നല്ല രാഷ്ട്രീയ ബോധമുള്ള തലമുറയാണ്; യുവാക്കള്‍ക്കിടയില്‍ തരംഗമായി 'കോക്രോച്ച് ജനതാ പാര്‍ട്ടി'

മൊബൈല്‍ ഫോണിനുള്ളില്‍ നില്‍ക്കുന്ന പാറ്റയാണ് ഇവരുടെ ചിഹ്നം
നല്ല രാഷ്ട്രീയ ബോധമുള്ള തലമുറയാണ്; യുവാക്കള്‍ക്കിടയില്‍ തരംഗമായി 'കോക്രോച്ച് ജനതാ പാര്‍ട്ടി'
Published on
Updated on

കോടതി നടപടികള്‍ക്കിടയില്‍ യുവാക്കളെ പാറ്റകളോടുപമിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പ്രസ്താവനയില്‍ പ്രതിക്ഷേധിച്ച് പിറവിയെടുത്ത കോക്രോച്ച് ജനതാ പാര്‍ട്ടിക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ജെന്‍സികള്‍ക്കു വേണ്ടി അഭിജിത്ത് ദീപ്‌കെയാണ് ഈ ആക്ഷേപഹാസ്യ പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നത്. മൊബൈല്‍ ഫോണിനുള്ളില്‍ നില്‍ക്കുന്ന പാറ്റയാണ് ഇവരുടെ ചിഹ്നം.

പുതിയ തലമുറയ്ക്ക് രാഷ്ട്രീയം കുറയുന്നുവെന്ന ആക്ഷേപങ്ങള്‍ക്കിടയില്‍ സ്വന്തമായി രാഷ്ട്രീയപാര്‍ട്ടി തന്നെയുണ്ടാക്കി പരമ്പരാഗത പാര്‍ട്ടികളുടെ കണ്ടുമടുത്ത രാഷ്ട്രീയത്തെ ട്രോളുകയാണ് ജെന്‍സികള്‍. നിരന്തരം മടിയന്മാരെന്ന് പരിഹസിക്കപ്പെടുന്ന, അടുത്തിടെ പാറ്റകള്‍ എന്ന് വിളിക്കപ്പെട്ട യുവാക്കള്‍ക്കായി തയ്യാറാക്കിയ പാര്‍ട്ടിയില്‍ ഇതിനോടകം ആയിരക്കണക്കിന് പേരാണ് അംഗങ്ങളായത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായ മഹുവ മൊയ്ത്രയും കീര്‍ത്തി ആസാദും ഈ പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടുണ്ട്.

ചീഫ് ജസ്റ്റിസിന് വിരമിച്ച ശേഷം രാജ്യസഭാ സീറ്റ് നല്‍കില്ല, പാര്‍ലമെന്റിന്റെ അംഗബലം വര്‍ധിപ്പിക്കാതെ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം, എല്ലാ കാബിനറ്റ് സ്ഥാനങ്ങളുടെയും 50 ശതമാനം സ്ത്രീകള്‍ക്കായി സംവരണം ചെയ്യും, ഒരു പാര്‍ട്ടിയില്‍ നിന്ന് മറ്റൊന്നിലേക്ക് കൂറുമാറുന്ന എംഎല്‍എമാരേയും എംപിമാരേയും 20 വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പുകളില്‍ നിന്നും പൊതു പദവികളില്‍ നിന്നും വിലക്കുക, എന്നിങ്ങനെ രസകരമായ വാഗ്ദാനങ്ങളാണ് പാര്‍ട്ടി പ്രകടന പത്രികയില്‍ നല്‍കിയിരിക്കുന്നത്.

തൊഴില്‍രഹിതരായ യുവാക്കളെ പാറ്റകളോട് ഉപമിച്ചുകൊണ്ടുള്ള ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമര്‍ശമാണ് ആദ്യം വിവാദമായത്. ആക്റ്റിവിസ്റ്റുകളായി മാറി തൊഴില്‍രഹിതരായ യുവാക്കള്‍ പാറ്റകളെപ്പോലെ സിസ്റ്റത്തെ ആക്രമിക്കുകയാണെന്നായിരുന്നു ചീഫ് ജസ്റ്റിസ് പറഞ്ഞത്. മുതിര്‍ന്ന അഭിഭാഷകപദവി ആവശ്യപ്പെട്ട് ഒരു അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു വിവാദപരാമര്‍ശം.

എന്നാല്‍ തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയെങ്കിലും പിന്നാലെ അഭിജിത് ദീപ്‌കെയുടെ നേതൃത്വത്തില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി രൂപീകരിച്ചു. മഹുവ മൊയ്ത എംപിയടക്കമുള്ള നേതാക്കള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതോടെ സാമൂഹികമാധ്യമങ്ങളില്‍ വന്‍ പിന്തുണയാണ് ജെന്‍സികളുടെ ഭാഗത്ത് നിന്ന് പാര്‍ട്ടിക്ക് ഉണ്ടായത്. എന്നാല്‍ ഇപ്പോള്‍ കോക്രോച്ച് ജനത പാര്‍ട്ടിക്ക് എതിരാളിയായി നാഷണല്‍ പാരസൈറ്റിക് ഫ്രണ്ട് എന്ന പുതിയ പാര്‍ട്ടി കൂടി രംഗത്തെത്തിയതോടെയാണ് സാമൂഹികമാധ്യമങ്ങളില്‍ പുത്തന്‍രാഷ്ട്രീയക്കാര്‍ രണ്ട് തട്ടിലായത്.

Related Stories

CJI Surya Kant
Supreme Court criticizes police violence against CJP
Supreme Court of India
I didn't say that the police violence at Jantar Mantar will not be considered.
News Malayalam 24x7
newsmalayalam.com