
"ഇങ്ങനെയുള്ള മനുഷ്യര്‍ ഉള്ളതുകൊണ്ടാണ് ഈ ലോകം മനോഹരമാകുന്നത്... നന്മകള്‍ക്ക് തുടര്‍ച്ചകളുണ്ടാകുന്നത്" ഗതാഗത കുരുക്കിലകപ്പെട്ട ആംബുലന്‍സിന് വഴിയൊരുക്കാന്‍, അതിനു മുന്നേ കയറിയോടിയ വനിത പൊലീസിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് പലരും സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. ആരെന്നോ, എന്തെന്നോ അറിയാതെ തന്നെ പലരും ആ ദൃശ്യങ്ങളും വാക്കുകളും ഏറ്റെടുത്തു, സ്വന്തം സമൂഹ മാധ്യമ അക്കൗണ്ടില്‍ പങ്കുവെച്ചു. തൃശൂര്‍ സിറ്റി വനിതാ പൊലീസ് സ്റ്റേഷനിലെ അസി. സബ് ഇൻസ്പെക്ടർ അപര്‍ണ ലവകുമാര്‍ ആയിരുന്നു അതെന്ന് പതുക്കെ എല്ലാവരും തിരിച്ചറിഞ്ഞു. കാരണം, വേദനിക്കുന്ന മനുഷ്യർക്കായുള്ള അപർണയുടെ ഈ ഓട്ടം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.
ചികിത്സയ്ക്കിടെ മരിച്ച സ്ത്രീയുടെ മൃതദേഹം വിട്ടുകിട്ടാൻ പണമില്ലാതെ നിന്ന കുടുംബത്തിന് മറ്റൊന്നും ആലോചിക്കാതെ വള ഊരി നൽകിയ, കാൻസർ രോഗികൾക്ക് വിഗ് ഉണ്ടാക്കി നൽകുന്നതിനായി തന്റെ മുടി മുഴുവനായി മുറിച്ചുനൽകിയ അപർണയെ അത്രപ്പെട്ടന്ന് മലയാളിക്ക് മറക്കാൻ കഴിയില്ല. 2002ലാണ് അപർണ കേരളാ പൊലീസിലെത്തുന്നത്. തുടർന്നുള്ള പൊലീസ് ജീവിതം അപർണയ്ക്ക് യാഥാർഥ പൊതു സേവനത്തിൻ്റേത് തന്നെയായിരുന്നു. 2009 ലാണ് അപർണ ആദ്യമായി വാർത്തകളിൽ നിറയുന്നത്. അന്നായിരുന്നു അപർണയെന്ന മനുഷ്യ സ്നേഹത്തെ കേരളം ആദ്യമായി അറിയുന്നത്.. അനുഭവിക്കുന്നത്.
2008ൽ ഭർത്താവിന്റെ അനിയന്റെ തലയ്ക്കടിയേറ്റ് ചികിത്സയിരിക്കെ മരിച്ച ഒരു സ്ത്രീയുടെ ഇൻക്വസ്റ്റ് നടപടികൾക്കായി എത്തിയപ്പോഴാണ് അപർണ ആ നിർധന കുടുംബത്തിൻ്റെ അവസ്ഥ മനസിലാക്കുന്നത്. അറുപതിനായിരം രൂപയിൽ, പകുതി എങ്കിലും അടയ്ക്കാതെ മൃതദേഹം വിട്ടുകിട്ടില്ലെന്നു ആശുപത്രി തീർത്തുപറഞ്ഞു. എന്നാൽ മൃതദേഹത്തിൽ പുതപ്പിക്കാനുള്ള വെള്ളത്തുണി വാങ്ങാൻ പോലുമുള്ള തുക ആ കുടുംബത്തിനുണ്ടായിരുന്നില്ല. അന്ന് ആരോടും സഹായം ചോദിക്കാൻ നിന്നില്ല അപർണ, മറ്റൊന്നും ആലോചിക്കുക കൂടി ചെയ്യാതെ അപർണ തൻ്റെ മൂന്ന് സ്വർണവള ഊരി നിർബന്ധപൂർവം അവരെ ഏൽപ്പിച്ചു. അന്ന് അവർക്കുമുന്നിൽ അപർണ വച്ചുനീട്ടിയതിൻ്റെ പേരുകൂടിയാണ് മനുഷ്യ സ്നേഹം.
പൊലീസിലേക്ക് സെലക്‌ഷൻ കിട്ടിയപ്പോൾ അപർണയ്ക്കുണ്ടായ ഏക വിഷമം നീണ്ട മുടി മുറിച്ചു കളയേണ്ടി വരുമോ എന്നായിരുന്നു. അത്രയ്ക്ക് പ്രിയപ്പെട്ടതായിരുന്നു അപർണയ്ക്ക് തൻ്റെ മുടി. എന്നാൽ പിന്നീടൊരിക്കൽ ക്യാൻസർ ബാധിച്ചവർക്കു വേണ്ടി അതും വേണ്ടെന്ന് വെച്ച അപർണ വീണ്ടും നമ്മളെ വിസ്മയപ്പെടുത്തി. കാൻസർ ബാധിച്ച് കൊഴിഞ്ഞ മുടിയുമായി ക്ലാസിൽ വരാൻ മടിക്കുന്ന, നിലവാരമുള്ള വിഗ് വാങ്ങാൻ ശേഷിയില്ലാത്ത കുട്ടികളെ കുറിച്ച് അപർണ കേൾക്കുന്നത് ഒരു ടീച്ചറുമായി സംസാരിച്ചപ്പോഴാണ്. അന്നാണ് മുട്ടോളമുള്ള മുടി മുറിക്കാൻ തീരുമാനിക്കുന്നതും. സാമ്പത്തികമായി സഹായിക്കാൻ കഴിയാത്തതിനാലാണ് അങ്ങനെ ചെയ്തതെന്നും ഡിഐജിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് മുടി മുറിച്ചതെന്നും അപർണ തന്നെ അതിനെപ്പറ്റി പറഞ്ഞിട്ടുണ്ട്.
അപർണയ്ക്ക് എങ്ങനെ ഇതൊക്കെ സാധ്യമാകുന്നുവെന്നതാണ് പലരും ചോദിക്കുന്നത്. എന്നാൽ അപർണയുടെ കഥയറിയുന്ന ആർക്കും അത്തരമൊരു ചിന്ത പോലുമുണ്ടാകില്ലെന്നതാണ് സത്യം. ആറാം ക്ലാസുമുതൽ അനാഥാലയത്തിലായിരുന്നു അപർണ പഠിച്ചത്. സാമ്പത്തിക ശേഷിയില്ലാത്ത മാതാപിതാക്കൾ അവിടെ ആക്കുക ആയിരുന്നു. തൃശൂർ പൊലീസ് അക്കാദമിയുടെ എതിർവശത്തുള്ള ക്രൈസ്റ്റ് വില്ല പുവർ ഹോമിൽ പഠിക്കുമ്പോൾ ഒരു പൊലീസുകാരി ആകുമെന്ന് അപർണ ഒരിക്കലും കരുതിയിരുന്നില്ല. വിവാഹം കഴിക്കുമ്പോൾ പോലും ഒരു ജോലി നേടുന്നതിനെക്കുറിച്ചു പോലും ആലോചിച്ചിരുന്നില്ല. ഒരു വീട്ടമ്മ ആയിക്കഴിഞ്ഞാണ് പരീക്ഷ എഴുതുന്നതും പൊലീസിലേക്കു സെലക്ഷൻ കിട്ടുന്നതും.
കഴിഞ്ഞദിവസം, തൃശൂർ അശ്വിനി ജങ്ഷനിൽ ഗതാഗതക്കുരുക്കിൽ കുടുങ്ങിയ ആംബുലൻസിന് വഴിയൊരുക്കിയാണ് അപർണ വീണ്ടും മനുഷ്യ മനുസുകളിലേക്ക് ഓടിക്കയറിയത്. അത്യാസന്ന നിലയിലായ രോഗിയുമായി തൃശൂർ ദിശയിൽ നിന്നു മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു പോകുകയായിരുന്നു ആംബുലൻസ്. താഗതക്കുരുക്കു പതിവായ അശ്വിനി ജങ്ഷനിൽ എത്തിയതും വാഹനങ്ങൾക്കിടയിൽ പെട്ട് ആംബുലൻസിന് അനങ്ങാൻ കഴിയാതെയായി. പിന്നാലെ ഓടിയെത്തിയ അപർണ മുന്നിലുള്ള വാഹനങ്ങൾ നീക്കിയത് ഏറെ പണിപ്പെട്ടാണ്. ആംബുലൻസ് ഡ്രൈവർക്കൊപ്പമുണ്ടായ വ്യക്തി പകർത്തിയ ദൃശ്യമാണ് പൊലീസിന്റെ ഔദ്യോഗിക പേജിലടക്കം തരംഗമായത്. മനുഷ്യ സ്നേഹത്തിൻ്റെ ഓട്ടങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ലെന്ന് പറഞ്ഞുവെയ്ക്കുക കൂടിയാണ് അപർണ.