യുഎസ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ് മുതൽക്കെ ചങ്കും കരളുമായി നടന്നിരുന്നവരാണ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും ശതകോടീശ്വരൻ ഇലോൺ മസ്കും. എന്നാൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി കഥ മാറിയിരിക്കുകയാണ്. ലൈംഗിക കുറ്റവാളിയും ഫിനാന്‍സിയറുമായ ജെഫ്രി എപ്സ്റ്റീന്റെ കേസ് ഫയലുകളില്‍ ട്രംപിൻ്റെ പേരുണ്ടെന്ന മസ്കിൻ്റെ വെളിപ്പെടുത്തൽ കൂടിയായതോടെ അക്ഷരാർഥത്തിൽ ട്രംപ്-മസ്ക് യുദ്ധം തന്നെ തുടങ്ങി. ഇതോടെ ഇരുവരുടെയും 'ബ്രോമാൻസ്' അവസാനിച്ചതിനെ ചൊല്ലിയുള്ള ട്രോളുകളാൽ നിറയുകയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ.
മസ്ക് vs ട്രംപ് എന്ന ഹാഷ്‌ടാഗോടെയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റുകളെത്തുന്നത്. 'ബ്ലോക്ക്ബസ്റ്റർ സിനിമ' എന്നാണ് ഒരു എക്സ് ഉപയോക്താവ് ട്രംപ്-മസ്ക് യുദ്ധത്തെ വിശേഷിപ്പിച്ചത്.
"മസ്‌ക് v/s ട്രംപ് യുദ്ധം കാണാൻ പണം വേണ്ടെന്നത് (ഫ്രീ ടു എയർ) വളരെ മികച്ച കാര്യമാണ്. അതിനാൽ നമുക്കെല്ലാവർക്കും ഇത് ആസ്വദിക്കാൻ കഴിയും. #MuskVsTrump"- ഒരു ഉപയോക്താവ് കുറിച്ചു.
റാപ്പർമാരായ ഡ്രേക്ക്, കെൻഡ്രിക് ലാമർ എന്നിവർ തമ്മിലുള്ള ഡ്രാമയുമായും, "മീൻ ഗേൾസ്" എന്ന നെറ്റ്ഫ്ലിക്സ് സീരിസുമായും ഇരുവരുടെയും യുദ്ധത്തെ താരതമ്യം ചെയ്യുകയാണ് മറ്റൊരു ഉപയോക്താവ്. ട്രംപ് പ്ലാസയ്ക്ക് മുന്നിൽ കത്തുന്ന ടെസ്‌ല കാറാണ് മറ്റൊരു മീം.
'ദി സിംപ്‌സൺസ്' എന്ന സീരീസിലെ രംഗം എഡിറ്റ് ചെയ്ത മീമും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
യുഎസ് കാര്യക്ഷമതാ വകുപ്പില്‍ (DOGE) നിന്ന് പടിയിറങ്ങിയതിനു പിന്നാലെയാണ് ട്രംപ്-മസ്ക് യുദ്ധം ആരംഭിക്കുന്നത്. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ലയ്ക്ക് പ്രയോജനം ചെയ്യുന്ന സബ്സിഡികൾ വെട്ടിക്കുറയ്ക്കാൻ ട്രംപ് തീരുമാനിച്ചതോടെ തർക്കം സോഷ്യൽ മീഡിയയിൽ ചർച്ചയായി. "ക്ഷമിക്കണം, ഇനി എനിക്കിത് സഹിക്കാൻ കഴിയില്ല. ഈ അതിരുകടന്ന സ്പെൻഡിങ് ബിൽ മ്ലേച്ഛതയാണ്. ഇതിന് വോട്ട് ചെയ്തവരെ ഓർത്ത് ലജ്ജിക്കുന്നു. നിങ്ങൾ തെറ്റ് ചെയ്തുവെന്ന് നിങ്ങൾക്കറിയാം," മസ്‌ക് എക്‌സിൽ പോസ്റ്റ് ചെയ്തു.
താൻ ഇല്ലായിരുന്നങ്കിൽ ഡൊണാള്‍ഡ് ട്രംപ് 2024 പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ തോൽക്കുമായിരുന്നുവെന്നും ഇലോണ്‍ മസ്ക് പറഞ്ഞു. ട്രംപ് നന്ദികേടാണ് പറയുന്നത്. "ഞാനില്ലായിരുന്നെങ്കിൽ ട്രംപ് തെരഞ്ഞെടുപ്പിൽ തോൽക്കുമായിരുന്നു. ഡെമോക്രാറ്റുകള്‍ ഹൗസ് നിയന്ത്രിക്കുമായിരുന്നു. റിപ്പബ്ലിക്കൻമാരുടെ സെനറ്റിലെ സീറ്റ് നില 51-49 എന്നാകുമായിരുന്നു," മസ്ക് എക്സ് പോസ്റ്റില്‍ അവകാശപ്പെട്ടു.
ട്രംപിൻ്റെ താരിഫ് നയങ്ങൾക്കെതിരെയും ഇലോൺ മസ്ക് രംഗത്തെത്തി. രാജിവെച്ച ഡോജ് മുൻ മേധാവിയിൽ താൻ 'നിരാശനാണെന്ന്' ട്രംപ് പറഞ്ഞതിന് പിന്നാലെയായിരുന്നു മസ്കിൻ്റെ പ്രതികരണങ്ങള്‍.
ഡൊണാൾഡ് ട്രംപും വിട്ടുകൊടുത്തില്ല. നികുതി ബില്ലിനെ എതിർത്ത മസ്‌കിനെ കിറുക്കന്‍ എന്നാണ് പരസ്യമായി ട്രംപ് വിശേഷിപ്പിച്ചത്. ബജറ്റിൽ കോടിക്കണക്കിന് ഡോളറുകൾ ലാഭിക്കാനുള്ള ഏറ്റവും എളുപ്പ മാർഗം, ഇലോണിൻ്റെ സർക്കാർ സബ്‌സിഡികളും കരാറുകളും അവസാനിപ്പിക്കുക എന്നതാണെന്നും യുഎസ് പ്രസിഡൻ്റ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. എന്തായാലും യുദ്ധം പരസ്യമായ സ്ഥിതിക്ക് ഇനി എന്താവുമെന്ന് കണ്ടറിയാം.