ജോലി എന്നത് നിരവധിപ്പേർക്ക് സ്വപ്നം മാത്രമല്ല, അത്യാവശ്യം കൂടിയാണ്. ഉപജീവനം എന്ന വലിയ ലക്ഷ്യത്തോടെ ജോലിക്കെത്തുന്നവരുടെ സ്വപ്നം ജീവിത സാഹചര്യങ്ങളെ മെച്ചപ്പെടുത്താനുള്ള വരുമാനം ലഭിക്കുക എന്നതാണ്. വലിയ ശമ്പളം ലഭിക്കുന്ന ജോലികൾക്ക് ഓഫർ വന്നാൽ മിക്കവരും രണ്ടാമതൊന്ന് ആലോചിക്കാതെ ചാടി വീഴുകയും ചെയ്യും.ഇപ്പോഴിതാ വലിയതുക ഓഫർ ചെയ്തിട്ടും ജോലി നിരസിച്ചതുമായി ബന്ധപ്പെട്ട് ടെക്കിയായ യുവാവിന്റെ പോസ്റ്റാണ് വൈറലാകുന്നത്.
റെഡിറ്റിൽ വന്ന പോസ്റ്റിലാണ് ഈ സംഭവം വിവരിക്കുന്നത്. വലിയ ശമ്പളം ഓഫർ ചെയ്ത് തനിക്ക് രണ്ട് ജോലി അവസരം ലഭിച്ചുവെന്നും. എന്നാൽ അത് രണ്ടു നിരസിച്ചുവെന്നാണ് യുവാവ് പറയുന്നത്. ഒന്ന് 38LPA യ്ക്ക് ഇന്ത്യയിലെ ബഹുരാഷ്ട്ര കമ്പനില്‍ നിന്നും മറ്റൊന്ന് 45LPA യ്ക്ക് ഇന്ത്യയിലെ ഒരു മികച്ച ഒടിടി പ്ലാറ്റ്‌ഫോമില്‍ നിന്നുമാണ്. പക്ഷെ ജോലിക്കായി ബെംഗളൂരുവിലേക്ക് മാറുക, പിന്നെ വലിയ ജോലി സമ്മർദം ഇതെല്ലാം ആലോചിച്ചാണ് ജോലിക്കുള്ള ഓഫർ നിരസിച്ചതെന്നും യുവാവ് കുറിച്ചു.
പക്ഷെ തന്റെ തീരുമാനത്തിൽ കുറ്റബോധം തോന്നുന്നതായും അയാൾ പറയുന്നുണ്ട്. പണം വേണോ അതോ സ്ഥിരത വേണോ എന്ന ചോദ്യവുമായാണ് പോസ്റ്റ്. തന്റെ നിലവിലെ ശമ്പളവും, ജോലിയിലെ പ്രവർത്തി പരിചയവുമെല്ലാം യുവാവ് വിവരിക്കുന്നുണ്ട്. നിരവധിപ്പേരാണ് പോസ്റ്റിൽ പ്രതികരിച്ചത്. മണ്ടത്തരമായെന്ന് ചിലർ പറഞ്ഞപ്പോൾ വലിയൊരു വിഭാഗം ആളുകൾ യുവാവിനെ ആശ്വസിപ്പിച്ചെത്തി.
മികച്ച തീരുമാനമാണ് എടുത്തെന്നും, ജോലി സംസ്‌കാരവും സമ്മര്‍ദ്ദവും ജീവിത നിലവാരത്തില്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും അതിൽ വിട്ടുവീഴ്ച വേണ്ടയെന്നും ചിലർ കുറിച്ചു. സാമ്പത്തിക ഭദ്രതയ്ക്ക് ഒപ്പം തന്നെ ജീവിത നിലവാരവും മാനസിക ആരോഗ്യവും ശ്രദ്ധിക്കണമെന്നും കമന്റുകളുണ്ട്.