ടേബിളിന് മുകളിലും ഡംബെല്ലിന് മുകളിലുമായി, ഒറ്റക്കാലിൽ ഹൈഹീൽസ് ധരിച്ച്, ബാലൻസ് നഷ്ടപ്പെടാതെ നിൽക്കുക എന്നതാണ് പുതിയ സോഷ്യൽ മീഡിയ സെൻസേഷൻ ചലഞ്ച്. എന്നാൽ ഈ ബാലൻസ് ചലഞ്ചിലെ ഐക്കോണിക് പോസ് ആരുടേതാണെന്ന് നിങ്ങൾക്കറിയാമോ? പറയാം.
ഡംബലിന് മുകളിലും ഡെസ്കിന്റെ മുകളിലുമായി ഹീൽസിട്ട് കാലിന്മേൽ കാലും വെച്ച് ബാലൻസ് ചെയ്ത് സ്ത്രീകൾ നിൽക്കുന്ന ഒരു വൈറൽ ട്രെൻഡ്. ചിലർ ബാലൻസ് ചലഞ്ച് എന്നാണ് വിളിച്ചത്. എന്നാൽ ചലഞ്ചിന്റെ പേര് അതല്ല. നിക്കി മിനാജ് ചലഞ്ച് എന്നാണ് പേര്. ഇതിന് പിന്നിലൊരു കഥയുണ്ട്.
റാപ്പറും ഗാനരചയിതാവുമായ നിക്കി മിനാജ് 2013ൽ ഇറക്കിയ സിംഗിൾ ആൽബമാണ് ഹൈസ്കൂൾ. അതിലെ ഐക്കോണിക് പോസാണ് ഇപ്പോൾ ചലഞ്ച് ആയി സോഷ്യൽ മീഡിയയിൽ മാറിയത്. പൂളിനരികിൽ ഹൈഹീൽസിട്ട് കാലിന്മേൽ കാൽ വെച്ച് ഇരിക്കുന്ന നിക്കിയുടെ പോസാണ് ഇന്ന് എല്ലാ ഇൻഫ്ലുവൻസേഴ്സും അനുകരിക്കുന്നത്. കോൺഫിഡൻസും ക്രിയേറ്റിവിറ്റിയും ഫെമിനിൻ പവറുമാണ് ഈ ഇരിപ്പിലെ രാഷ്ട്രീയം.
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് ഈ പോസ് അനുകരിച്ചു തുടങ്ങിയതോടെ പോസ് വൈറലായി. അമേരിക്കൻ ഡാൻസറും കൊറിയോഗ്രാഫറുമായ വിറ്റ്നി കാർസൺ, മോഡൽ ശിഖസിങ്, മലയാളി വ്‌ളോഗറും ചലച്ചിത്രതാരവുമായ പേളി മാണി തുടങ്ങിയവർ ചലഞ്ച് സ്വീകരിച്ച് റീൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
എന്നാൽ ആരാധകരെ ഞെട്ടിച്ചത് ബോളിവുഡ് നടിയും സെർബിയൻ നർത്തകിയും മോഡലുമായ നടാഷ സ്റ്റെൻകോവിച് ആണ്. ആദ്യം ഡംബലിനു മുകളിലും പിന്നീട് ചെറിയ ടേബിളിനു മുകളിൽ കോഫി മഗ് വെച്ച് അതിനുമുകളിലും ഇരുന്ന് ചലഞ്ച് സ്വീകരിച്ച് ആരാധകരെ ഞെട്ടിച്ചുകളഞ്ഞു. ചുരുക്കിപ്പറഞ്ഞാൽ ഇതല്ല, ഇതിനപ്പുറത്തെ ബാലൻസിങ് വരെ സ്ത്രീകളെ കൊണ്ട് പറ്റുമെന്ന് അർത്ഥം.