ഒരു അത്യാവശ്യ കാര്യത്തിന് പോകുന്ന വഴി റെയിൽ വേ ക്രോസിൽ കുടുങ്ങുന്നത് എന്തൊരു കഷ്ടമാണല്ലേ? ചിലപ്പോഴൊക്കെ വണ്ടി എടുത്ത് അപ്പുറത്ത് വെയ്ക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് തോന്നാറുമുണ്ട്. എന്നാൽ റെയിൽ വേ ക്രോസിൻ്റെ മറുപുറത്തെത്താൻ അക്ഷരാർഥത്തിൽ ബൈക്ക് ചുമന്ന് നടക്കുകയാണ് ഒരു യുവാവ്. സംഭവത്തിൻ്റെ വീഡിയോ ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാണ്.
ജിസ്റ്റ് ന്യൂസ് എന്ന് ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. വീഡിയോയിൽ ഇയാൾ അനായാസം ബൈക്ക് ചുമന്ന് നടക്കുന്നതായി കാണാം. 112 കിലോ തൂക്കം വരുന്ന ബൈക്ക് പൊന്തിച്ച് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുകയാണ് യുവാവ്. മറ്റുള്ളവർ ഗേറ്റ് തുറക്കാനായി കാത്തിരിക്കുമ്പോൾ അയാൾ ബൈക്കുമായി നടക്കുകയാണ്.
ബൈക്ക് പൊക്കി നടക്കുന്ന "ബാഹുബലി" എന്നാണ് ചില ഉപയോക്താക്കൾ യുവാവിനെ വിശേഷിപ്പിക്കുന്നത്. എന്നാൽ നിയമം പാലിക്കാതെ ഇത്തരം സ്റ്റണ്ടുകൾ നടത്തുന്നതിനെതിരെ വിമർശനവും ഉയരുന്നുണ്ട്. അതേസമയം ഇതെവിടെ നടക്കുന്നതാണെന്നോ, എന്ന് സംഭവിച്ചതാണെന്നോ വ്യക്തമല്ല.
ഐഎഎസ് ഉദ്യോഗസ്ഥന് പോലും ഇത്ര തിടുക്കമില്ലെന്നാണ് ഒരു ഉപയോക്താവിൻ്റെ വിമർശനം. "പുരുഷന്മാരുടെ ജീവിതം കഠിനമാണ്. മദ്യപിക്കാനായി ഓടുകയാണോ അതോ ജോലിക്കായി പോകുകയാണോ എന്ന് ആർക്കറിയാം?" മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു."ഈ അപരിഷ്കൃതരായ ആളുകളെ ശിക്ഷിക്കണം. അവരുടെ ലൈസൻസ് റദ്ദാക്കണം," മൂന്നാമത്തെ ഉപയോക്താവ് പ്രതികരിച്ചു. പൗരബോധമില്ലാത്ത ആളുകളാണ് ഇത്തരം സ്റ്റണ്ടുകൾ ചെയ്യുന്നതെന്നും നെറ്റിസൺസ് പ്രതികരിക്കുന്നു.