റീലിന് കമന്റിട്ടത് സാക്ഷാൽ ലയണൽ മെസ്സി...! ത്രില്ലിൽ യാദിൽ

സ്പാനിഷ് ഭാഷയിലാണ് മെസ്സിയുടെ കമന്റ് എത്തിയത്
റീലിന് കമന്റിട്ടത് സാക്ഷാൽ ലയണൽ മെസ്സി...! ത്രില്ലിൽ യാദിൽ
Published on
Updated on

കൊച്ചി: സാക്ഷാൽ ലയണൽ മെസ്സി തന്നെ തന്റെ റീലിന് കമന്റിട്ട ത്രില്ലിലാണ് മലയാളി ആരാധകൻ യാദിൽ. ജന്മദിനാശംസകൾ നേർന്ന് യാദിൽ തന്റെ ഇൻസ്റ്റഗ്രാമിലിട്ട പോസ്റ്റിനാണ് മെസ്സി തന്റെ ഔദ്യോഗിക അക്കൗണ്ടിൽ നിന്ന് നേരിട്ട് മറുപടി നൽകിയത്. സ്പാനിഷ് ഭാഷയിലാണ് മെസ്സിയുടെ കമന്റ് എത്തിയത്. "Gracias Yadil!" എന്നായിരുന്നു സ്പാനിഷ് ഭാഷയിൽ മെസ്സിയിട്ട കമന്റ്. മെസ്സി ആരാധകൻ എന്ന നിലയിൽ സമൂഹമാധ്യമങ്ങളിൽ ഏറേ ശ്രദ്ധേയനാണ് കൊടുങ്ങല്ലൂർ സ്വദേശി യാദിൽ.

ഫുട്ബാൾ ദൈവമായി ആരാധിക്കുന്ന താരം സ്വന്തം പേരെടുത്ത് വിളിച്ച് നന്ദി പറഞ്ഞതിന്റെ അമ്പരപ്പിലും വലിയ ആവേശത്തിലുമാണ് യാദിൽ. മെസ്സിയുടെ ഈ സ്വപ്നതുല്യമായ കമന്റ് ഇതിനോടകം ഇൻസ്റ്റഗ്രാമിൽ വൈറലായിക്കഴിഞ്ഞു. നിരവധി പേരാണ് മെസ്സിയുടെ കമന്റ് നേരിട്ട് കാണാനായി യാദിലിന്റെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തുന്നത്. കേരളത്തിലെ അർജന്റീന ആരാധക കൂട്ടായ്മകളും ഈ വാർത്ത വലിയ ആഘോഷമാക്കിയിരിക്കുകയാണ്.

റീലിന് കമന്റിട്ടത് സാക്ഷാൽ ലയണൽ മെസ്സി...! ത്രില്ലിൽ യാദിൽ
മാജിക്.. മാസ്റ്ററി.. മെസ്സി..! കാല്‍പ്പന്തിൻ്റെ മിശിഹായ്ക്ക് ഇന്ന് 39ാം പിറന്നാള്‍

മലയാളി ഫുട്ബോൾ പ്രേമികൾക്ക് അർജന്റീനയോടും ലയണൽ മെസ്സിയോടുമുള്ള ആരാധന ലോകപ്രശസ്തമാണ്. 2022ലെ ഖത്തർ ലോകകപ്പ് സമയത്ത് കേരളത്തിലെ ഫുട്ബോൾ ആവേശം ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കോഴിക്കോട് പുള്ളാവൂർ പുഴയിൽ ഉയർന്ന മെസ്സിയുടെ കൂറ്റൻ കട്ടൗട്ട് ഫിഫയുടെ ഔദ്യോഗിക പേജുകളിലും അന്താരാഷ്ട്ര മാധ്യമങ്ങളിലും വലിയ വാർത്തയായിരുന്നു.

ലോകകപ്പ് വിജയത്തിന് ശേഷം അർജന്റീന ഫുട്ബോൾ അസോസിയേഷനും കേരളത്തിലെ ആരാധകരുടെ പിന്തുണയ്ക്ക് പ്രത്യേകമായി നന്ദി അറിയിച്ച് രംഗത്തെത്തിയിരുന്നു. ലോകകപ്പ് സമയത്ത് ഇൻസ്റ്റഗ്രാമിലൂടെ കേരളത്തിലെ ആരാധകരുടെ വീഡിയോ മെസ്സി തന്നെ പങ്കുവെച്ചതും വലിയ വാർത്തയായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ നേരിട്ട് ഒരു മലയാളി ആരാധകന്റെ പേരെടുത്ത് പരാമർശിച്ചുകൊണ്ട് താരം വീണ്ടും വാർത്തകളിൽ നിറയുന്നത്.

News Malayalam 24x7
newsmalayalam.com