

മുന്‍ പാകിസ്ഥാന്‍ താരം ഷുഹൈബ് മാലിക് മൂന്നാമതും വിവാഹതിനാകുന്നോ? സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകളോട് ഒടുവില്‍ ഷുഹൈബ് മാലിക് തന്നെ പ്രതികരിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുമായുള്ള വിവാഹ മോചനത്തിനു ശേഷം ഷുഹൈബ് പാക് നടി സന ജാവേദിനെ വിവാഹം ചെയ്തിരുന്നു.
2024 ലായിരുന്നു സനയും ഷുഹൈബും തമ്മിലുള്ള വിവാഹം. 2023 ലായിരുന്നു സാനിയ മിര്‍സയും ഷുഹൈബ് അക്തറും വിവാഹ മോചിതരായത്. സനയുമായുള്ള വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷം പിന്നിടുമ്പോഴാണ് ഷുഹൈബ് വീണ്ടും വിവാഹിതനാകുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്.
ഇതിനോട് രൂക്ഷ ഭാഷയിലായിരുന്നു ഷുഹൈബിന്റെ പ്രതികരണം. കെട്ടിച്ചമച്ച നുണകള്‍ പ്രചരിപ്പിക്കുന്നുവെന്നായിരുന്നു താരത്തിന്റെ പ്രതികരണം. ഭാര്യ സനയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളോടും രൂക്ഷ ഭാഷയില്‍ താരം പ്രതികരിച്ചു. തന്റെ മൗനം പലരും അവസരമായി മുതലെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
"2023 ലാണ് എന്റെ ആദ്യ വിവാഹ ബന്ധം പരസ്പര സമ്മതത്തോടെ അവസാനിപ്പിച്ചത്. തങ്ങളുടെ മകനെ സഹകരിച്ച് വളര്‍ത്താന്‍ തീരുമാനിച്ചു. അതിനു ശേഷമാണ് വീണ്ടും വിവാഹിതനാകാന്‍ തീരുമാനിച്ചത്. വ്യക്തി ജീവിതം സ്വകാര്യമായി സൂക്ഷിക്കുന്നയാളാണ് ഞാന്‍. പക്ഷെ, എന്റെ മൗനം പലരും അവസരമായി മുതലെടുക്കുന്നുവെന്നാണ് ഇപ്പോള്‍ തോന്നുന്നത്"- ഷുഹൈബ് മാലിക് പറഞ്ഞു.
തന്നെ കുറിച്ചുള്ള തെറ്റായ ഇത്തരം വാര്‍ത്തകള്‍ മകനും കേള്‍ക്കും. ഇതൊക്കെ മനസിലാകാനുള്ള തിരിച്ചറിവ് അവനുണ്ട്. അതുകൊണ്ടാണ് ഇപ്പോള്‍ പ്രതികരിക്കാന്‍ തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു .
കാര്യങ്ങള്‍ സ്വയം വ്യക്തമാക്കേണ്ട അവസ്ഥയിലേക്കാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. കുറച്ചു പണത്തിനു വേണ്ടി കെട്ടിച്ചമച്ച ഈ വാര്‍ത്തകള്‍ എന്റെ മകനും വായിക്കും. ഞാന്‍ സ്‌നേഹിക്കുന്നവരെയടക്കം ഇതൊക്കെ വേദനിപ്പിക്കുന്നുണ്ട്. ഇനിയും ഇതുപോലെ വേട്ടയാടിയാല്‍ നിയമനടപടി സ്വീകരിക്കുമെന്നും ഷുഹൈബ് മാലിക് മുന്നറിയിപ്പ് നല്‍കി.
ലൈക്കിനും ഷെയറിനും അപ്പുറത്ത് കുറച്ച് ജീവിതങ്ങള്‍ കൂടിയുണ്ടെന്ന് ഓര്‍ക്കണം. അല്‍പം കൂടി ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് അഭ്യര്‍ഥിക്കുന്നു. എല്ലാവര്‍ക്കും ഉള്ളതു പോലെ ഒരു കുടുംബം തനിക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.