വര്‍ക്ക് സ്‌ട്രെസ്സ് കുറയ്ക്കുന്ന പെറ്റ്‌സ്; ഹൈദരാബാദില്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയില്‍ ചീഫ് ഓഫീസറായി ഒരു ഗോള്‍ഡന്‍ റിട്രീവര്‍

ഡെന്‍വര്‍ എന്നാണ് ചീഫ് ഹാപ്പിനസ് ഓഫീസറായി നിയമിക്കപ്പെട്ട നായയുടെ പേര്. സ്ഥാപനം പെറ്റ് സൗഹൃദമാണെന്ന് പ്രഖ്യാപിക്കുക കൂടിയായിരുന്നു ഇതിലൂടെ ചെയ്തത്.
Golden Retriever
Golden RetrieverLinkedIn/Rahul Arepaka
Published on

ഹൈദരാബാദിലെ ഒരു സ്റ്റാര്‍ട്ട് അപ്പ് കമ്പനി ചീഫ് ഹാപ്പിനസ് ഓഫീസറായി നിയമിച്ചത് ഒരു ഗോള്‍ഡന്‍ റിട്രീവറിനെയാണ്. ഹാര്‍വെസ്റ്റിങ് റോബോര്‍ട്ടിക്‌സിന്റെ സഹ സ്ഥാപകനായ രാഹുല്‍ അരേപകയാണ് തങ്ങളുടെ കമ്പനി പുതുതായി നിയമിച്ച അംഗത്തിന്റെ ചിത്രം ലിങ്ക്ഡ്ഇന്നില്‍ പങ്കുവെച്ചത്. ഇതോടെ സോഷ്യൽ മീഡിയയിൽ ചിത്രം ട്രെന്‍ഡിങ് ആവുകയാണ്.

ഡെന്‍വര്‍ എന്നാണ് ചീഫ് ഹാപ്പിനസ് ഓഫീസറായി നിയമിക്കപ്പെട്ട നായയുടെ പേര്. സ്ഥാപനം പെറ്റ് സൗഹൃദമാണെന്ന് പ്രഖ്യാപിക്കുക കൂടിയായിരുന്നു ഇതിലൂടെ ചെയ്തത്.

'ഞങ്ങളുടെ പുതിയ അംഗത്തെ പരിചയപ്പെടൂ.... ഇതാണ് ഡെന്‍വര്‍ പുതിയ ചീഫ് ഹാപ്പിനെസ് ഓഫീസര്‍. അവന്‍ ഒന്നിനെയും ശ്രദ്ധിക്കില്ല. ഒന്നും അവനെ ബാധിക്കില്ല. പകരം എല്ലാവരുടെയും ഹൃദയം കീഴടക്കും. എല്ലാവരുടെയും എനര്‍ജി ഉയര്‍ത്തുന്നതിന് കാരണമാകും. മാത്രമല്ല, ഞങ്ങള്‍ ഔദ്യോഗികമായി തന്നെ പെറ്റ് സൗഹൃദ സ്ഥാപനമാണെന്ന് ഇതിലൂടെ പ്രഖ്യാപിക്കുക കൂടി ചെയ്യുകയാണ്,' രാഹുല്‍ ലിങ്ക്ഡ് ഇന്‍ പോസ്റ്റില്‍ പറഞ്ഞു.

കര്‍ഷകര്‍ക്ക് കാര്‍ഷിക വിളകളെ സഹായിക്കുന്ന ലേസര്‍ വീഡിങ് ടെക്‌നോളജി വികസിപ്പിക്കുകയാണ് ഹാര്‍വെസ്റ്റിങ് റോബോര്‍ട്ടിക്‌സ് ചെയ്യുന്നത്. രാഹുല്‍ ഇതുമായി ബന്ധപ്പെട്ട് പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ തന്നെ നിരവധി പേര്‍ അതില്‍ സ്‌നേഹം പങ്കുവെക്കുന്ന തരത്തിലുള്ള കമന്റുകളുമായി രംഗത്തെത്തി.

എല്ലാവരെയും സന്തോഷിപ്പിച്ച് ഡെന്‍വര്‍ തളര്‍ന്നു പോയല്ലോ എന്നാണ് ഒരാള്‍ പോസ്റ്റില്‍ കമന്റ് ചെയ്തിരിക്കുന്നത്. ഇതുപോലെ മറ്റു കമ്പനികളും ചീഫ് ഹാപ്പിനെസ് ഓഫീസര്‍മാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടും ചിലര്‍ കമന്റു ചെയ്തുകൊണ്ട് രംഗത്തെത്തി.

പെറ്റ് സൗഹൃദ കമ്പനികള്‍ ഇപ്പോള്‍ പലയിടങ്ങളിലുമുള്ള കാഴ്ചയാണ്. ആമസോണ്‍, ഗൂഗിള്‍, സാപ്പോസ് തുടങ്ങി പല കമ്പനികളിലും പെറ്റുകളെ അനുവദിക്കുന്നുണ്ട്. മൃഗങ്ങളുടെ സാമീപ്യം വര്‍ക്ക് സ്‌ട്രെസ്സ് കുറയ്ക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com