വിനോദസഞ്ചാരിയിൽ നിന്ന് പണം തട്ടിയെടുത്ത് മരത്തിന് മുകളിൽ കയറിയിരുന്ന് അത് താഴേക്കിടുന്ന ഒരു കുരങ്ങിൻ്റെ രസകരമായ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. 500 രൂപയുടെ ഒരു നോട്ടുകെട്ട് തട്ടിയെടുത്താണ് കുരങ്ങ് മരത്തിന് മുകളിൽ നിന്ന് ഓരോന്നായി പറത്തിയത്.
സംഭവം നടക്കുന്നത് തമിഴ്നാട്ടിലെ കൊടൈക്കനാലിലെ ഗുണ കേവിന് സമീപമാണ്. കർണാടകയിൽ നിന്നുള്ള ഒരു വിനോദസഞ്ചാരിയാണ് കുരങ്ങിൻ്റെ കുസൃതിക്ക് ഇരയായത്. വിനോദസഞ്ചാരിയുടെ കൈയിൽ നിന്ന് റബർ ബാൻഡുകൊണ്ട് കെട്ടിയ 500 രൂപയുടെ നോട്ടുകളുടെ ഒരു കെട്ട് കുരങ്ങൻ തട്ടിയെടുക്കുകയായിരുന്നു. പിന്നീട്, ഒരു മരത്തിന് മുകളിൽ കയറിയ കുരങ്ങൻ നോട്ടുകെട്ടിൽ നിന്ന് ഓരോ നോട്ടുകൾ എടുത്ത് താഴേക്ക് പറത്തിവിടാൻ ആരംഭിക്കുകയായിരുന്നു. ആദ്യം വളരെ ശാന്തമായി ഇരുന്ന് നോട്ടുകെട്ടുകൾ പറത്തിയ കുരങ്ങ്, പിന്നീടാണ് തൻ്റെ വീഡിയോ ഷൂട്ട് ചെയ്യുന്നുവെന്ന് മനസിലാക്കിയത്. തുടർന്ന്, വളരെ പെട്ടന്ന് തന്നെ കുരങ്ങ് നോട്ടുകൾ താഴേക്കിടാൻ തുടങ്ങി.
500 രൂപ നോട്ടുകൾ വായുവിലൂടെ പറക്കുന്നത് കണ്ട് വിനോദസഞ്ചാരികൾ ഞെട്ടിപ്പോയി. ബാഗ് എടുത്ത വിനോദസഞ്ചാരി സുഹൃത്തിനൊപ്പം ശാന്തമായി കാത്തിരുന്നുകൊണ്ട്, മരത്തിൽ നിന്ന് വീഴുന്ന നോട്ടുകൾ ഓരോന്നായി പെറുക്കി എടുക്കാൻ തുടങ്ങി. മറ്റ് വിനോദസഞ്ചാരികളും പണം ശേഖരിക്കാൻ സഹായിച്ചു. എന്നാൽ ചില നോട്ടുകൾ താഴ്‌വരയിലേക്ക് വീണതിനാൽ അവ തിരികെ കിട്ടിയില്ല.
സമൂഹമാധ്യമങ്ങളിൽ വീഡിയോ വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. നിരവധി തമാശ കലർന്ന കമൻ്റുകളാണ് വീഡിയോക്ക് താഴെ പ്രത്യക്ഷപ്പെട്ടത്. ചിലർ കുരങ്ങിൻ്റെ അസാധാരണ സ്വഭാവത്തെ കുറിച്ച് കമൻ്റ് ചെയ്തപ്പോൾ, മറ്റ് ചിലർ കുരങ്ങ് സാധനങ്ങൾ തട്ടിയെടുക്കുന്നത് സാധാരണ സംഭവമല്ലെന്ന് ചൂണ്ടിക്കാട്ടി. ബൃന്ദാവൻ, കൊടൈക്കനാൽ തുടങ്ങിയ വിനോദസഞ്ചാര മേഖലകളിൽ ഇത് സാധാരണമാണെന്നും ചിലർ കമൻ്റ് ചെയ്തു.