സ്കൂളിലെ റാമ്പ് വാക്ക്
സ്കൂളിലെ റാമ്പ് വാക്ക്Source: Instagram/ tengsmartmsangma

ആത്മവിശ്വാസത്തോടെ... ക്ലാസ് മുറിയില്‍ റാമ്പ് വാക്ക് ചെയ്ത് കുട്ടി സുന്ദരികളും സുന്ദരന്മാരും; വൈറലായി വീഡിയോ

ടീച്ചർ പങ്കുവെച്ച ദൃശ്യങ്ങള്‍ വൈറലായതോടെ വിദ്യാർഥികള്‍ക്ക് ക്ലാസ് റൂമിന് പുറത്തു നിന്നും കയ്യടികള്‍ ലഭിച്ചു തുടങ്ങി
Published on

ക്ലാസ് മുറികള്‍ സർഗാത്മകമാകുമ്പോള്‍ കുട്ടികളുടെ മുഖത്ത് ചിരി വിടരും. ആ ചിരി ആ ക്ലാസ് മുറിയെ മാത്രമല്ല ആ ദൃശ്യം കാണുന്ന ഏവരേയും സന്തോഷിപ്പിക്കും. മേഘാലയയിലെ ഒരു സ്കൂളിൽ നിന്നുള്ള ഹൃദയസ്പർശിയായ വൈറല്‍ വീഡിയോ ആണ് ഇപ്പോള്‍ നെറ്റിസണ്‍സിന്റെ മുഖത്ത് പുഞ്ചിരി വിരിയിക്കുന്നത്.

മേഘാലയിലെ ഗരോബധയിലുള്ള സെന്റ് ഡൊമിനിക് സാവിയോ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളെ അപ്രതീക്ഷിതമായാണ് അധ്യാപകന്‍, ടെങ്സ്മാർട്ട് എം സാങ്മ, ക്ലാസ് റൂമില്‍ ഒരു റാമ്പ് വാക്കിന് ക്ഷണിച്ചത്. ടീച്ചർ പറഞ്ഞു തീർന്നതും കുട്ടികള്‍ തയ്യാർ. പെട്ടെന്ന് തന്നെ ക്ലാസ് റൂമില്‍ ഡെസ്കുകള്‍ക്ക് നടുവില്‍ റാമ്പും റെഡിയായി. ടീച്ചർ ഈ മനോഹരമായ ദൃശ്യങ്ങള്‍ പകർത്തി ഇന്റസ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെ ആ ക്ലാസും കുട്ടികളും വൈറലുമായി.

ടെങ്‌സ്മാർട്ട് എം സാങ്മ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വീഡിയോയുടെ ക്യാപ്ഷന്‍, 'ഓരോ കുട്ടിക്കും അവരുടെ ഭയങ്ങളെ മറികടന്നാൽ തിളങ്ങാൻ കഴിയും' എന്നായിരുന്നു. അത് ശരിവയ്ക്കുന്ന പ്രകടനമാണ് കുട്ടികള്‍ ആ വീഡിയോയില്‍ കാണിക്കുന്നത്. മടിയേതുമില്ലാതെ അവർ റാമ്പ് വാക്ക് ചെയ്തു. സഹപാഠികള്‍ അവർക്കായി കൈയ്യടിച്ചു.

ചില വിദ്യാർഥികൾ അവരുടെ സ്വന്തം സ്റ്റൈലില്‍ നൃത്തം ചെയ്തപ്പോള്‍ മറ്റുചിലർ മോഡലുകളെ അനുകരിച്ച് ആത്മവിശ്വാസത്തോടെ പോസ് ചെയ്തു. സിലബസിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും ആളുണ്ടായിരുന്നു.

ടീച്ചർ പങ്കുവെച്ച ദൃശ്യങ്ങള്‍ വൈറലായതോടെ വിദ്യാർഥികള്‍ക്ക് ക്ലാസ് റൂമിന് പുറത്തു നിന്നും കയ്യടികള്‍ ലഭിച്ചു തുടങ്ങി. സർഗാത്മകത വളർത്തുന്നതിനും വിദ്യാർഥികളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും ശ്രമിച്ച അധ്യാപകനെയും വീഡിയോ കണ്ടവർ പ്രശംസിച്ചു. "മനസ്സിനെ സ്പർശിക്കുന്ന കുട്ടികളുടെ പ്രകടനം", എന്നാണ് ഒരു ഇന്റർനെറ്റ് ഉപയോക്താവ് കമന്റ് ചെയ്തത്.

സ്കൂളിലെ റാമ്പ് വാക്ക്
'ലോകത്തിലെ എട്ടാമത്തെ മഹാത്ഭുതം'; മേൽപ്പാലം അവസാനിക്കുന്നത് കെട്ടിടത്തിന് മുകളിൽ; ട്രോളുമായി സോഷ്യൽ മീഡിയ

ക്ലാസ് മുറിയിലെ പഠനം രസകരമായി മാറ്റാനാണ് താനിത്തരമൊരു പ്രവർത്തനം രൂപകൽപ്പന ചെയ്തതെന്ന് സാങ്മ പറയുന്നു. "റാമ്പില്‍ തങ്ങളുടെ ജീവിത ലക്ഷ്യങ്ങൾക്കനുസരിച്ച് പെരുമാറാന്‍ ഞാൻ അവരോട് ആവശ്യപ്പെട്ടപ്പോൾ, അവർ പൂർണ ഊർജ്ജസ്വലതയോടെ പ്രകടനം നടത്തി," സാങ്മ തന്റെ വീഡിയോയുടെ അടിക്കുറിപ്പിൽ കുറിച്ചു.

News Malayalam 24x7
newsmalayalam.com