
കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞ രാഹുല്‍-അശ്വതി ജീവിത കഥ, വിശ്വസിച്ച് ആശംസാ സന്ദേശങ്ങള്‍ അയക്കുന്നവര്‍ ഇപ്പോഴുമുണ്ട്. എഐ സാങ്കേതിക വിദ്യയില്‍ തയ്യാറാക്കിയ സാങ്കല്പിക കഥ സത്യമെന്ന രീതിയില്‍ കാറ്റു പോലെ പടര്‍ന്നപ്പോള്‍, ഭാവിയില്‍ ജാഗ്രത പാലിക്കേണ്ടതിന്റെ പ്രാധാന്യവും കൂടിയാണ് തെളിയുന്നത്.
കഴിഞ്ഞ ദിവസമാണ് 'രാഹുല്‍-അശ്വതി ചേച്ചി' പ്രണയകഥ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. വീല്‍ചെയറില്‍ ഇരിക്കുന്ന യുവതിയുടെയും സമീപത്ത് നില്‍ക്കുന്ന യുവാവിന്റെയും ചിത്രമടക്കമാണ് കഥ പ്രചരിച്ചത്. തന്റെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം കാലുകള്‍ നഷ്ടപ്പെടുത്തിയ അശ്വതി ചേച്ചിയെ ഞാന്‍ എന്റെ ജീവിതത്തിലേക്ക് കൂട്ടുകയാണ് എന്ന് തുടങ്ങുന്ന പോസ്റ്റാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായത്.
പോസ്റ്റുകളുടെ താഴെ കമന്റുകളും നിറഞ്ഞു. കഥ ഒരല്പം ഹൃദയസ്പര്‍ശിയായതിനാല്‍ തന്നെ ഹൃദയം നിറഞ്ഞ ആശംസകളായിരുന്നു ഭൂരിഭാഗം കമന്റുകളും. 'എല്ലാം ഒരു കഥപോലെ വായിച്ചു. നല്ല രണ്ട് മനസ്സുകള്‍ ഒന്നിക്കട്ടെ. ഇതുവരെ ഗാലറിയിലിരുന്ന് വീക്ഷിക്കുകയായിരുന്നു രണ്ട് പേരും ഇനിയാണ് യഥാര്‍ത്ഥ ജീവിതം. ജീവിതത്തില്‍ എന്ത് പ്രതിസന്ധിയുണ്ടായാലും രണ്ട് പേരും ഒരേ മനസ്സോടെ മുന്നോട്ട് പോവുക. എല്ലാവിധ ആശംസകളും നേരുന്നു' എന്ന് തുടങ്ങി കമന്റുകളുടെ പ്രവാഹമായിരുന്നു പോസ്റ്റിന് താഴെ.
എന്നാല്‍ സിനിമാ കഥകളെ വെല്ലുന്ന ഈ പ്രണയകഥ വ്യാജമായിരുന്നു. പോസ്റ്റില്‍ പങ്കുവെച്ച ചിത്രം എഐ ടൂളുപയോഗിച്ച് തയ്യാറാക്കിയതാണെന്ന് കണ്ടെത്തി. ചിത്രം ഫേക്കാണെന്ന് എഐ ചെക്കിങ് ടൂളുകള്‍ തന്നെ പറയുന്നു. കഥയും ചിത്രവും വ്യാജമെന്ന് തെളിഞ്ഞതോടെ എഐ കാലത്ത് ഒന്നിനെയും വിശ്വസിക്കാന്‍ സാധിക്കില്ല എന്നായി ഒരു പക്ഷം. എന്നാല്‍ വേലിക്ക് അപ്പുറവും ഇപ്പുറവും നിന്ന് പറഞ്ഞിരുന്ന ഗോസിപ്പ് കഥകള്‍ ആധുനിക രൂപം പൂണ്ടതാണ് രാഹുല്‍-അശ്വതി ചേച്ചി കഥകള്‍ പോലുള്ളവയെന്നും അഭിപ്രായം ഉയരുന്നു.
എ ഐ ചെക്കിങ് ടൂളുകള്‍ ഉള്‍പ്പെടെ ഉണ്ടെങ്കിലും സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്ന ഇത്തരം കഥകള്‍ക്ക് ചെവി കൊടുക്കുന്നതിനു മുന്‍പ് രണ്ടാമതൊന്നുകൂടി ചിന്തിക്കാന്‍ ശ്രമിക്കുക എന്നതാണ് ഏറ്റവും നല്ല പരിഹാരം എന്ന് വിദഗ്ധര്‍ പോലും അഭിപ്രായപ്പെടുന്നു.