ബസിൽ ലൈംഗികാതിക്രമം നടത്തിയ വടകര സ്വദേശി സവാദിനെതിരെ നടിയും മോഡലുമായ മസ്താനി എന്ന നന്ദിത ശങ്കർ രംഗത്തെത്തിയത് ഇന്ന് വലിയ വാർത്തയാണ്. അറിയപ്പെടുന്നൊരു ലൈംഗിക വേട്ടക്കാരൻ പുറത്തിറങ്ങിയിട്ടുണ്ടെന്നാണ് മസ്താനിയുടെ ഇൻസ്റ്റ പോസ്റ്റ്. ബസിൽ യാത്ര ചെയ്യുന്ന അമ്മമാരും പെൺകുട്ടികളും സൂക്ഷിക്കണമെന്നും മസ്താനി. തൃശൂർ ബസ് സ്റ്റാൻഡിൽ സവാദ് പല ബസുകളിൽ കയറുന്ന വീഡിയോ പങ്കുവെച്ചാണ് പോസ്റ്റ് പങ്കുവച്ചത്.
''പരാജയപ്പെട്ടൊരു സംവിധാനം ഇങ്ങനെയാകും. അറിയപ്പെടുന്നൊരു ലൈംഗിക അതിക്രമി, കുറ്റാരോപിതന്‍ സ്വതന്ത്ര്യനായി നടക്കുകയാണ്. വീണ്ടും ബസുകളില്‍ കയറിക്കൊണ്ട്. ഞാന്‍ അതിന് ശേഷം ബസില്‍ കയറിയിട്ടില്ല. ബസ് എനിക്ക് ട്രോമയാണ്" എന്നിങ്ങനെയാണ് മസ്താനിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. മസ്താനി ഈ പോസ്റ്റ് ഇട്ടതോടെ സവാദിനെതിരെ വലിയ തരത്തിൽ പ്രതികരണം ഉയർന്നു.
പിന്നീട് സവാദും ഈ പോസ്റ്റിൽ മറുപടിയായി എത്തി. ''ഇടക്ക് റീച്ച് കുറയുമ്പോള്‍ കണ്ടന്റ് ഇല്ലാതാകുമ്പോള്‍ നിനക്ക് എന്റെ ചോര തന്നെ കുടിക്കണം, എല്ലാതെ നിനക്ക് എന്ത്?" എന്നിങ്ങനെയാണ് സവാദിൻ്റെ മറുപടി. അതിന് മസ്താനി കടുത്ത മറുപടി നൽകി. കമൻ്റ് ബോക്സിൽ വാദപ്രതിവാദം തുടരുകയാണ്. ഇരുവരെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരും രംഗത്തെത്തിയിട്ടുണ്ട്.
രണ്ട് തവണ ബസിൽ യുവതികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസുകളിൽ അറസ്റ്റിലായ പ്രതിയാണ് സവാദ്. 2023ലാണ് സഹയാത്രികയോട് ലൈംഗികാതിക്രമം നടത്തിയതിന് സവാദ് ആദ്യമായി അറസ്റ്റിലായത്. നെടുമ്പാശേരിയിൽ ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് മസ്താനിയാണ് വീഡിയോ സഹിതം ഇന്‍സ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ട് പരാതി നൽകിയത്. അന്ന് പരാതി നൽകിയതിന് പിന്നാലെ മസ്താനി വലിയ രീതിയിൽ സൈബറാക്രമണവും നേരിട്ടിരുന്നു.
ജൂൺ 14നാണ് വീണ്ടും സമാന സംഭവത്തിൽ മസ്താനി അറസ്റ്റിലായത്. എറണാകുളം - തൃശൂർ സൂപ്പർഫാസ്റ്റ് ബസിൽ വെച്ചാണ് സവാദ് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. പെൺകുട്ടി പ്രതികരിക്കുകയും കണ്ടക്ടറോട് പരാതിപ്പെടുകയും ചെയ്തതോടെ പേരാമംഗലത്ത് വച്ച് സവാദ് ബസിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.