"അത് എഐ അല്ല"; മലയാളി മറന്നുതുടങ്ങിയ പ്രകാശ് മാത്യുവിനെ ട്രെന്റിങ്ങാക്കിയ താരം: ഡിജെ സിക്സ് എയ്റ്റ്

സോഷ്യൽ മീഡിയയിലും വാർത്താ റിപ്പോർട്ടുകളിലും പ്രകാശ് മാത്യു വീഡിയോ നിറഞ്ഞുനിൽക്കുമ്പോഴും, ഇതിന് പിന്നിലെ ക്രിയേറ്ററിനെ കുറിച്ച് അധികമാരും പറഞ്ഞു കേട്ടില്ല...
Dj six eight, Romnic stephan
റോംനിക് സ്റ്റീഫൻ എന്ന കൊച്ചി ഏലൂർക്കാരനാണ് ഈ ബാങ്ങറുകൾക്കെല്ലാം പിന്നിൽSource: News Malayalam TV
Published on

നിറം സിനിമയിൽ നെഞ്ച് തകർന്നുനടന്ന പാട്ടുകാരൻ പ്രകാശ് മാത്യുവാണ് ഇപ്പോൾ സോഷ്യൽ മീഡിയ വാഴുന്നത്. പഴയ നാണം കുണുങ്ങി പയ്യനല്ല, നക്ഷത്ര പയ്യനാണ് ഇപ്പോൾ പ്രകാശ്. സോഷ്യൽ മീഡിയയിലും വാർത്താ റിപ്പോർട്ടുകളിലും പ്രകാശ് മാത്യു വീഡിയോ നിറഞ്ഞുനിൽക്കുമ്പോഴും, ഇതിന് പിന്നിലെ ക്രിയേറ്ററിനെ കുറിച്ച് അധികമാരും പറഞ്ഞു കേട്ടില്ല. മാത്രമല്ല, ഇതൊരു എഐ ജനറേറ്റജ് വീഡിയോ ആണെന്ന തെറ്റിദ്ധാരണയും പലർക്കുമുണ്ട്. സിക്സ് എയ്റ്റ് എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ എത്തിയതെന്ന് വാ‍ർത്താ റിപ്പോർട്ടുകളിലെല്ലാം കാണാം. എന്നാൽ ഒരു യൂട്യൂബ് ചാനൽ പേര് മാത്രമാണോ സിക്സ് എയ്റ്റ്? ആരാണ് ഈ ചാനലിൻ്റെ ഉടമ?

ദി അൺടോൾഡ് സ്റ്റോറി ഓഫ് പ്രകാശ് മാത്യു, ദി സ്റ്റാർബോയ് അഥവാ നക്ഷത്ര പയ്യൻ. ആരും കൊതിക്കുന്ന ജീവിതം, ലക്ഷക്കണക്കിന് ആരാധകർ, ഇൻഫിനിറ്റ് ഔറ. പ്രകാശ് മാത്യുവിൻ്റെ ട്രെൻഡിങ് വീഡിയോ കണ്ടവരെല്ലാം ഒരേ സ്വരത്തിൽ പറയുകയാണ്- "ആർക്ക് പോയി, സോനയ്ക്ക് പോയി".

എന്നാൽ നിങ്ങളാ മിക്സ് ശ്രദ്ധിച്ചിരുന്നോ? പോപ്പ് ഐക്കൺ ദി വിക്കെന്‍ഡിന്റെ സ്റ്റാർബോയ് ആൽബവും, മലയാളികളുടെ സ്വന്തം ഭാവഗായകൻ പാടിയ  പ്രായം നമ്മിൽ മോഹം നൽകി എന്ന ഗാനവും എത്ര മനോഹരമായാണ് കോർത്തിണക്കിയത് എന്ന് ശ്രദ്ധിച്ചിരുന്നോ? എങ്കിൽ ഡിജെ സിക്സ് എയ്റ്റ് എന്ന പേരും ഓർത്തിരിക്കണം. ഡിജെ സിക്സ് എയ്റ്റിനെ അറിയാത്തവരാണോ? ഈ പാട്ടുകളെകുറിച്ച് അറിഞ്ഞാൽ മനസിലായിക്കോളും.

90'സ് കിഡ്‌സ് പാട്ടുകളെ ജെൻ സീയാക്കിയ ഡിജെ!

ഏകദേശം രണ്ട് വർഷം മുൻപാണ്. 90സ് കിഡ്സിൻ്റെ നൊസ്റ്റാൾജിക് മാസ്റ്റ‍ർ പീസായിരുന്നു ജോക്കർ എന്ന സിനിമയിലെ പൊൻകസവ് ഞൊറിയും എന്ന ​ഗാനം. പെട്ടെന്ന് ജെൻ സീ പിള്ളേരൊക്കെ അനുപല്ലവിയിലെ ജീവരാ​ഗ മധുലഹരിയിതാ എന്ന് തുടങ്ങുന്ന വരികൾ പാടി നടക്കാൻ തുടങ്ങി. ഇൻസ്റ്റ​ഗ്രാം റീലുകളിലും, ഓണാഘോഷത്തിനും, ടൂറിനുമെല്ലാം ഈ പാട്ട് തന്നെ. അതിനൊപ്പം ജസ്റ്റിൻ ബീബറും ദി കിഡ് ലാറോയിയും ചേ‍ർന്നൊരുക്കിയ സ്റ്റേ എന്ന ആൽബത്തിലെ വരികളുമുണ്ടായിരുന്നു. എന്താ സംഭവമെന്ന് തപ്പി പോയപ്പോഴാണ് കേരളം ഡിജെ സിക്സ് എയ്റ്റ് എന്ന പേര് ശ്രദ്ധിക്കുന്നത്.

എൻഐടി രാ​ഗം ഫെസ്റ്റിനാണ് ഡിജെ സിക്സ് എയിറ്റ് ആ മിക്സ് പുറത്തുവിട്ടത്. ചിത്രചേച്ചീടെ ശബ്​ദത്തെ കൂടുതൽ മനോഹരമാക്കുന്നതായിരുന്നു മിക്സ്. കെ. എസ്. ചിത്ര ഫാൻസെല്ലാം റീമിക്സ് ഏറ്റെടുത്തു. 15 മില്യൺ ആളുകളാണ് വീഡിയോ യൂട്യൂബിൽ കണ്ടത്.

ഒട്ടും പ്രതീക്ഷിക്കാതെയാണ് സിക്സ് എയ്റ്റിന്റെ രണ്ടാം മിക്സ് എത്തിയത്. അതും ഇൻഫോ പാർക്ക് ലൈവ് പെർഫോർമെൻസിനിടെ. ​പുലിവാൽ കല്യാണത്തിലെ ​ഗുജറാത്തി കാൽത്തള കെട്ടിയ എന്ന ​ഗാനവും സൈഡ് പീസ് എന്ന ബാൻഡിൻ്റെ തക എന്ന ആൽബവും കൂടി മിക്സ് ചെയ്ത ഐറ്റം. മിക്സിൻ്റെ ഫുൾ വീഡിയോ കൂടി എത്തിയതോടെ, ഒറിജിനൽ ഏതാണെന്ന് പലരും മറന്നുപോയി. എന്നടാ പണ്ണി വെച്ചിറുക്കേ എന്നായിരുന്നു എല്ലവാരുടേയും ചോദ്യം. ഇപ്പോ നിങ്ങൾക്ക് ആളെ ഏകദേശം പിടികിട്ടി കാണും അല്ലേ?

ആരാണ് ഡിജെ സിക്സ് എയ്റ്റ്?

റോംനിക് സ്റ്റീഫൻ എന്ന കൊച്ചി ഏലൂർക്കാരനാണ് ഈ ബാങ്ങറുകൾക്കെല്ലാം പിന്നിൽ. ഗ്രാഫിക്സ് ഡിസൈനിങ്ങ് ആണ് പ്രൊഫഷൻ എങ്കിലും റോംനിക് മനസ്സ് എപ്പോഴും സംഗീതത്തിനൊപ്പമാണ്. 2016ലാണ് റോംനിക് ​ഡിജെ മ്യൂസിഷൻ എന്ന പാഷൻ കൂടി തിരഞ്ഞെടുക്കുന്നത്. ഡിജെ സിക്സ് എയ്റ്റിൻ്റെ മ്യൂസിക് ഷോ ഉണ്ടെന്ന് കേട്ടാൽ ഫുള്ളി ഒക്യുപൈഡ് സ്റ്റേജ് പ്രതീക്ഷിച്ചോളൂ... സൺബേൺ റീലോഡ്, സൺബേൺ കാമ്പസ് പോലുള്ള മ്യൂസിക് ഫെസ്റ്റിവലുകളിലും കോളേജ് പരിപാടികളിലുമെല്ലാം നിറ സാന്നിധ്യമാണ് ഡിജെ സിക്സ് എയ്റ്റ്.

ഈ സിക്സ് എയ്റ്റ് എന്ന പേരിന് പിന്നിലും ഒരു കഥയുണ്ട്. മ്യൂസികിലെ ഒരു ടൈം സിഗ്നേച്ച‍റാണ് 6-8. അഥവാ ബീറ്റ്. ഇന്ത്യയിലെ മിക്കവാറും പാട്ടുകളും ഈ ടൈം സി​ഗ്നേച്ചറിലാണ് കംപോസ് ചെയ്തിരിക്കുന്നത്. ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് റോംനിക് 6-8 എന്ന പേര് തിര‍ഞ്ഞെടുത്തത്. പറഞ്ഞുവരുന്നത് ഇത്രയേ ഉള്ളൂ, ഒരു യൂട്യൂബ് ചാനലിന്റെ പേര് മാത്രമല്ല. ഇന്ത്യയിലൊട്ടാകെ ഫാൻസുള്ള ഡിജെ പെ‍ർഫോ‍ർമറാണ് സിക്സ് എയ്റ്റ്.

"അത് എഐ അല്ല!"

ഇനി വീഡിയോ ക്രിയേറ്റേഴ്സ് എഐ ഉപയോഗിച്ചാണ് പ്രകാശ് മാത്യുവിനെ നക്ഷത്ര പയ്യനാക്കിയതെന്ന തെറ്റിദ്ധാരണയുണ്ടെങ്കിൽ അതും വേണ്ട. റോംനിക് സ്റ്റീഫൻ്റെയും സുഹൃത്തുക്കളുടെയും മൂന്ന് മാസത്തെ അധ്വാനമാണ് നമ്മൾ വീഡിയോയിൽ കാണുന്നത്. ദിസ് ഈസ് നോട്ട് ഏൻ എഐ വീഡിയോ എന്ന് റോംനിക് തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.

മിക്സ് മൂന്ന് വർഷം മുൻപ് ചെയ്ത് വെച്ചിരുന്നതാണെങ്കിലും പെർഫെക്ട് വിഷ്വൽസിന് വേണ്ടി കാത്തിരിക്കുകയായിരുന്നെന്ന് റോംനിക് ഒരു സ്വകാര്യമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. മാനുവൽ ഫേസ് മാസ്കിങ്ങും, ബ്ലെൻഡിങ്ങുമുപയോഗിച്ചാണ് വീഡിയോ നിർമിച്ചിരിക്കുന്നത്. മൂന്ന് മാസത്തെ ഞങ്ങളുടെ കഷ്ടപാടിനെ 30 സെക്കൻ്റ് കൊണ്ടുണ്ടാക്കാൻ കഴിയുന്ന എഐയുമായി ഉപമിക്കല്ലേ എന്ന് അഭ്യർഥിക്കുകയാണ് ഡിജെ സിക്സ് എയ്റ്റ്.

എന്തായാലും മൂന്നാഴ്ച മുൻപിറങ്ങിയ പ്രകാശ് മാത്യുവിൻ്റെ വീഡിയോ ലക്ഷക്കണക്കിനാളുകൾ ഇതിനോടകം തന്നെ കണ്ടുകഴിഞ്ഞു. കേരളത്തിന് പുറത്തുള്ള സം​ഗീതാസ്വാദകരും മിക്സ് ഏറ്റെടുത്തിട്ടുണ്ട്. ഇത് പെട്ടെന്ന് സ്പോട്ടിഫൈയിൽ റിലീസ് ചെയ്യണമെന്ന ആവശ്യമാണ് ആരാധകരെല്ലാം ഉയർത്തുന്നത്. എനിക്കറിയേണ്ടത് മറ്റൊരു കാര്യമാണ്, താൻ ഇത്രയും വലിയ പോപ്പ് സ്റ്റാർ ആയ വിവരം ബോബൻ ആലംമൂടൻ അറിഞ്ഞോ ആവോ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com