സോഷ്യൽ മീഡിയയിലൂടെ ഉയർച്ചയും തളർച്ചയും അനുഭവിച്ച ഒരാളാണ് 'സോൾട്ട് ബേ' എന്ന നുസ്രെത് ഗോക്‌സ്. തുര്‍ക്കിയിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് ആഡംബര റെസ്റ്റോറൻ്റുകളുടെ രാജാവായി മാറിയവൻ, ഒരൊറ്റ വീഡിയോ കൊണ്ട് ആഗോള വൈറലായ മനുഷ്യന്‍. നുസ്രെതിൻ്റെ 'സോൾട്ട് ബേ' ശൈലിയാണ് ഇൻ്റർനെറ്റിൽ തരംഗമായത്.
ഒരു സാധാരണക്കാരൻ, നാലാൾ അല്ലെങ്കിൽ ഒരു ലോകം തന്നെ അറിയുന്ന ആളായി മാറാൻ ദേ, ഒരു ക്ലിക്ക് മതി. അതിപ്പോൾ നല്ല രീതിയിൽ ആണെങ്കിലും മോശം രീതിയിലാണെങ്കിലും. ഇൻ്റർനെറ്റിൻ്റെ മായാലോകത്തെത്തിയാൽ ഒരു പകൽ ഇരുട്ടി വെളുക്കുമ്പോഴെക്കും ആർക്കും താരമാകാം. ചിലപ്പോൾ അതിൻ്റെ പകുതി സമയം മതി അയാളുടെ തകർച്ചയ്ക്ക് വഴിതുറക്കാൻ.
അങ്ങനെ സോഷ്യൽ മീഡിയയിലൂടെ ഉയർച്ചയും തളർച്ചയും അനുഭവിച്ച ഒരാളാണ് 'സോൾട്ട് ബേ' എന്ന നുസ്രെത് ഗോക്‌സ്. തുര്‍ക്കിയിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് ആഡംബര റെസ്റ്റോറൻ്റുകളുടെ രാജാവായി മാറിയവൻ, ഒരൊറ്റ വീഡിയോ കൊണ്ട് ആഗോള വൈറലായ മനുഷ്യന്‍.
തുർക്കിയിലെ ഒരു ചെറിയ ഗ്രാമത്തിൽ ഒരു ഖനന തൊഴിലാളിയുടെ മകനായാണ് നുസ്രെത്തിൻ്റെ ജനനം. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പഠനം ഉപേക്ഷിച്ച അയാൾ ഒരു കശാപ്പുകാരൻ്റെ കീഴിൽ ജോലി തുടങ്ങി.
കഠിനാധ്വാനവും സ്വയം പഠനവും കൊണ്ട്, 2010-ൽ ഇയാൾ തൻ്റെ ആദ്യ സ്റ്റീക്ക് ഹൗസിൻ്റെ പ്രവർത്തനം ആരംഭിച്ചു. ഞൊടിയിടയിലാണ് ഈ റസ്റ്റോറൻ്റ് തുർക്കിയിൽ പേരുകേട്ട സ്ഥാപനങ്ങളിലൊന്നായി മാറിയത്. ഇതിന് കാരണമായത് 2017ൽ പുറത്തുവന്ന ഒരു വീഡിയോ ആണ്. അതാണ് അയാളുടെ ജീവിതം മാറ്റിമറിച്ചത്.
നുസ്രെതിൻ്റെ 'സോൾട്ട് ബേ' ശൈലി
ഇറച്ചിയിൽ ഉപ്പിടുന്ന ആ രീതി അതാണ് ഇൻ്റർനെറ്റിൻ്റെ തരംഗമായത്. വീഡിയോ തരംഗമായപ്പോൾ ഒറ്റരാത്രി കൊണ്ട് അയാളും ആഗോളതാരമായി. സിനിമ താരങ്ങൾക്കിടയിലും ടിവി പരിപാടികൾക്കിടയിലും കായിക താരങ്ങൾക്കിടയിലും എന്തിന് മീമുകളിൽ പോലും ഇയാളുടെ ഉപ്പിടൽ രീതി വൈറലായി.
വെറും ഒരു മാസം പിന്നിട്ടപ്പോൾ ലോകത്തിലെ പ്രമുഖ നഗരങ്ങളിൽ ഇദ്ദേഹത്തിൻ്റെ പേരിൽ റസ്റ്റോറൻ്റുകൾ തുറന്നു. 1800 ഡോളറിൻ്റെ സ്വർണം പൊതിഞ്ഞ ടോമഹോക്ക് സ്റ്റീക്ക് പോലുള്ള വിലകൂടിയ മെനുകൾ മേശമേൽ എത്തിച്ച് അയാൾ സെലിബ്രിറ്റികളെയും ധനികരെയും ആകർഷിച്ചു.
കായിക രംഗത്തേയും സിനിമാ രംഗത്തേയും താരങ്ങൾ റെസ്റ്റോറൻ്റുകൾ തേടിയെത്തി. പ്രത്യേകം ഓഡർ ചെയ്താൽ തൻ്റെ സിഗ്നേച്ചർ സ്റ്റെപ്പോടെ സോൾട്ട് ബെ തന്നെ വന്ന് സ്റ്റീക്ക് മുറിച്ച് നൽകുന്ന പതിവും ഉണ്ടായിരുന്നു. എന്നാല്‍ അതിന് വില കൊടുക്കേണ്ടതായി വന്നു. ഹോളിവുഡ് താരങ്ങള്‍, മെസി അടക്കം അന്താരാഷ്ട്ര കായിക താരങ്ങൾ എല്ലാം നുസ്രെതിന്‍റെ സാള്‍ട്ട് ബേയിലേക്ക് ഒഴുകി. അതായിരുന്നു സോഷ്യൽ മീഡിയ വളർത്തിയ നുസ്രെതിൻ്റെ നല്ലകാലം. കുറച്ച് നാളുകൾക്ക് ശേഷം നുസ്രെതിൻ്റെ താരതിളക്കത്തിന് മങ്ങേലേൽക്കാൻ തുടങ്ങി.
തകർച്ചയുടെ ആരംഭം
റെസ്റ്റോറൻ്റുകളില്‍ അമിത വിലയാണ് ഈടാക്കുന്നത് എന്ന പരാതി വൻ തോതിൽ ഉയർന്നുവന്നു. ഭക്ഷണത്തിൻ്റെയും സേവനത്തിൻ്റെയും മോശം റിവ്യൂകൾ രേഖപ്പെടുത്തി കൊണ്ട് ആളുകൾ മുന്നോട്ട് വന്നു. ഭക്ഷണത്തിന്‍റെ ഗുണനിലവാരത്തിന് പ്രാധാന്യം കൊടുക്കുന്നതിന് പകരം തന്‍റെ ഇറച്ചി മുറിക്കലിന്‍റെയും ഉപ്പിടലിന്‍റെയും പ്രദർശനത്തിലായിരുന്നു 'സോൾട്ട് ബേ' കൂടുതലായും ശ്രദ്ധ ചെലുത്തിയിരുന്നത്.
ഒരിക്കല്‍ ലണ്ടൻ റസ്റ്റോറന്‍റില്‍ ഒരു തീപിടിത്തം ഉണ്ടായി. ഉപഭോക്താക്കളെ പരിക്കേൽപ്പിച്ചു, പക്ഷേ എന്തിനും ഏതിനും സോഷ്യല്‍ മീഡിയ പോസ്റ്റിടുന്ന സാള്‍ട്ട് ബേ ഈ അവസരത്തിൽ മൗനം പാലിച്ചു. 2018-ൽ, വെനസ്വേലയിൽ ഭക്ഷ്യക്ഷാമം രൂക്ഷമായപ്പോൾ, അവിടുത്തെ ഭരണാധികാരി നിക്കോളാസ് മഡുറോയ്ക്ക് സാള്‍ട്ട് ബെ ആഡംബര വിരുന്നൊരുക്കി. ഇത് യുഎസിവും വെനുസ്വലയിലും ഒരുപോല ജനരോഷത്തിനും പ്രതിഷേധത്തിനും വഴിയൊരുക്കി.
പിന്നാലെ, സാൾട്ട് ബെ റെസ്റ്റോറൻ്റുകളിലെ ജീവനക്കാരുടെ ദുരവസ്ഥയും മറനീക്കി പുറത്തുവന്നു. ജീവനക്കാർക്ക് കൃത്യമായി ശമ്പളം കൊടുക്കാതിരിക്കൽ, പീഡനം, വിവേചനം എല്ലാം വെളിപ്പെടുത്തി മുൻ ജീവനക്കാർ തന്നെ രംഗത്ത് എത്തി. ശരിക്കും പറഞ്ഞാൽ ഒറ്റരാത്രിയിൽ ആഗോള വൈറലായ നുസ്രത്തിൻ്റെ സാമ്രാജ്യത്തെ അയാളുടെ ഇഗോ തന്നെ തകർക്കാൻ തുടങ്ങി.
2022-ലെ ഫിഫ വേൾഡ് കപ്പ് ഫൈനലിൽ നുസ്രെത് എല്ലാ പരിധികളും ലംഘിച്ചു. ലയണൽ മെസ്സിയോടൊപ്പം ട്രോഫി തൊട്ട്, ഫോട്ടോയ്ക്ക് പോസ് ചെയ്ത്, അവൻ ലോകത്തിന്റെ ഹാസ്യപാത്രമായി. ഫിഫ ഇയാളെ ഫുട്ബോൾ ഇവന്റുകളിൽ നിന്ന് വിലക്കി. ഉടൻ തന്നെ, അയാളുടെ റെസ്റ്റോറൻ്റുകൾ, പ്രത്യേകിച്ച് അമേരിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവ അടച്ചുപൂട്ടി. ലാഭം കുത്തനെ കുറഞ്ഞു. സോൾട്ട് ബേയുടെ തിളക്കത്തിന് മങ്ങലേറ്റ് തുടങ്ങി.
ഇൻ്റർനെറ്റിലൂടെ നേടുന്ന പ്രശസ്തി നിമിഷനേരം കൊണ്ട് വാനോളം ഉയർത്താം, പക്ഷേ ഗുണനിലവാരം, ധാർമികത, വിനയം എന്നിവ ഇല്ലെങ്കിൽ അതിന് നിലനിൽപ്പ് ഉണ്ടാകില്ല. ഉപഭോക്താക്കളുടെ സുരക്ഷയും, ജീവനക്കാരുടെ ക്ഷേമവും, സാമൂഹിക ഉത്തരവാദിത്തവും ഇല്ലാതെ ഒരു സംരംഭവും നിലനിൽക്കില്ല. ഇതാണ് സോൾട്ട് ബേയുടെ തകർച്ച നമ്മെ പഠിപ്പിക്കുന്നത്.
എന്നാലും പ്രതിസന്ധികളെ മറികടന്നു കൊണ്ട് സോൾട്ട് ബേ പഴയ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. സമൂഹ മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ച് കൊണ്ട് സോൾട്ട് ബേ പൊതുജന ശ്രദ്ധ ആകർഷിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതായി കാണാൻ സാധിക്കും.