ ഇങ്ങനെയാണ്.
ചാർമി എന്ന കൊച്ചു പെൺകുട്ടി അബദ്ധത്തിൽ ഒരു കാറിനുള്ളിൽ കുടുങ്ങിയത്. ഒരു വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി ഹൈവേയിലെ മധുരപലഹാരക്കടയിൽ കയറിയതായിരുന്നു കുടുംബം. ചാർമിയെ ഇവർ കാറിലിരുത്തി. ഒപ്പം അബദ്ധത്തിൽ കാറിന്റെ താക്കോലും വാഹനത്തിനുള്ളിൽ മറന്നുവെച്ചു. പിന്നാലെ ചാർമി കാറിനകത്ത് കുടുങ്ങുകയായിരുന്നു.
ഉത്കണ്ഠാകുലരായ ബന്ധുക്കൾ അരമണിക്കൂറോളം ചാർമിയെ പുറത്തെടുക്കാനായി പരിശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സഹായിക്കാനെത്തിയ നാട്ടുകാരും, കാറിന്റെ ജനാലകൾ തകർത്ത് കുഞ്ഞിനെ പുറത്തെടുക്കാൻ ശ്രമിച്ചു. എന്നാൽ കുഞ്ഞ് തളരാൻ തുടങ്ങിയിരുന്നു.
സ്ഥിതി കൂടുതൽ വഷളായപ്പോൾ, ഒരു ചെറുപ്പക്കാരൻ തൻ്റെ ഫോണുമായി മുന്നോട്ടുവന്നു. കുട്ടിയെ രക്ഷിക്കാൻ യുവാവിന് ഒരു 'ഐഡിയ'യുണ്ടായിരുന്നു. കാർ അകത്തു നിന്ന് എങ്ങനെ അൺലോക്ക് ചെയ്യാം എന്നതിനെക്കുറിച്ചുള്ള ഒരു യൂട്യൂബ് ട്യൂട്ടോറിയൽ വീഡിയോ യുവാവ് ആ കൊച്ചു പെൺകുട്ടിക്ക് കാണിച്ചുകൊടുത്തു. ഒട്ടും പരിഭ്രാന്തയാവാതെ കുഞ്ഞ് യൂട്യൂബ് വീഡിയോയിലെ നിർദേശങ്ങൾ ശ്രദ്ധാപൂർവം കേട്ടു. അധികം വൈകാതെ തന്നെ സ്വയം കാർ അൺലോക്ക് ചെയ്യാൻ കുട്ടിക്ക് കഴിഞ്ഞു.
വാതിൽ തുറന്ന നിമിഷം, ചാർമിയെ കെട്ടിപിടിക്കാൻ കുടുംബം ഓടിയെത്തി. ഒരു ദുരന്തം ഒഴിവായതിൻ്റെ ആശ്വാസത്തിൽ, ചുറ്റുമുള്ള ജനക്കൂട്ടം നെടുവീർപ്പിട്ടു. അങ്ങനെ ആ സംഭവം ധൈര്യത്തിന്റെയും ടെക്നോളജിയുടെയും ശരിയായ ഉപയോഗത്തിന്റെ കഥയായി അവസാനിച്ചു.