

കേളികൊട്ട്: നമസ്കാരം... ഉട്ടോപ്യ ആണ്... കണ്ണിൽ കണ്ടതും കാണാത്തതും, നടക്കുന്നതും നടക്കാത്തതുമൊക്കെ പറഞ്ഞെന്നു വരും. എന്തേലും എവിടേലും സാദൃശ്യം തോന്നിയിട്ട്, കല്ലെടുത്ത് എറിയാൻ വരരുത്. ഇതൊക്കെ തികച്ചും സാങ്കൽപ്പികമാണ്. കാര്യങ്ങളെ ഇച്ചിരി സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ കണ്ടാല്‍ മതി.
മനോരമ ഇയര്‍ ബുക്ക് സംഘടിപ്പിച്ച കേരള ഡെവലപ്മെന്റ് സമ്മിറ്റില്‍ മുന്‍ കേന്ദ്ര മന്ത്രിയായ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പുതിയൊരു കണ്ടെത്തല്‍ അവതരിപ്പിച്ചു. അത് ഇങ്ങനെയായിരുന്നു.
"ഒരു രാഷ്ട്രീയ നേതാവ് ഒരു പോഡ്കാസ്റ്റില്‍ ഇരുന്ന് വളരെ അഭിമാനത്തോടെ പറയുകയാണ്. കേരളത്തില്‍ ശിശുമരണനിരക്ക് വളരെ കുറവാണെന്ന്. പക്ഷേ... അതിന്റെ വസ്തുത നമ്മള്‍ മനസിലാക്കിയിട്ടുണ്ടോ?"
ഉണ്ടോ... ഇല്ലെന്ന് തോന്നുന്നു... സാര്‍ പറയ്...
"ഏറ്റവും കൂടുതല്‍ യൂത്ത് മൈഗ്രേഷന്‍ കേരളത്തിലാണ്. യൂത്ത് അല്ലേ, കുട്ടികളെ ഉണ്ടാക്കുന്നത്?"
പിന്നല്ലാതെ... അതിലെന്താ ഇത്ര സംശയം... യു കണ്ടിന്യൂ...
"യൂത്ത് ഇവിടുന്ന് മൈഗ്രേറ്റ് ചെയ്യുകയാണെങ്കില്‍ ശിശുമരണനിരക്ക് സ്വാഭാവികമായും കുറയില്ലേ?"
ന്യായമായ ചോദ്യമാണ്... പക്ഷേ, സാര്‍ പറഞ്ഞതുപോലെയല്ല കാര്യങ്ങള്‍. അതായത് ഉത്തമാ... ഒരു വർഷം ജനിക്കുന്ന 1,000 കുട്ടികളിൽ ഒരു വയസിനു താഴെ മരണപ്പെടുന്നവരുടെ എണ്ണമാണ് ശിശുമരണനിരക്കായി കണക്കാക്കുന്നത്. സാമുഹിക ആരോഗ്യനിലവാരം, സാമുഹിക-സാമ്പത്തിക അവസ്ഥ, പോഷകാഹാര ലഭ്യത, ശുചിത്വം, മാതൃസംരക്ഷണം, ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ തിട്ടപ്പെടുത്തുന്നതിനുള്ള ആഗോള സൂചികയാണ് ഇത്. എന്നുവെച്ചാല്‍... യൂത്തന്മാര്‍ ജോലിക്കായി നാടുവിടുന്നതുമായി ഇതിന് യാതൊരു ബന്ധവുമില്ല...
2025ലെ സാംപിള്‍ രജിസ്ട്രേഷന്‍ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം, കേരളത്തിലെ ശിശുമരണനിരക്ക് അഞ്ച് ആണ്. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ദേശീയ ശരാശരി 25 ആണെന്ന് ഓര്‍ക്കണം. നഗര-ഗ്രാമ വ്യത്യാസമില്ലാതെ ശിശു മരണനിരക്ക് കുറയ്ക്കാനായതാണ് കേരളത്തിന്റെ നേട്ടത്തിന് കാരണം. ഗര്‍ഭാവസ്ഥയിലും ജനിച്ചയുടനുമൊക്കെ നടത്തുന്ന പരിശോധനകളും, രോഗാവസ്ഥ നേരത്തെ കണ്ടെത്തി ചികിത്സിക്കാനാകുന്നതും ഒക്കെയാണ് കേരളത്തെ രാജ്യത്ത് തന്നെ നമ്പര്‍ വണ്‍ ആക്കിയതെന്ന് മുന്‍ കേന്ദ്ര മന്ത്രി ഓര്‍ക്കുന്നത് നല്ലതാണ്.
യൂത്തന്മാരെ വിട്... ശിശു മരണ നിരക്കും വിട്ടേക്ക്... ഇങ്ങനെ ആളുകള്‍ പ്രവാസികളാകുന്നതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ? എന്ന് മറ്റു ചില രാജീവന്മാര്‍ ചോദ്യം എറിയുന്നുണ്ട്. എല്ലാം പറയാന്‍ സമയമെടുക്കും എന്നതിനാല്‍, കുറച്ച് കാശിന്റെ കാര്യം പറഞ്ഞ് അവസാനിപ്പിക്കാം... സംസ്ഥാനത്തെ ബാങ്കുകളിലെ പ്രവാസി നിക്ഷേപം. 2025ല്‍ അത് മൂന്ന് ലക്ഷം കോടി രൂപയാണ് കടന്നത്. 2025 സെപ്റ്റംബര്‍ വരെ കേരളത്തിലെ ബാങ്കുകളിൽ മൂന്ന് ലക്ഷത്തി, മൂവായിരത്തി നാനൂറ്റി അറുപത്തിനാലേ ദശാംശം അഞ്ചേ, ഏഴ് കോടി രൂപയുടെ പ്രവാസി നിക്ഷേപമുണ്ട്. അതായത് പ്രതിമാസ ശരാശരി ഇരുപത്തയ്യായിരത്തി മുന്നൂറ് കോടി രൂപ. 2015ൽ ഒരുലക്ഷം കോടി രൂപയായിരുന്ന നിക്ഷേപമാണ് പത്ത് വർഷത്തിനുള്ളിൽ മൂന്ന് മടങ്ങായി വര്‍ധിച്ചത്.
2025 മാർച്ചിൽ റിസര്‍വ് ബാങ്ക് ഓഫ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ പ്രവാസിപ്പണം ലഭിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. ഏകദേശം 10.14 ലക്ഷം കോടി രൂപയാണ് രാജ്യത്ത് ലഭിച്ച പ്രവാസിപ്പണം. ഇതിൽ 19.7 ശതമാനം കേരളത്തിന്റെ സംഭാവനയാണ്. സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനൊപ്പം, ഗാര്‍ഹിക ഉപഭോഗവും ജനങ്ങളുടെ ചിലവഴിക്കല്‍ ശേഷിയും വര്‍ധിപ്പിക്കുന്നതുമൊക്കെ നേട്ടം തന്നെയാണ്.
കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ടുകളോ, വിവിധ വകുപ്പുകളുടെ വാര്‍ഷിക ബുള്ളറ്റിനുകളോ ഒക്കെ പരിശോധിച്ചാല്‍ ഇക്കാര്യങ്ങളൊക്കെ ഈസിയായി മനസിലാക്കാം. പക്ഷേ, അതിലൊരു ത്രില്‍ ഇല്ലെന്ന് എനിക്ക് അറിയാം. നമുക്ക് അന്താരാഷ്ട്ര വിപണിയില്‍ കുറയുമ്പോള്‍, അതിന്റെ ഒരംശം ഇവിടെ കൂടുന്നതും... ടോട്ടലായിട്ട് വര്‍ധിക്കാതെ, എന്തെങ്കിലും ചെറിയ എമൗണ്ട് വര്‍ധിക്കുന്ന തരം കണക്കുകളുമൊക്കെയാണ് പഥ്യം. വാഴ്ക രാജാ.. വാഴ്ക...