ബെംഗളൂരു: കർണാടക ജാലഹള്ളി ക്രോസിലെ ഒരു ഫ്ലൈഓവർ പില്ലറിൻ്റെ മുകളിൽ യുവാവ് കിടന്നുറങ്ങുന്നതിൻ്റെ വീഡിയോ വൈറൽ. പില്ലറിൻ്റെ മുകളിലെ ഇടുങ്ങിയ ഭാഗത്താണ് യുവാവ് കിടന്നുറങ്ങിയത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ, ബെംഗളൂരു നഗരത്തിലെ നിരവധി ആളുകൾ ഇയാൾ ചുരുണ്ടുകൂടി കിടന്നുറങ്ങുന്നത് അത്ഭുതത്തോടെ നോക്കുന്നത് കാണാം. ഉടനെ അവിടെ വലിയൊരു ജനത്തിരക്ക് രൂപപ്പെടുന്നതും വീഡിയോയിൽ കാണാം. എന്നാൽ, ഇതൊന്നുമറിയാതെ ഏറെ നേരം ഇയാൾ അവിടെ തന്നെ കിടന്നുറങ്ങുകയായിരുന്നു.
"ജാലഹള്ളി ക്രോസിൽ ഞെട്ടിക്കുന്ന ഒരു സംഭവം റിപ്പോർട്ട് ചെയ്തു. അവിടെ ഒരു ഫ്ലൈഓവർ തൂണിന്റെ ഇടുങ്ങിയ ഭാഗത്ത് കിടന്നുറങ്ങുന്ന ഒരാളെ കണ്ടെത്തി. ആ കാഴ്ച കണ്ട് വലിയൊരു ജനക്കൂട്ടം അവിടെ തടിച്ചുകൂടി. എല്ലാവരുടെയും അത്ഭുതം ഇത്രയും ഇടുങ്ങിയതും അപകടകരവുമായ ഒരു സ്ഥലത്ത് അയാൾ എങ്ങനെ എത്തിയെന്നതായിരുന്നു," ഈ ക്യാപ്ഷനോടെയാണ് വീഡിയോ എക്സിൽ പങ്കുവച്ചത്.
സമൂഹമാധ്യമങ്ങളിൽ വൈറലായ വീഡിയോ ഇതിനകം തന്നെ നിരവധി പേരാണ് കണ്ടത്. നിരവധിപേർ ഞെട്ടലും ആശങ്കയും പ്രകടിപ്പിക്കുകയും നടപടിയെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ചിലർ നഗരത്തിൽ ഭവനരഹിതരുടെ പ്രശ്‌നങ്ങളെയും മതിയായ പാർപ്പിടങ്ങളുടെ അഭാവത്തെയും കുറിച്ചുള്ള ആശങ്ക പങ്കുവച്ചു.
മറ്റു ചിലർ തൂണിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും തൊഴിലാളികൾ ജോലിക്കിടയിൽ വിശ്രമിക്കുകയാണെന്നും കമൻ്റ് ചെയ്തു. സ്ഥിതിഗതികൾ അറിഞ്ഞ ബെംഗളൂരു ട്രാഫിക് പൊലീസ് പീനിയ സ്റ്റേഷനിൽ ഇത് സംബന്ധിച്ച് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.