

അങ്ങനെ ആരാധകര്‍ കാത്തിരുന്ന ആ വിവാഹം ഇന്നാണ്. ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും ബോളിവുഡ് സംഗീത സംവിധായകന്‍ പലാഷ് മുച്ചലും ഇന്ന് വിവാഹിതരാകുകയാണ്. മഹാരാഷ്ട്രയിലെ സ്മൃതിയുടെ ജന്മസ്ഥലമായ സംഗ്ലിയില്‍ ഇന്ന് വൈകിട്ടാണ് വിവാഹച്ചടങ്ങുകള്‍ നടക്കുക.
ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. വിവാഹത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളും എത്തിയിട്ടുണ്ട്. വിവാഹാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
2019 ലാണ് സ്മൃതിയും പലാഷും പരിചയപ്പെടുന്നത്. ഒരു ബോളിവുഡ് കഥ പോലെയായിരുന്നു ഇരുവരുടേയും പ്രണയം. മുംബൈയിലെ ക്രിയേറ്റീവ് സര്‍ക്കിളില്‍ സുഹൃത്ത് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. പരിചയം ക്രമേണ അടുപ്പവും പ്രണയവുമായി വളര്‍ന്നു.
2024 ലാണ് അഞ്ച് വര്‍ഷത്തെ പ്രണയം ഇരുവരും പരസ്യമാക്കുന്നത്. ഇന്ത്യ ലോകകപ്പ് കിരീടം നേടിയപ്പോള്‍ സ്മൃതിയെ പിന്തുണയ്ക്കാനും അഭിനന്ദിക്കാനും പലാഷും എത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
സംവിധായകനും മ്യൂസിക് ഡയറക്ടറുമാണ് പലാഷ് മുച്ചല്‍. പലാഷിന്റെ മൂത്ത സഹോദരി പലക് മുച്ചല്‍ ബോളിവുഡിലെ അറിയപ്പെടുന്ന ഗായികയാണ്. 'റിക്ഷ' എന്ന വെബ് സീരീസിന്റെ സംവിധായകനാണ് പലാഷ്. രാജ്പാല്‍ യാദവ്, റുബീന ദിലൈക് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 'അര്‍ധ്' എന്ന സിനിമ സംവിധാനം ചെയ്യുകയാണ് ഇപ്പോള്‍.