23 വര്‍ഷം നീണ്ട അത്ഭുതം; ജോണ്‍ സീനയെ അഭിനന്ദിച്ച് അണ്ടര്‍ടേക്കറും റോക്കും

തോല്‍വിയോടെയാണ് സീന തന്റെ ഐക്കോണിക് കരിയറിന് വിരാമമിട്ടത്
23 വര്‍ഷം നീണ്ട അത്ഭുതം; ജോണ്‍ സീനയെ അഭിനന്ദിച്ച് അണ്ടര്‍ടേക്കറും റോക്കും
Published on
Updated on

കഴിഞ്ഞ ദിവസമായിരുന്നു WWE ഇതിഹാസം ജോണ്‍ സീനയുടെ വിരമിക്കല്‍ മത്സരം. സാറ്റര്‍ഡേ നൈറ്റ്‌സ് മെയിന്‍ ഇവന്റില്‍ ഗുന്തറിനോട് (വാള്‍ട്ടന്‍ ഹാന്‍) സീന പരാജയപ്പെട്ടിരുന്നു. തോല്‍വിയോടെയാണ് സീന തന്റെ ഐക്കോണിക് കരിയറിന് വിരാമമിട്ടത്.

20 വര്‍ഷത്തിനിടെ ആദ്യമായാണ് ജോണ്‍ സീന ഒരു മത്സരത്തില്‍ നിന്ന് പുറത്താകുന്നത്. മത്സരത്തിനു ശേഷമുള്ള അഭിമുഖത്തില്‍ വിരമിക്കാനുള്ള കാരണത്തെ കുറിച്ച് സീന പറയുന്നത് ഇങ്ങനെയാണ്,

'എന്റെ കഴിവുകള്‍ മത്സരത്തിന്റെ നിലവാരത്തോട് ചേര്‍ന്നു പോകാതാകുന്ന ദിവസം വിരമിക്കുമെന്ന് ഞാന്‍ നേരത്തേ തീരുമാനിച്ചതാണ്. എനിക്കിപ്പോള്‍ 48 വയസ്സായി, എന്റെ 40-യാര്‍ഡ് സമയം കുറഞ്ഞു. ഇപ്പോഴത്തെ ഈ നിലവാരത്തോട് എനിക്ക് ഒത്തുപോകാന്‍ സാധിക്കില്ല, അത് സാരമില്ല. കാരണം ഞാന്‍ ചെയ്യുന്ന ജോലിയല്ല എന്റെ വ്യക്തിത്വം. ആ തിരിച്ചറിവാണ് എന്നെ ഈ തീരുമാനത്തിലെത്തിച്ചത്. ഇനി ഇത് ഈ ചെറുപ്പക്കാര്‍ക്ക് വിട്ടുകൊടുക്കട്ടെ, അവര്‍ ശരിക്കും മികച്ചവരാണ്. ഈയൊരു ഘട്ടത്തിനപ്പുറം ഞാന്‍ മുന്നോട്ട് പോവുകയാണെങ്കില്‍ അത് കാണികളോട് ചെയ്യുന്ന ദ്രോഹമായിരിക്കും'.

സീനയുടെ വിരമക്കില്‍ മത്സരത്തിന് മുന്നോടിയായി നിരവധി പ്രമുഖര്‍ അദ്ദേഹത്തെ പിന്തുണച്ച് സോഷ്യല്‍മീഡിയയില്‍ എത്തിയിരുന്നു. ബോളുവിഡ് താരങ്ങള്‍ മുതല്‍ ഡബ്ല്യഡബ്ല്യൂഇയിലെ ഇതിഹാസങ്ങള്‍ വരെ ഈ പട്ടികയിലുണ്ട്.

ഡ്വെയ്ന്‍ ജോണ്‍സണ്‍ (ദി റോക്ക്), ദി അണ്ടര്‍ടേക്കര്‍ അടക്കമുള്ളവര്‍ ജോണ്‍ സീനയുടെ കരിയറിനെ അഭിനന്ദിച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. 'ജോണ്‍, എന്റെ പ്രിയപ്പെട്ട ഉദ്ധരണികളിലൊന്നിനെ നിങ്ങള്‍ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്നു, അത് ഇതാണ് - പ്രധാനപ്പെട്ടവനാകുന്നത് നല്ലതാണ്, പക്ഷേ ദയയുള്ളവനായിരിക്കുക എന്നതാണ് അതിലും പ്രധാനം. നിങ്ങളുടെ ചരിത്രപരവും അസാധാരണവുമായ കരിയറിന് അഭിനന്ദനങ്ങള്‍. എല്ലായ്‌പ്പോഴും എന്നപോലെ ആസ്വദിക്കൂ' എന്നായിരുന്നു റോക്കിന്റെ കുറിപ്പ്.

'23 വര്‍ഷം മുമ്പ് താങ്കളുടെ അരങ്ങേറ്റ സമയത്ത് ഞാന്‍ പറഞ്ഞത് നൈസ് ജോബ് എന്നായിരുന്നു. ഇന്ന് നിങ്ങളുടെ അവസാന മത്സരത്തിലും ഞാന്‍ അതു തന്നെ പറയുന്നു, നൈസ് ജോബ്... പരിശ്രമം, വിശ്വസ്തത, ആദരവ് എന്നിവ വാക്കുകളേക്കാള്‍ വലുതാണ്. കഴിഞ്ഞ 23 വര്‍ഷം നിങ്ങള്‍ ഇത് ഉയര്‍ത്തിപ്പിടിച്ചാണ് നിലകൊണ്ടത്. ഈ മത്സരത്തോടും കാണികളോടുള്ള പ്രതിബദ്ധതയും സമാനതകളില്ലാത്തതാണ്. നിങ്ങളോടൊപ്പം റിങ്ങില്‍ നില്‍ക്കാന്‍ കഴിഞ്ഞതും ആ യാത്രയില്‍ ഭാഗമാകാന്‍ സാധിച്ചതും അഭിമാനമായി കാണുന്നു. നിങ്ങളുടെ കരിയര്‍ അവസാനിക്കുമ്പോള്‍ നിങ്ങള്‍ നല്‍കിയ ഓര്‍മകളും അഭിമാനകരമാണ്. അവസാനത്തെ യാത്ര ആസ്വദിക്കൂ, ഒരിക്കല്‍ കൂടി, നൈസ് ജോബ്...' - എന്നായിരുന്നു അണ്ടര്‍ടേക്കറിന്റെ വാക്കുകള്‍.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com