
അവന് വലിയ ശരീരമില്ല, അവൻ്റെ രോമങ്ങളാരും ചീകിയൊതുക്കിയിട്ടില്ല, അവൻ ഉറക്കെ കുരയ്ക്കുന്നില്ല, ആരെയും ആക്രമിക്കുന്നും ഇല്ല. എന്നാൽ അവനെത്തുമ്പോൾ തന്നെ ചുറ്റുമുള്ളവരെല്ലാം ബഹുമാനത്തോടെ തലകുനിക്കും. നഖങ്ങൾ ദേഹത്ത് തൊടുമ്പോൾ തന്നെ എല്ലാ നായകളും ശാന്തരാകും. അതെ ഒരു രാജാവിൻ്റെ പ്രൗഡിയാണ് ആ ചൈനീസ് നായക്കുള്ളത്. ഈ നായയ്ക്ക് ഇൻ്റർനെറ്റ് ലോകം ബഹുമാനത്തോടെ നൽകിയ പേരാണ് 'കിങ് ചാൾസ്'.
കിങ് ചാൾസിൻ്റെ 25 സെക്കൻ്റുകൾ നീളുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ മുഴുവൻ തരംഗമായിരിക്കുന്നത്. റീലുകൾ സ്ക്രോൾ ചെയ്യുന്നതിനിടെ കിങ് ചാൾസിൻ്റെ വീഡിയോ നിങ്ങളും കണ്ടിരിക്കും. വൈറൽ വീഡിയോയുടെ തുടക്കം ഇങ്ങനെയാണ്. നിരവധി നായ്ക്കൾ കൂട്ടംകൂടി, മുരളുകയും അടിപിടി കൂടുകയും ചെയ്യുന്നു. അപ്പോഴാണ് കിങ് ചാൾസിൻ്റെ എൻട്രി. ചാൾസെത്തുന്നതോടെ പല നായ്ക്കളും ഓടി ഒളിക്കുകയാണ്. ചിലത് ബഹുമാനത്തോടെ കുനിയുന്നതായും കാണാം. തുടർന്ന് ചാൾസ് അടിപിടി കൂടിയ നായയ്ക്ക് മുകളിൽ നഖങ്ങളമർത്തുന്നു. ഇതോടെ പ്രശ്നങ്ങളെല്ലാം അവസാനിക്കുന്നു.
'ഗെയിം ഓഫ് ത്രോൺസ്' കാണുന്നത് പോലെ തോന്നുന്നു- എന്ന ക്യാപ്ഷനോടെ വന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ മാത്രം 2 കോടി ആളുകളാണ് കണ്ടത്. വീഡിയോ വളരെ പെട്ടെന്ന് വൈറലായെന്ന് മാത്രമല്ല, കിങ് ചാൾസിന് വലിയൊരു ഫാൻ ബേസ് തന്നെ ഉണ്ടാവുകയും ചെയ്തു. ചാൾസിൻ്റെ ഓറയെ കുറിച്ചാണ് കമൻ്റ് ബോക്സിൽ ചർച്ച. കിങ് ചാൾസിന് ഒരു ഡാർക്ക് പാസ്റ്റുണ്ടെന്നും ഫാൻസ് കമൻ്റ് ബോക്സിൽ പറയുന്നുണ്ട്. ശരിക്കും ആരാണ് കിങ് ചാൾസ്? എന്താണ് അവൻ്റെ കഥ?
ചാങ്മാവോ എന്നാണ് ചൈനക്കാരനായ ഈ പട്ടിയുടെ ശരിക്കുമുള്ള പേര്. ചൈനയിലെ ഹെബെയ് എന്ന ഗ്രാമമാണ് ഇവൻ്റെ ജന്മസ്ഥലം. കിങ് ചാൾസിൻ്റെ വീഡിയോ വൈറലായത് ഇൻസ്റ്റഗ്രാം, എക്സ് പ്ലാറ്റ്ഫോമുകളിലൂടെയാണെങ്കിലും ചൈനീസ് സമൂഹമാധ്യമമായ ഡൂയിനിലെ, അങ്കിൾ ബിയേഡ് ഡോഗ് ട്രെബ് എന്ന എക്കൗണ്ടിലാണ് ആദ്യമായി ഇവൻ്റെ വീഡിയോകൾ പ്രത്യക്ഷപ്പെടുന്നത്. നായകളെ വളർത്തൽ ഹോബിയായുള്ള അങ്കിൾ ബിയേഡ് ഡോഗ് ട്രൈബിൻ്റെ എക്കൗണ്ട് നിറയെ അയാൾ വളർത്തുന്ന നായകളുടെ വീഡിയോകളാണ്. അങ്ങനെ വളരെ യാദൃശ്ചികമായാണ് ചാങ്മാവോയുടെ വീഡിയോ ഉടമ പോസ്റ്റ് ചെയ്യുന്നത്.
വളരെ ശാന്തനായ, ശബ്ദത്തിൽ കുരയ്ക്കുകയോ, അടിപിടി കൂടുകയോ ചെയ്യാത്ത, എല്ലാത്തിനുമുപരി 1000+ ഓറയുള്ള ചാങ്മാവോയുടെ വീഡിയോ ചൈനയിൽ വമ്പൻ ഹിറ്റായി. പിന്നാലെ ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും എക്സിലുമെല്ലാം ചാങ്മാവോയുടെ വീഡിയോകൾ വൈറലാവാൻ തുടങ്ങി. ഇതോടെയാണ് ചാങ്മാവോയ്ക്ക് കിങ് ചാൾസെന്ന പേര് ലഭിക്കുന്നത്. ചാൾസിന് പുറമെ ടൈറൻ്റ് എന്ന ലാബ്രോഡറിനും റോക്കി എന്ന നായക്കുമെല്ലാം ഫാൻസുണ്ട്. ടൈറൻ്റാണ് ശരിക്കുമുള്ള രാജാവെന്നും കിംവദന്തികളുണ്ടെങ്കിലും ചാൾസിൻ്റെയത്രയും ഫാൻസ് ടൈറൻ്റിന് ഇല്ല.
ഇനി കിങ് ചാൾസിന് ഡാർക്ക് പാസ്റ്റ് ഉണ്ടോ എന്നാണ് ചോദ്യമെങ്കിൽ, ഉണ്ടെന്നാണ് ഉത്തരം. ഗുരുതരമായി വംശനാശഭീഷണി നേരിടുന്ന സിയാസി ബ്രീഡാണ് ഇവനും. റിപ്പോർട്ടുകളനുസരിച്ച് 300 താഴെ സിയാസി ഡോഗുകൾ മാത്രമേ ഇനി അവശേഷിക്കുന്നുള്ളൂ. ചൈനയിലെ ഏറ്റവും പഴക്കം ചെന്ന നായ ഇനങ്ങളിൽ ഒന്നാണ് സിയാസി. 206 ബിസി കാലഘട്ടത്തിലുണ്ടായിരുന്ന ഹാൻ രാജവംശം മുതൽക്കെ സിയാസി നായകളും ചൈനയിലുണ്ട്. അന്നൊക്കെ വേട്ടയ്ക്കായായിരുന്നു സിയാസിയെ ഉപയോഗിച്ചിരുന്നത്. കിങ് ചാൾസിൻ്റെ ഓറ ഇൻഫിനിറ്റാക്കുന്നത് സിയാസി ബ്രീഡിൻ്റെ ഈ പഴയകാലമായിരിക്കാനും സാധ്യതയുണ്ട്. ചാൾസ് വൈറലായ സ്ഥിതിക്ക് വംശനാശഭീഷണി നേരിടുന്ന സിയാസിയുടെ കാര്യവും ലോകം ചർച്ച ചെയ്യുമെന്ന പ്രതീക്ഷയിലാണ് മൃഗസ്നേഹികൾ.
ഇപ്പോൾ നായയുടെ ഓരോ വീഡിയോക്കുമായി ആകാഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇൻ്റർനെറ്റ് ലോകത്ത് വമ്പൻ ഫാൻ ബേസ് ഉണ്ടാക്കാനും അവന് സാധിച്ചു. എന്തായാലും ചാൾസിൻ്റെ ലെഗസി ചൈനയിലെ കുഞ്ഞു ഷെൽട്ടറിൽ നിന്നും ലോകമൊട്ടാകെ പടർന്നിരിക്കുകയാണ്.