

ലണ്ടൻ: വന്യജീവികളുടെ ആക്രമണത്തിൽ മുനഷ്യർ കൊല്ലപ്പെടുന്ന വാർത്തകൾ നിരവധിയായി പുറത്തുവരാറുണ്ട്. കഴിഞ്ഞ ദിവസം അത്തരത്തിൽ നടുക്കുന്ന ഒരു വാർത്ത് ബ്രിട്ടണിൽ നിന്ന് പുറത്ത് വന്നിരുന്നു. യോർക്ഷെയർ വൈൽഡ്‌ലൈഫ് പാർക്കിൽ സന്ദർശകൻ കടുവയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടു. കടുവകളുടെ കൂടിനുള്ളിലേക്ക് അതിക്രമിച്ചു കടന്നയാളാണ് ആക്രമണത്തിന് ഇരയായത്. എന്നാൽ ഈ വിഷയത്തിൽ കടുവയെ ദയാവധത്തിന് വിധേയമാക്കില്ലെന്ന് പാർക്ക് അധികൃതർ വ്യക്തമാക്കി.
തെറ്റ് സംഭവിച്ചത് സന്ദർശകന്റെ ഭാഗത്ത് നിന്നാണ്. അയാൾ അതിക്രമിച്ച് കയറിയതാണ് കടുവ ആക്രമിക്കാൻ കാരണമായത്. അതിനാൽ കടുവയെ ദയാവധത്തിന് വിധേയനാക്കേണ്ട ആവശ്യം ഇല്ലെന്നാണ് അധികൃതരുടെ കണ്ടെത്തൽ. ആളുകൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പാർക്കിൽ മറ്റ് സുരക്ഷാ പ്രശ്നങ്ങളില്ലെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് മാനസികമായി പ്രയാസത്തിലായ ജീവനക്കാർക്ക് കൗൺസിലിംഗും പ്രത്യേക പിന്തുണയും നൽകുന്നതിനായി പാർക്ക് താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്.
ഒക്ടോബർ 10 ശനിയാഴ്ച ഉച്ചസമയത്തായിരുന്നു സംഭവം. ഡാങ്കാസ്റ്ററിന് സമീപമുള്ള പാർക്കിലെ അമൂർ കടുവയുടെ കൂട്ടിലേക്കാണ് സന്ദർശകൻ അതിക്രമിച്ച് പ്രവേശിച്ചത്. 'അൽതായ്' എന്ന് പേരുള്ള കടുവയാണ് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാൾക്ക് സംഭവസ്ഥലത്ത് വെച്ച് തന്നെ അടിയന്തര ചികിത്സ നൽകാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പാർക്ക് അധികൃതർ വിശദീകരണം നൽകിയെങ്കിലും പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.