Punch and GF Aiko
പഞ്ചും കൂട്ടുകാരി ഐകോയും ജപ്പാനിലെ ഇച്ചിക്കാവ സിറ്റിയിലെ മൃഗശാലയിൽ

പഞ്ചിനെ സ്നേഹിച്ചു കൊല്ലാൻ ഒരു കൂട്ടുകാരിയായി... പേര് 'ഐകോ'

പഞ്ചിന് ഒരു കൂട്ടുകാരി വന്നിരിക്കുന്നു എന്ന വാർത്ത സോഷ്യൽ മീഡിയ ഇതിനോടകം തന്നെ ആഘോഷമാക്കി കഴിഞ്ഞു.
Published on

ടോക്കിയോ: ലോകമെമ്പാടുമുള്ള മനുഷ്യരുടെ കണ്ണ് നനയിച്ച കാഴ്ചയായിരുന്നു അമ്മയുടെ പരിലാളനമില്ലാതെ വളരുന്ന പഞ്ചിൻ്റെ സങ്കടക്കാഴ്ച. കൂട്ടിനൊരു പാവ മാത്രമുള്ള കുഞ്ഞിക്കുരങ്ങനെ മുതിർന്നവർ ആക്രമിക്കുകയും ഭയപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന വീഡിയോകൾ ലോകത്തെ കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയം തകർത്തിരുന്നു.

എന്നാൽ കാലം അവൻ്റെ കണ്ണീര് മായ്ച്ചുകളഞ്ഞിരിക്കുകയാണ്. കുഞ്ഞ് പഞ്ച് ജപ്പാനിലെ ഇച്ചിക്കാവ സിറ്റിയിലെ മൃഗശാലയിൽ കൂടുതൽ സന്തോഷവാനായി കാണപ്പെടാൻ തുടങ്ങിയിരിക്കുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പഞ്ചിന് അടുത്തിടെയായി ലഭിച്ചു തുടങ്ങിയ അമ്മയുടെ വാത്സല്യത്തിന് പുറമെ.. പുതിയൊരു കൂട്ടുകാരിയുടെ സ്നേഹവും സാമീപ്യവും കൂടി ലഭിച്ചു തുടങ്ങിയെന്ന സന്തോഷ വാർത്തയാണ് ലോകത്തെ ത്രില്ലടിപ്പിക്കുന്നത്. പഞ്ചിനെ ഒറ്റയ്ക്ക് വിടാതെ സദാസമയവും തൊട്ടുരുമ്മി കൂടെയിരിക്കാനും... ഓടിക്കളിക്കാനും... ഇടയ്ക്കിടെ ഉമ്മ വയ്ക്കാനുമൊക്കെ ഒരു കൂട്ടുകാരി വന്നിരിക്കുന്നു എന്ന വാർത്ത സോഷ്യൽ മീഡിയ ഇതിനോടകം തന്നെ ആഘോഷമാക്കി കഴിഞ്ഞു.

മോമോ ചാൻ, ഐകോ എന്നീ പേരുകളിൽ അറിയപ്പെടുന്ന കൂട്ടുകാരിക്കും സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിരവധി ആരാധകരാണുള്ളത്. നേരത്തെ പഞ്ചിൻ്റേതിന് സമാനമായ ജീവിത സാഹചര്യങ്ങളിലൂടെ തിരസ്കാരത്തിൻ്റെ കയ്പുനീര് രുചിച്ചവളാണ് അവളെന്നും റിപ്പോർട്ടുണ്ട്. നേരത്തെ പഞ്ചിനെ മാത്രം കാണാനായിരുന്നു തിരക്കെങ്കിൽ ഇപ്പോൾ പഞ്ചിനേയും ഗേൾ ഫ്രണ്ടിനേയും കൂടി കാണാനാണ് മൃഗശാലയിൽ തിരക്ക്.

ജനിച്ച ഉടനെ അമ്മ ഉപേക്ഷിച്ച പഞ്ചിന് തണലായത് മൃഗശാലയിലെ പരിചാരകരായിരുന്നു. എന്നാല്‍, മറ്റു കുരങ്ങുകൾ പഞ്ചിനെ കൂട്ടത്തിൽ കൂട്ടാൻ തയ്യാറായില്ല. ഇതോടെ, മൃഗശാല പരിചാരകർ തന്നെ പഞ്ചിന് കൂട്ടായി ഒറാങ്ങുട്ടാൻ പ്ലഷ് ടോയിയെ നൽകി. എല്ലാവരും ഒറ്റപ്പെടുത്തിയ കുഞ്ഞു പഞ്ച് തൻ്റെ പാവയുമായി നടക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ കുഞ്ഞു പഞ്ചിന് പിന്തുണയുമായി സോഷ്യൽ മീഡിയ ഒട്ടാകെ രംഗത്തെത്തി.

പലരും കുഞ്ഞു പഞ്ചിൻ്റെ അവസ്ഥയോർത്ത് കരഞ്ഞു. ചിലർ കുഞ്ഞു പഞ്ചിനെ ദത്തെടുക്കാൻ തയ്യാറാണെന്ന് അറിയിച്ചു. പഞ്ചിനെ നൽകിയാൽ 2 കോടി വരെ വാഗ്ദാനം ചെയ്തു. ഫർണിച്ചർ കമ്പനിയായ ഐകിയ കുഞ്ഞു പഞ്ചിനായി കൂടുതൽ പാവകൾ വരെ വാഗ്ദാനം ചെയ്തു. പിന്നീടാണ് ഏകാകിയായ പഞ്ചിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതും. ജനകോടികൾ അവന് പിന്തുണയ്ക്കാനും സ്നേഹം വർഷിക്കാനും പരസ്പരം മത്സരിച്ചതും.

News Malayalam 24x7
newsmalayalam.com