മരത്തടിയിൽ നിന്നും 'പുണ്യജലമൊഴുകി'; വൃക്ഷത്തെ ആരാധിച്ച് നാട്ടുകാർ; 2025ലും ഇന്ത്യ ഇങ്ങനെയാണോ എന്ന് സോഷ്യൽ മീഡിയ
പ്രകൃതിയെയും പ്രകൃതിപ്രതിഭാസങ്ങളെയുമെല്ലാം ആരാധിക്കുന്നവരാണ് ഇന്ത്യക്കാർ. പലപ്പോഴും അന്ധമായ ചില ആരാധനകൾ ചിരി പടർത്താറുമുണ്ട്. ജലം ഒഴുകിയ മരത്തെ ദൈവമായി കണ്ടവർക്ക് പറ്റിയ അമിളിയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരിക്കുന്നത്.
പൂനെയിലെ പിംപ്ര പ്രേംലോക് പാർക്കിലെ കാഴ്ചയാണ് വൈറലായിരിക്കുന്നത്. പാർക്കിന് സമീപത്തുള്ള ഒരു ഗുൽമോഹർ മരത്തിന്റെ തടിയിൽ നിന്ന് ജലം ഒഴുകികൊണ്ടിരിക്കുകയാണ്. ഒഴുകിവരുന്നത് പുണ്യജലമാണെന്ന് വിശ്വസിച്ച് നാട്ടുകാരെല്ലാം ഭക്തിപൂർവ്വം ഒത്തുകൂടി. രോഗശാന്തി നൽകാൻ ശക്തിയുള്ള അത്ഭുത ജലം ആണെന്ന് പറഞ്ഞ്, ആളുകൾ മരത്തിന്റെ തടിയിൽ മാലകൾ അർപ്പിക്കുകയും മഞ്ഞളും സിന്ദൂരവും പുരട്ടുകയും ചെയ്യുന്നതായി വൈറൽ വീഡിയയോയിൽ കാണാം.
എന്നാൽ "അത്ഭുത ജലത്തിൻ്റെ" ഉറവിടം എവിടെനിന്നാണെന്ന് മനസിലായതോടെയാണ് തങ്ങൾക്ക് പറ്റിയ അമളി നാട്ടുകാർക്ക് മനസിലാവുന്നത്. യഥാർഥത്തിൽ ഒരു ഭൂഗർഭ ജല പൈപ്പ്‌ലൈൻ പൊട്ടിയതിന് പിന്നാലെയായിരുന്നു മരത്തിൽ നിന്നും ജലം ഒഴുകിയത്.
സംഭവത്തിൻ്റെ വീഡിയോ വൈറലായതോടെ പിംപ്രി ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷൻ അന്വേഷണം ആരംഭിച്ചിരുന്നു. ഈ അന്വേഷണത്തിലാണ് ചോർന്നൊലിക്കുന്ന ഭൂഗർഭ ജല പൈപ്പ്‌ലൈൻ കോർപ്പറേഷൻ കണ്ടെത്തിയത്.
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വിമർശനങ്ങളും ട്രോളുകളും ഉയർന്നു."അന്ധവിശ്വാസത്തിന്റെ കൊടുമുടി. രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് ലോകത്തിൻ്റെ തന്നെ ഗുരു എന്നറിയപ്പെട്ടിരുന്ന ഇന്ത്യ, ലോകത്ത് മറ്റൊരിടത്തും കാണാത്ത നിരവധി തത്ത്വചിന്തകർ ഉണ്ടായിരുന്ന ഇന്ത്യ. ഇന്ന് അതിന്റെ അവസ്ഥ കാണുമ്പോൾ സങ്കടമുണ്ട്," ഒരു ഉപയോക്താവ് എക്സിൽ കുറിച്ചു. 2025 ലും ഇത്തരം കാര്യങ്ങൾ സംഭവിക്കുകയാണെങ്കിൽ ഒരു രാഷ്ട്രമെന്ന നിലയിൽ നമുക്ക് എങ്ങനെ പുരോഗമിക്കാൻ കഴിയുമെന്നായിരുന്നു മറ്റൊരു ഉപയോക്താവിൻ്റെ ചോദ്യം.