നാണയതുട്ടുകൾ സ്വരുക്കൂട്ടി വച്ചു; ഒടുവിൽ ഒരു രൂപ കടമെടുക്കാതെ മകൾക്കായി പുത്തൻ സ്കൂട്ടർ! ഇൻ്റർനെറ്റ് ലോകത്തെ കീഴ്‌പ്പെടുത്തി ഒരച്ഛൻ്റെ സ്നേഹം

തൻ്റെ ജോലിയിൽ നിന്ന് ഒരു പങ്ക് കൂട്ടി വച്ചാൽ മകളുടെ ആഗ്രഹം സാധിപ്പിക്കാൻ കഴിയുമെന്ന വിശ്വാസം ബജ്രംഗ് റാമിനുണ്ടായിരുന്നു
മകൾ പുതിയ സ്കൂട്ടറുമായി
മകൾ പുതിയ സ്കൂട്ടറുമായിSource: ANI
Published on

മക്കളുടെ ചില ആഗ്രഹങ്ങൾ സാധിപ്പിച്ച് നൽകാൻ മാതാപിതാക്കൾ ഏതറ്റം വരെയും പോകാറുണ്ട്. കടമെടുത്താണെങ്കിലും വലിയ ആഗ്രഹങ്ങൾ വരെ സാധിപ്പിച്ച് നൽകുന്ന അച്ഛനമ്മമാരെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ കടമെടുത്ത് മകളുടെ ആഗ്രഹം സാധ്യമാക്കാൻ ഈ പിതാവ് തയ്യാറായിരുന്നില്ല. അയാൾ കഷ്ടപ്പാടിലൂടെ നേടിയെടുത്ത ഓരോ നാണയതുണ്ടുകളും കൂട്ടിവച്ചു. ആ അച്ഛൻ്റെ സ്നേഹത്തിൻ്റെ കഥയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ട്രെൻ്റിങ്ങാവുന്നത്.

ഛത്തീസ്ഗഡിലെ ജാഷ്പൂർ ജില്ലയിലെ കേസരപത് ഗ്രാമത്തിലാണ് കഥ നടക്കുന്നത്. കോളേജിൽ പോകാൻ ഒരു സ്കൂട്ടർ വേണമെന്നായിരുന്നു കർഷകനായ ബജ്രംഗ് റാം ഭഗതിനോട് മകൾ പറഞ്ഞ ആഗ്രഹം. അത് സാധിപ്പിച്ച് നൽകാനുള്ള സാമ്പത്തിക ശേഷി അയാൾക്കുണ്ടായിരുന്നില്ല. ഇന്നില്ലെങ്കിലും ഉടൻ തന്നെ സ്കൂട്ടർ വാങ്ങിത്തരാമെന്ന് ബജ്രംഗ് റാം മകൾക്ക് വാക്ക് നൽകി.

മകൾ പുതിയ സ്കൂട്ടറുമായി
വന്നത് വൈകിയെങ്കിലും പതിവിലും കളറായി : മഞ്ഞിന്‍റെ തൊപ്പിയണിഞ്ഞ് മൗണ്ട് ഫുജി

അയാൾ കടം വാങ്ങനോ ലോണെടുക്കാനോ നിന്നില്ല. തൻ്റെ ജോലിയിൽ നിന്ന് ഒരു പങ്ക് കൂട്ടി വച്ചാൽ മകളുടെ ആഗ്രഹം സാധിപ്പിക്കാൻ കഴിയുമെന്ന വിശ്വാസം ബജ്രംഗ് റാമിനുണ്ടായിരുന്നു. അയാൾ മാസങ്ങളോളം പത്ത് രൂപ കോയിനുകൾ കൂട്ടി വച്ചു. ഏഴ് മാസത്തിന് ശേഷം അയാൾ മകളേയും കൂട്ടി ജാഷ്പൂരിലെ ഒരു പ്രാദേശിക ഷോറൂമിൽ എത്തി.

മകൾ പുതിയ സ്കൂട്ടറുമായി
ഫ്രിഡ കാലോ, ക്ലിയോപാട്ര മുതൽ കുട്ടികളുടെ എൽസ വരെ: സ്ത്രീശക്തി വിഷയമാക്കി പംപ്കിൻ ഫെസ്റ്റിവൽ

98,700 രൂപ മുഴുവനായി എണ്ണി തിട്ടപ്പെടുത്തിയാണ് ബജ്രംഗ് റാം സ്കൂട്ടർ വാങ്ങിയത്. എന്നാൽ ബജ്രംഗ് റാം ഭഗത് സ്കൂട്ടർ വാങ്ങനെത്തിയപ്പോൾ പാടുപെട്ടത് ഷോറൂമിലെ ജീവനക്കാരാണ്. പണമച്ചതിൽ 40,000 രൂപ നാണയങ്ങളായിരുന്നുവെന്നാണ് റിപ്പോർട്ട്. നാണയങ്ങൾ എണ്ണി തീർക്കാൻ ഏകദേശം മൂന്ന് മണിക്കൂർ എടുത്തതായി ഷോറൂം ഉടമ ആനന്ദ് ഗുപ്ത പറയുന്നു.

വായ്പ എടുക്കാൻ താൽപര്യമില്ലായിരുന്നെന്നും, അതിനാലാണ് സ്വരുക്കൂട്ടി വച്ച് മുഴുവൻ പണവും കൊടുത്തതെന്നും കർഷകൻ്റെ പക്ഷം. എന്തായാലും സ്കൂട്ടറിനൊപ്പം ലക്കി ഡ്രോ ഓഫറിലൂടെ കർഷകന് ഒരു മിക്സർ ഗ്രൈൻഡറും ലഭിച്ചു.

മകൾക്ക് സ്കൂട്ടർ സമ്മാനിക്കുന്ന ഹൃദയസ്പർശിയായ ആ നിമിഷത്തിന്റെ വീഡിയോ ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാണ്. ഷോറൂമിലെ മേശപ്പുറത്ത് ഒരു കൂട്ടം നാണയങ്ങൾ അടുക്കി വച്ചിരിക്കുന്നത് വീഡിയോയിൽ കാണാം. അച്ഛന്റെ കഠിനാധ്വാനത്തിൻ്റെ ഫലം കാണുമ്പോൾ മകൾ കൈയടിച്ച് സന്തോഷിക്കുകയാണ്. മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ സന്തോഷിപ്പിക്കാൻ എത്രമാത്രം പരിശ്രമിക്കുന്നുവെന്നതിന്റെ ഓർമപ്പെടുത്തലായി മാറിയിരിക്കുകയാണ് ഈ കഥ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com