ക്രിയേറ്റിവിറ്റിയുടെ കാര്യത്തിൽ മലയാളികൾ വേറെ ലെവൽ ആണെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. പത്തനംതിട്ട അടൂരിലെ ഓൾ സെയിന്റ്സ് പബ്ലിക് സ്കൂൾ ഒരു ഫാൻസി ഡ്രസ് മത്സരം സംഘടിപ്പിച്ചിരുന്നു. പലരും ബാർബിയും സ്പൈഡർമാനുമെല്ലാമായി എത്തിയപ്പോൾ ഒരു വിരുതൻ എത്തിയത് ഒട്ടകപക്ഷിയുടെ വേഷത്തിലാണ്. ഈ കുഞ്ഞു ഒട്ടകപക്ഷിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം.
വലിപ്പമേറിയ കൊക്കും, തൂവലുകളുള്ള ചിറകുകളും, നീണ്ട കാലുകളുമെല്ലാമുള്ള ഉഗ്രൻ ഒട്ടകപക്ഷിയെയാണ് കുട്ടി വേദിയിൽ അവതരിപ്പിച്ചത്. എന്നാൽ ഒട്ടകപക്ഷി 'ബലൂൺ മുട്ട' കൂടി ഇടുന്നതോടെ പ്രേക്ഷകർ ചിരി തുടങ്ങുകയാണ്. മുട്ടയിട്ട് ഓടി നടന്ന ഒട്ടകപക്ഷിയെ ഒടുവിൽ അധ്യാപികയാണ് വേദിക്ക് പുറകിലേക്ക് കൊണ്ടുപോകുന്നത്.
കുട്ടിയുടെ രസകരമായ ഒട്ടകപ്പക്ഷി വേഷം ഇൻ്റർനെറ്റ് ലോകത്തിന് നന്നായി ബോധിച്ചു. കൈലാഷ്. ആർ എന്ന വ്യക്തിയാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വേഷത്തിൻ്റെ ബിടിഎസും കൈലാഷ് പങ്കുവെച്ചിട്ടുണ്ട്.
2025 ഓഗസ്റ്റ് 12-ന് പങ്കിട്ട വീഡിയോ 28 മില്ല്യൺ ആളുകളാണ് ഇതിനോടകം കണ്ടത്. വീഡിയോക്ക് എട്ട് ലക്ഷത്തിനടുത്ത് ലൈക്കുകളുമുണ്ട്. ഓൺലൈൻ വസ്ത്ര വ്യാപാരികളായ അജിയോ അടക്കം വീഡിയോക്ക് കീഴെ കമൻ്റിട്ടിരിക്കുന്നതായും കാണാം. കുട്ടിയുടെ സർഗ്ഗാത്മകതയെയും ആത്മവിശ്വാസത്തെയും പ്രശംസിക്കുകയാണ് സോഷ്യൽ മീഡിയ മുഴുവൻ.
ഇത് എന്തായാലും കുട്ടിയുടെ അച്ഛൻ്റെ ഐഡിയ ആയിരിക്കുമെന്നാണ് ഒരു ഉപയോക്താവ് കമൻ്റ് ബോക്സിൽ കുറിച്ചത്. ഈ കുട്ടിക്ക് ഒരു വലിയ ഓസ്കാർ നൽകണമെന്ന് മറ്റൊരു ഉപയോക്താവ് കുറിച്ചു. ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും രസകരമായ ഫാൻസി ഡ്രസ് എൻട്രികളിൽ ഒന്നാണ് ഇതെന്നും ഉപയോക്കാക്കൾ പറയുന്നു.