കൊച്ചുകുഞ്ഞുങ്ങളുടെ വീഡിയോകൾ കഴിഞ്ഞാൽ പിന്നെ ഇൻ്റർനെറ്റിൽ വൈറലാവുന്നത് കുട്ടിയാനകളുടെ കുഞ്ഞുവീഡിയോകളാണ്. വഴിയരികിലെ പച്ചക്കറി വണ്ടിയിൽ നിന്നും കക്കരിയെടുക്കുന്ന കുഞ്ഞൻ ആനയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉപയോക്താക്കളുടെ ഹൃദയം കവരുന്നത്. "ചോട്ടുവിൻ്റെ ലഘുഭക്ഷണ ഇടവേള" എന്ന തലക്കെട്ടോടെ വന്ന വീഡിയോ പതിനായിരക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടത്.
16 സെക്കൻ്റുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോ ആരംഭിക്കുന്നത് ഇങ്ങനെയാണ്. ഒരു കൂട്ടം ആനകൾ റോഡിന്റെ ഒരു വശത്ത് നടന്നുനീങ്ങുകയാണ്. അവയുടെ പാപ്പാൻമാർ പുറകിൽ ഇരിക്കുന്നുമുണ്ട്. ഇവർക്കൊപ്പമാണ് കുഞ്ഞനാനയും വരുന്നത്. വഴിയിൽ പച്ചക്കറിവണ്ടി കണ്ടതോടെ ഇനിയൊരു കക്കിരി കഴിച്ചിട്ടാകാം നടത്തമെന്ന ചിന്തയിലായി കുട്ടിയാന. ഇതോടെ നടത്തം പതുക്കെയാക്കി വിരുതൻ പച്ചക്കറി വണ്ടിക്കരികിലെത്തി.
ആന വണ്ടിക്ക് നേരെ പാഞ്ഞുടത്തതോടെ കച്ചവടക്കാരനും അവിടെ നിന്നിരുന്ന ഒരു സ്ത്രീയും ഒരു നിമിഷം ഞെട്ടിപ്പോയി. എന്നാൽ കുട്ടിയാന ഭക്ഷണം കഴിക്കാനെത്തിയതാണെന്നും മനസിലായതോടെ സ്ത്രീ അവന് ഒരു കക്കിരി നീട്ടി. ഇത് കൈക്കലാക്കിയ ശേഷം ആനക്കുട്ടി കുണുങ്ങിയോടി പോവുകയും ചെയ്തു.
റിട്ടയേഡ് ഐഎഫ്എസ് ഉദ്യോഗസ്ഥ സുശാന്ത നന്ദയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. 'കുട്ടിയാന തൻ്റെ ക്യൂട്ട്നസിനുള്ള ടാക്സ് വാങ്ങുകയാണെന്ന്' ഒരു ഉപയോക്താവ് വീഡിയോയിൽ കമൻ്റ് ചെയ്തു. 'എല്ലാ കുഞ്ഞനാനകൾക്കും എവിടെ നിന്നാണെങ്കിലും എപ്പോൾ വേണമെങ്കിലും, ഭക്ഷണം ലഭിക്കുന്ന നിയമം വരണം', മറ്റൊരു ഉപയോക്താവ് പറയുന്നു.