'അയ്യേ ഇതെന്ത് ട്രിക്ക്?' മൂത്രം ഉപയോഗിച്ച് കണ്ണ് കഴുകുന്ന ട്യൂട്ടോറിയൽ വീഡിയോ പങ്കുവെച്ച് ഇൻസ്റ്റഗ്രാം ഇൻഫ്ലുവെൻസർ !

മനുഷ്യ മൂത്രം ചർമത്തിൽ തൊടാൻ പോലും അനുവദിക്കരുതെന്നും ഇത് ഗുരുതര പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്നും ആരോഗ്യവിദഗ്ദർ പറയുന്നു
Urine eye wash trend gone wrong
വിമർശനം ഉയർന്നതോടെ നൂപുർ വീഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തുSource: X/ @theliverdr
Published on

സോഷ്യൽ മീഡിയയിൽ വൈറലാവാൻ പലരും പല തന്ത്രങ്ങളാണ് പയറ്റിനോക്കുക. വൈറലാവാനുള്ള ചിലരുടെ കാട്ടിക്കൂട്ടലുകൾ കണ്ടാൽ മൂക്കത്ത് വിരൽവെച്ച് പോവുകയും ചെയ്യും. അങ്ങനെ പൂനെയിൽ നിന്നുള്ള ഒരു സ്ത്രീ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച. മൂത്രം കൊണ്ട് കണ്ണ് കഴുകുന്ന ട്രിക്ക് പങ്കുവെച്ചിരിക്കുകയാണ് ഇവർ.

അവതാരക, കോർപ്പറേറ്റ് പരിശീലക, ലൈഫ് കോച്ച്- ഇങ്ങനെയെല്ലാമാണ് നൂപുർ പിറ്റി എന്ന സ്ത്രീ അവരുടെ ഇൻസ്റ്റഗ്രാം ബയോയിൽ കുറിച്ചിരിക്കുന്നത്. ഇവർ പങ്കുവെച്ച വളരെ വിചിത്രമായ ഒരു വീഡിയോ വൈദ്യശാസ്ത്ര സമൂഹത്തെ ഭയപ്പെടുത്തിയിരിക്കുകയാണ്. രാവിലെയുള്ള മൂത്രം ഉപയോഗിച്ച് എങ്ങനെ കണ്ണുകൾ കഴുകാം എന്നുള്ള ട്യൂട്ടോറിയൽ വീഡിയോയാണ് നൂപുർ പങ്കുവെച്ചത്. വിമർശനം ഉയർന്നതോടെ ഇത് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

മൂത്രം ഉപയോഗിച്ച് കണ്ണ് കഴുകാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രമാണ്. ആദ്യം രാവിലെയുള്ള മൂത്രം ശേഖരിച്ച ശേഷം രണ്ട് ചെറിയ ഷോട്ട് ഗ്ലാസുകളിലേക്ക് ഒഴിക്കുക കണ്ണ് ഗ്ലാസുകളിൽ മുക്കിയ ശേഷം, 4-5 മിനിറ്റ് തുടർച്ചയായി കണ്ണുകൾ ചിമ്മുക. തുടർന്ന് 2-3 മിനിറ്റ് ചൂടുള്ള ടവ്വൽ ഉപയോഗിച്ച് കണ്ണുകൾ തുടയ്ക്കുക. സിംപിൾ.

നൂപുറിൻ്റെ ട്രിക്കിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് ഉയരുന്നത്. രാവിലെ മൂത്രം ഉപയോഗിച്ച് കണ്ണുകൾ കഴുകുന്നത് ശാസ്ത്രീയ അടിത്തറയോ, തെളിയിക്കപ്പെട്ട ഗുണങ്ങളോ ഇല്ലാത്ത ഒരു വിവാദപരമായ ആചാരമാണെന്ന് ഡെർമറ്റോളജിസ്റ്റും സൗന്ദര്യശാസ്ത്ര വിദഗ്ധനും ഇലാമെഡിന്റെ സ്ഥാപക ഡയറക്ടറുമായ ഡോ. അജയ് റാണയെ ഉദ്ധരിച്ച് എൻ‌ഡി‌ടി‌വി റിപ്പോർട്ട് ചെയ്യുന്നു.

മാത്രമല്ല ഒരിക്കലും മൂത്രം കണ്ണിൽ ഒഴിക്കരുതെന്ന് ഡോക്ടർമാർ പറയുന്നു. അണുവിമുക്തമല്ലാത്തതിനാൽ തന്നെ കണ്ണിന്റെ സെൻസിറ്റീവ് ടിഷ്യുകളെ മൂത്രം ബാധിക്കും. മൂത്രത്തിലെ ചില വസ്തുക്കൾ കണ്ണുകളുടെ സൂക്ഷ്മമായ കലകൾക്ക് കേടുവരുത്തും. മലിനമായ മൂത്രം കൺജങ്ക്റ്റിവിറ്റിസ് (പിങ്ക് ഐ) പോലുള്ള അവസ്ഥകൾക്ക് കാരണമാകും. മനുഷ്യ മൂത്രം ചർമത്തിൽ തൊടാൻ പോലും അനുവദിക്കുന്നത് ഗുരുതര പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്നും ആരോഗ്യവിദഗ്ദർ വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com