

മുബൈ: തൊണ്ണൂറുകളിലെ പ്രശസ്തമായ ശീതളപാനീയം 'ഗോൾഡ് സ്പോട്ട്' ഇന്ത്യൻ വിപണിയിലേക്ക് തിരിച്ചുവരുന്നുവെന്ന അഭ്യൂഹങ്ങൾക്ക് തിരികൊളുത്തി ക്രിക്കറ്റ് താരം എം.എസ്. ധോണിയുടെ ഭാര്യ സാക്ഷി ധോണി പങ്കുവെച്ച ചിത്രം. തൻ്റെ ജന്മദിനത്തോടനുബന്ധിച്ച് സാക്ഷി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രത്തിൽ, ധോണിക്കൊപ്പം ഇരിക്കുന്നതും സമീപത്ത് ഗോൾഡ് സ്പോട്ട് കാനുകളും കാണാം.
ചിത്രം വൈറലായതോടെ സാക്ഷി പാനീയത്തിൻ്റെ 'സോഫ്റ്റ് ലോഞ്ച്' നടത്തിയതാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ സജീവമായി. പാർലെ ഗ്രൂപ്പിൽ നിന്നും കൊക്കകോള ഏറ്റെടുത്ത ഈ ബ്രാൻഡിൻ്റെ പ്രചാരണത്തിനായി ധോണിയുമായി കരാറിലേർപ്പെട്ടിട്ടുണ്ടോ എന്നും സംശയങ്ങൾ ഉയരുന്നു.
ചിത്രം പുറത്തുവന്നതോടെ ആരാധകരും തൊണ്ണൂറുകളിലെ ഗൃഹാതുര ഓർമ്മകളിലാണ്. "ഇത് പഴയ ഒറിജിനൽ ഗോൾഡ് സ്പോട്ട് തന്നെയാണോ?", "വീണ്ടും രുചിച്ചു നോക്കാൻ ആഗ്രഹമുണ്ട്" എന്നിങ്ങനെയാണ് ചിത്രത്തിന് താഴെ വരുന്ന കമൻ്റുകൾ.
1952-ൽ പാർലെ പുറത്തിറക്കിയ ഓറഞ്ച് രുചിയുള്ള ഈ പാനീയം 1980-കളിലും 90-കളിലും ഇന്ത്യയിലെ കുട്ടികൾക്കും യുവാക്കൾക്കും ഇടയിൽ ഏറെ പ്രിയങ്കരമായിരുന്നു. തംസ് അപ്പ് ലിംക, മാസ എന്നിവയ്‌ക്കൊപ്പം പാർലെയുടെ പ്രധാന ബ്രാൻഡായിരുന്ന ഗോൾഡ് സ്പോട്ടിനെ 1993-ലാണ് കൊക്കകോള ഏറ്റെടുത്തത്. എന്നാൽ കൊക്കകോളയുടെ അന്താരാഷ്ട്ര ഓറഞ്ച് പാനീയമായ 'ഫാൻ്റ'യ്ക്ക് വിപണിയിൽ കൂടുതൽ പ്രാധാന്യം നൽകുന്നതിനായി 2000-ത്തിൽ കമ്പനി ഗോൾഡ് സ്പോട്ട് നിർത്തലാക്കുകയായിരുന്നു. ഒരേ വിഭാഗത്തിലുള്ള രണ്ട് ഉൽപ്പന്നങ്ങൾ വേണ്ടെന്ന തീരുമാനത്തെ തുടർന്നാണ് അന്ന് ഗോൾഡ് സ്പോട്ട് വിപണിയിൽ നിന്നും അപ്രത്യക്ഷമായത്.
26 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കൊക്കകോള ഗോൾഡ് സ്പോട്ടിനെ വിപണിയിലേക്ക് തിരികെ കൊണ്ടുവരാൻ ഒരുങ്ങുന്നതെന്ന് ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. അടുത്ത ആഴ്ചയോടെ തന്നെ പാനീയം ഇന്ത്യൻ വിപണിയിൽ ലഭ്യമായിത്തുടങ്ങും. പഞ്ചസാരയുടെ അളവ് കുറഞ്ഞതോ അല്ലെങ്കിൽ പഞ്ചസാര തീരെ ഇല്ലാത്തതോ ആയ രൂപത്തിലായിരിക്കും ഇതിൻ്റെ പുനരവതരണം.
പഴയകാല ബ്രാൻഡിനോടുള്ള ആളുകളുടെ ഗൃഹാതുരത്വവും, മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ താൽപ്പര്യങ്ങളും, വിപണിയിലെ കടുത്ത മത്സരവുമാണ് ഗോൾഡ് സ്പോട്ടിനെ തിരികെ കൊണ്ടുവരാൻ കൊക്കകോളയെ പ്രേരിപ്പിക്കുന്നത്. ആരോഗ്യകരമായ പാനീയങ്ങളോടും പഞ്ചസാര കുറഞ്ഞ ഉൽപ്പന്നങ്ങളോടും ആളുകൾക്ക് താൽപ്പര്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ, പഴയ ബ്രാൻഡ് നാമം ഉപയോഗിച്ച് മുതിർന്ന ഉപഭോക്താക്കളെയും പുതിയ രുചിയിലൂടെ യുവതലമുറയെയും ഒരുപോലെ ആകർഷിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.