
ന്യൂയോർക്ക്: പ്രേതബാധയുണ്ടെന്ന് സംശയിക്കുന്ന രക്തദാഹിയായ 'അനബെല്ല പാവ'യെ കുറിച്ച് പഠിക്കുന്ന പാരാനോർമൽ അന്വേഷകനെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. പാരാനോർമൽ അന്വേഷകനായ ഡാൻ റിവേര (54) ആണ് മരിച്ചത്. ഒരാഴ്ചയോളമായി അനബെല്ലയുടെ പ്രദർശനമായ 'ഡെവിൾസ് ഓൺ ദി ടൂറു'മായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു അദ്ദേഹം. ഇതിന് പിന്നാലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
1952ൽ മൺറോ പാരാനോർമൽ ഗവേഷകരായ എഡ്, ലോറൈൻ വാറൻ എന്നിവർ ചേർന്ന് രൂപീകരിച്ച 'ന്യൂ ഇംഗ്ലണ്ട് സൊസൈറ്റി ഫോർ സൈക്കിക് റിസർച്ചി'ലെ (എൻഇഎസ്‌പിആർ) സീനിയർ ലീഡ് ഇൻവെസ്റ്റിഗേറ്ററായിരുന്നു റിവേര.
ജൂലൈ 13ന് ഞായറാഴ്ച ഗെറ്റിസ്ബർഗിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയതായി പെൻസിൽവാനിയയിലെ പ്രാദേശിക വാർത്താ ഏജൻസിയായ ഈവനിംഗ് സൺ റിപ്പോർട്ട് ചെയ്തു.
അതേസമയം, അദ്ദേഹത്തിന്റെ മരണത്തിൽ നിലവിൽ സംശയാസ്പദമായി ഒന്നും തോന്നുന്നില്ലെന്നും പോസ്റ്റ്‌മോർട്ടം ഫലം കാത്തിരിക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ ഈവനിങ് സണ്ണിനോട് പറഞ്ഞു.
റിവേരയെ സഹപ്രവർത്തകർ അദ്ദേഹത്തിൻ്റെ മുറിയിൽ ബോധരഹിതനായി കണ്ടെത്തിയെന്നും സംഭവസ്ഥലത്ത് അസ്വാഭാവികമോ സംശയാസ്പദമോ ആയി ഒന്നും തന്നെ കണ്ടെത്തിയില്ലെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.