പ്രൈവസിക്ക് ഏറ്റവും അധികം പ്രാധാന്യം നൽകുന്നവരാണ് തങ്ങളെന്നാണ് മെറ്റയുടെ അവകാശവാദം. സുരക്ഷിതമായി സന്ദേശം അയയ്‌ക്കുന്നതിന് ഏറ്റവും നല്ല പ്ലാറ്റ്‌ഫോം തങ്ങളുടേതാണെന്നും കമ്പനി അവകാശപ്പെടാറുണ്ട്. അതിന് ഒന്നുകൂടി ഊന്നൽ നൽകുന്നതാണ് പുതിയതായി വാട്സ്ആപ്പിൽ വരാനൊരുങ്ങുന്ന അപ്ഡേറ്റ്.
ഫോൺ നമ്പറുകൾ നൽകാതെ ആപ്പ് ഉപയോഗിക്കാൻ സാധിക്കുന്ന ഫീച്ചറാണ് വാട്സ്ആപ്പ് പുതിയതായി രംഗത്തിറക്കുന്നത്. ഉപയോക്താക്കൾ അവരുടെ കോൺടാക്റ്റ് വിവരങ്ങൾ പങ്കിടുന്ന രീതിയിൽ മാറ്റം വരുത്തുന്ന ഫീച്ചർ അവതരിപ്പിക്കാനാണ് വാട്സ്ആപ്പ് ഒരുങ്ങുന്നത്. ഉടനെ ഉപയോക്താക്കൾ ഫോൺ നമ്പറുകൾക്ക് പകരം യൂസർ നേമുകൾ വഴിയാകും കണക്റ്റ് ചെയ്യുക. പ്ലാറ്റ്‌ഫോമിൽ ചാറ്റ് ചെയ്യുമ്പോൾ തന്നെ ഉപയോക്താക്കളെ അവരുടെ ഫോൺ നമ്പറുകൾ മറച്ചുവെക്കാൻ അനുവദിക്കുന്നതിലൂടെ, ദീർഘകാലമായി നിലനിൽക്കുന്ന പ്രൈവസി പ്രശ്നങ്ങൾക്ക് ഈ അപ്‌ഡേറ്റ് പരിഹാരമായേക്കും. വ്യക്തികളുടെ സ്വകാര്യതയും സുരക്ഷയും പരിഗണിച്ചാണ് ആപ്പിൻ്റെ ഈ അപ്ഡേഷൻ.
എന്തുകൊണ്ട് ഈ മാറ്റം?
വർഷങ്ങളായി അപരിചിതർക്ക് വാട്സ്ആപ്പിൽ ഫോൺ നമ്പർ പങ്കിടുന്നത് പലപ്പോഴും അപകടസാധ്യതകൾ നിറഞ്ഞതാണ്. സ്വകാര്യത പ്രശ്‌നങ്ങളും അനാവശ്യ മെസേജുകളും കോളുകളും ഉണ്ടാകാനുള്ള സാധ്യതയും കാരണം പലരും അവരുടെ നമ്പറുകൾ നൽകാൻ മടിക്കാറുണ്ട്. പ്രത്യേകിച്ച് ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചുള്ള തട്ടിപ്പുകളും സ്പാമുകളും ഈയിടെയായി വളരെയധികം വർധിച്ചിട്ടുണ്ട്. ഫോൺ നമ്പറുകൾ ഉപയോഗിച്ച് പണത്തട്ടിപ്പുകളും നടക്കുന്നുണ്ട്. ഈ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞുകൊണ്ടാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ്, ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി ഈ അപ്ഡേറ്റ് കൊണ്ടുവരാനൊരുങ്ങുന്നത്.
വാട്‌സ്ആപ്പ് കൊണ്ടുവരുന്ന ഈ ഫീച്ചറിൽ യൂസർ നെയിമിനൊപ്പം നാലക്ക പിന്നും സൃഷ്‌ടിക്കേണ്ടതുണ്ട്. പുതിയ ഫീച്ചർ ഉടൻ പുറത്തിറക്കുമെന്നാണ് വാട്‌സ്ആപ്പ് അറിയിച്ചിരിക്കുന്നത്.