ആഡംബര ഫാഷൻ ബ്രാൻഡ് പ്രാഡ അടുത്തിടെ കോലപൂരി ചെരുപ്പുകളുടെ മോഡൽ 'കോപ്പിയടിച്ചത്' വലിയ വാർത്തയായിരുന്നു. പിന്നാലെ മറ്റൊരു അന്താരാഷ്ട്ര ബ്രാൻഡും ഇന്ത്യയിൽ നിന്നും വീണ്ടും പ്രചോദനം ഉൾക്കൊണ്ടിരിക്കുകയാണ്. ലൂയി വിറ്റോണിന്റെ ഏറ്റവും പുതിയ മെൻസ് വെയർ കലക്ഷനാണ് ഇപ്പോൾ ഇൻ്റർനെറ്റിൽ ചർച്ച. ആഡംബരം കൂടിയത് കൊണ്ടല്ല, മറിച്ച് ഇന്ത്യൻ ഓട്ടോറിക്ഷയ്ക്ക് സമാനമായ മോഡൽ ബാഗ് അവതരിപ്പിച്ചിരിക്കുകയാണ് ഫ്രഞ്ച് ഫാഷൻ ഭീമൻമാരായ ലൂയിസ് വിറ്റോൺ. ബാഗിൻ്റെ വില കേട്ട് മൂക്കത്ത് വിരൽ വെച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ.
എൽവിയുടെ 2026 സ്പ്രിംഗ്/സമ്മർ റൺവേയിലൂടെയാണ് ഓട്ടോറിക്ഷ ബാഗ് ബ്രാൻഡ് അവതരിപ്പിച്ചിരിക്കുന്നത്. 35 ലക്ഷം രൂപയാണ് ബാഗിൻ്റെ വില. മഞ്ഞ നിറവും മൂന്ന് വീലുകളുമായി ഹാൻഡിൽ ബാറുമെല്ലാമായി ഒരു മിനി ഓട്ടോറിക്ഷ തന്നെയാണ് ബാഗ്. ലൂയി വിറ്റോൺ വിചിത്രമായ ഡിസൈനുകൾ ഉപയോഗിക്കുന്നത് ഒരു പുതിയ കാര്യമല്ല. വിമാനങ്ങളുടെയും ലോബ്സ്റ്ററുകളുടെയും ഡോൾഫിനുകളുടെയും ആകൃതിയിലുള്ള ബാഗുകളും എൽവി മുൻപ് പുറത്തിറക്കിയിട്ടുണ്ട്.
എന്നാൽ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഒരു ജീവൻരക്ഷാമാർഗമാണ് ഓട്ടോറിക്ഷകൾ. ഇതിനെ ഒരു ഫാഷനായി കാണുന്ന ലൂയി വിറ്റോണിനെതിരെ വലിയ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ആഡംബര ബ്രാൻഡുകൾ മിഡിൽ ക്ലാസ് ഇന്ത്യയുടെ പ്രതീകത്തെ സ്വീകരിച്ച് എലൈറ്റ് വിലയ്ക്ക് അത് വിൽക്കുകയാണെന്നാണ് ഉയരുന്ന പ്രധാന വിമർശനം. ഈ ഒരൊറ്റ ഡിസൈനർ പീസിന്റെ വിലയ്ക്ക് നിങ്ങൾക്ക് 15 ഒറിജിനൽ ഓട്ടോകൾ വാങ്ങാൻ കഴിയുമെന്നാണ് മറ്റൊരു സോഷ്യൽ മീഡിയ ഉപയോക്താവിൻ്റെ കമൻ്റ്.
ആഗോള ഫാഷൻ വ്യവസായത്തിലെ ഇരട്ടത്താപ്പുകളെക്കുറിച്ചും ചിലർ വിമർശനമുന്നയിച്ചു. ഒരു ഇന്ത്യൻ ഡിസൈനറാണ് ഇങ്ങനെയൊരു ബാഗ് നിർമിക്കുന്നതെങ്കിൽ ഇത്തരം പ്രശംസകളും ലോകശ്രദ്ധയും ലഭിക്കുമോ എന്നാണ് അവരുടെ ചോദ്യം. മറ്റു ഉപയോക്താക്കളാവട്ടെ ഡിസൈനിനെ നർമരൂപത്തിൽ വിമർശിക്കുകയാണ്. മീറ്റർ നോക്കിയാണോ വില നിശ്ചയിക്കുന്നെന്നാണ് ഒരു ഉപയോക്താവിൻ്റെ ചോദ്യം, ഒരു സൗത്ത് ഡൽഹി ആന്റി തന്റെ ഓഡിയിൽ നിന്ന് ഇതുമായി ഇറങ്ങുന്നത് കാണുന്നതിനെ കുറിച്ച് ആലോചിക്കാനെ കഴിയുന്നില്ലെന്ന് മറ്റൊരു ഉപയോക്താവ് പരിഹാസ രൂപേണ പറഞ്ഞു.