
1997 ല്‍ കിഴക്കന്‍ പാക് പര്‍വതമേഖലയിലൂടെ യാത്ര ചെയ്ത നസറുദ്ദീനെ ഒരു ശീതകാറ്റ് എടുത്തു കൊണ്ടുപോയി. ആ യുവാവിന്റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നു, ഇപ്പോള്‍ 28 വര്‍ഷത്തിന് ശേഷം. മഞ്ഞുമലയില്‍ പുതഞ്ഞായിരുന്നു കിടപ്പ്. സമീപത്ത് നിന്ന് കിട്ടിയ ഐഡി കാര്‍ഡാണ് ആളെ തിരിച്ചറിയാന്‍ കാരണം.
മഞ്ഞില്‍ പുതഞ്ഞുപോയതിനാല്‍ മൃതദേഹത്തിന് കാര്യമായ രൂപമാറ്റം സംഭവിക്കാത്ത രീതിയിലായിരുന്നു നസറുദ്ദീന്റെ മൃതദേഹം കിടന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു. കിഴക്കന്‍ കൊഹിസ്താനിലെ ലേഡി വാലിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനൊപ്പം കണ്ടെത്തിയ ഐഡി കാര്‍ഡില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്.
ആട്ടിന്‍പറ്റങ്ങളെ മേച്ച് നടക്കുന്നവരാണ് മൃതദേഹം കണ്ടെത്തിയത്. മഞ്ഞുപാളികള്‍ക്കിടയില്‍ ആയതിനാല്‍ വസ്ത്രങ്ങളിലോ മുഖത്തോ കാര്യമായ വ്യത്യാസം സംഭവിച്ചിട്ടില്ലായിരുന്നു. ശരീരത്തിന് ഒരു കേടുപാടും ലഭിക്കാതെ കണ്ടെത്തിയ മൃതദേഹം അത്ഭുതപ്പെടുത്തിയെന്ന് ആട്ടിടയനായ ഒമര്‍ഖാന്‍ ബിബിസി ഉറുദുവിനോട് പറഞ്ഞു. പിന്നീട് പൊലീസെത്തിയാണ് ആളിന്റെ വിലാസവും മറ്റ് വിവരങ്ങളും കണ്ടെത്തിയത്.
അതിശക്തമായ മഞ്ഞുകാറ്റിനെ തുടര്‍ന്ന് നസീറുദ്ദീന്‍ അപകടത്തില്‍പ്പെട്ടതെന്നാണ് നിഗമനം. ഭാര്യയും രണ്ട് മക്കളുമുണ്ടായിരുന്ന നസീറുദ്ദീന്‍ സഹോദരന്‍ കദീറുദ്ദീനോടൊപ്പം പര്‍വതമേഖലയില്‍ നിന്ന് കുതിരപ്പുറത്ത് മടങ്ങവേയാണ് ശക്തമായ മഞ്ഞുകാറ്റില്‍ അപകടം സംഭവിച്ചത്. മഞ്ഞുപാതത്തെ തുടര്‍ന്ന് സഹോദരന്‍ ഒരു കിടങ്ങിലേക്ക് തെറിച്ച് വീണുപോകുകയായിരുന്നുവെന്ന് കദീറുദ്ദീന്‍ ബിബിസിയോട് പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുണ്ടായ മഞ്ഞുരുക്കവും ഹിമാനികള്‍ സംഭവിച്ച മാറ്റവുമാണ് ഇപ്പോള്‍ മൃതദേഹം കണ്ടെത്താന്‍ പോലും കാരണമെന്ന് മഞ്ഞുപാളികളെക്കുറിച്ച് പഠനം നടത്തുന്ന ഇസ്ലാമാബാദ് കോംസാറ്റ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ മുഹമ്മദ് ബിലാല്‍ പറഞ്ഞു.
അപകടം നടന്ന സമയത്ത് ഗ്രാമീണരുടെ സഹായത്തോടെ ഏറെ തെരഞ്ഞെങ്കിലും ആളെ കണ്ടെത്തായില്ല. തുടര്‍ന്ന് തെരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നുവെന്ന് സഹോദരന്‍ പറഞ്ഞു. ഏതായാലും 28 കൊല്ലം കാത്തിരിക്കേണ്ടി വന്നിരിക്കുന്നു ആളെ കണ്ടെത്തി മരിച്ചെന്ന് ഉറപ്പുവരുത്താന്‍.