ആമകളും വട്ടമേശ സമ്മേളനം കൂടാറുണ്ട്. വെറുതേ പറഞ്ഞതല്ല. ഒരു കൂട്ടം ആമകൾ ചേർന്ന് നടത്തുന്ന മീറ്റിങ്ങിൻ്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ബെയ്ൽ എന്ന് പേരുള്ള ഒരു കൂട്ടം ആമകളാണ് മീറ്റിങ് കൂടിയത്. ഈ കാഴ്ച കണ്ട് അത്ഭുതപ്പെട്ട ഇൻ്റർനെറ്റ് ലോകം ചോദിക്കുന്നത്, ഈ ഗൗരവമേറിയ ചർച്ച എന്തിനെക്കുറിച്ചായിരിക്കുമെന്നാണ്.
'നാച്ചുർ ഈസ് അമേസിങ്' എന്ന എക്സ് അക്കൗണ്ടിലാണ് ഈ വിചിത്ര മീറ്റിങ്ങിൻ്റെ ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടത്. ആമകളുടെ മീറ്റിങ് എന്ന തലക്കെട്ടോടെയാണ് വീഡിയോ എത്തിയിരിക്കുന്നത്. വെള്ളത്തിനടിയിൽ വൃത്താകൃതിയിലിരിക്കുന്ന ഒരു കൂട്ടം ആമകളുടെ മധ്യഭാഗത്ത് മൂന്ന് വിരുതൻമാർ ഇരിക്കുന്നതായും കാണാം. ഇതിനോടകം തന്നെ 12മില്യണിനടുത്ത് ആളുകൾ കണ്ട് വീഡിയോയ്ക്ക് രണ്ട് ലക്ഷം ലൈക്കുകളും 3000ത്തിലേറെ കമൻ്റുകളുമുണ്ട്.
ആമകളുടെ ഈ കൂടിക്കാഴ്ച എന്തിനെക്കുറിച്ചായിരിക്കുമെന്നാണ് നെറ്റിസൺസിൻ്റെ ചോദ്യം. ആമത്തലവൻ തലമുറകളോളം ഓർമ്മിക്കപ്പെടുന്നതിനായി ഒരു ആവേശകരമായ പ്രസംഗം നടത്തുകയാണെന്നാണ് ഒരു ഉപയോക്താവിൻ്റെ രസകരമായ കമൻ്റ്. പ്രസംഗം മറന്നുപോകാതിരിക്കാൻ ഒരു എഴുത്തുകാരൻ പ്രസംഗം ഗോത്ര അംഗങ്ങളിൽ ഒരാളുടെ പുറംതൊലിയിൽ പകർത്തിയെഴുതുകയാണെന്നും ഇയാൾ കുറിച്ചു. 'ടർട്ടിൽ ഫൈറ്റ് ക്ലബ്', 'ടർട്ടിൽ ഐസ് വൈഡ് ഷട്ട്' തുടങ്ങിയ സിനിമകളുമായുള്ള താരതമ്യങ്ങളും കമൻ്റ് ബോക്സിലുണ്ട്. ആമകുഞ്ഞുങ്ങൾ ലോകാധിപത്യം ആസൂത്രണം ചെയ്യുന്നുണ്ടാകാമെന്നും അവരെ ഉടൻ തന്നെ തടയേണ്ടതുണ്ടെന്നും പലരും അഭിപ്രായപ്പെട്ടു.
ശരിക്കും ആമകൾ മീറ്റിങ് കൂടുമോ?
വിഷയത്തിൽ ചെറിയൊരു ഗവേഷണം നടത്തിയപ്പോൾ, ചില ആമ വർഗ്ഗങ്ങൾ മീറ്റിങ് കൂടാറുണ്ടെന്ന് വ്യക്തമായി. ആവാസ വ്യവസ്ഥ, ഭക്ഷണ ലഭ്യത അല്ലെങ്കിൽ ഇണചേരുന്നതുമായി ബന്ധപ്പെട്ടെല്ലാമാണ് ഇവർ ഇത്തരം സമൂഹിക സ്വഭാവം പ്രകടിപ്പിക്കുന്നത്. കൂട്ടമായി സഞ്ചരിക്കുന്നിതിനിടെ ആമകൾ കൂടാറുമുണ്ട്. അതിനാൽ, വീഡിയോയിൽ കാണുന്നത് ആമകൾ കൂട്ടത്തിൻ്റെ ഇണചേരലോ, അല്ലെങ്കിൽ യഥാർഥത്തിലുള്ള മീറ്റിങ്ങോ ആകാം.